കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തേക്കാള്‍ മാറ്റ് കൂടുതൽ വെള്ളിക്കാണ്. വെള്ളി വിലയിൽ സമീപകാലത്തൊന്നുമില്ലാത്ത മാറ്റങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. വെള്ളി നിക്ഷേപത്തിലും ഈ വർഷം കാര്യമായ മുന്നേറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വലിയ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഈ നിക്ഷേപം കൂടി വരുന്നത്.
ഔൺസിന് 36 ഡോളറിന് മുകളിലേക്ക് ഉയർന്ന വെള്ളിയുടെ വിലയിൽ ശക്തമായ മുന്നേറ്റ പ്രവണതയാണിപ്പോൾ ഉള്ളത്. 13 വർഷത്തിന് ശേഷം ആദ്യമായാണ് വെള്ളി ഔൺസിന് 36 ഡോളറിന് മുകളിലേക്ക് വില ഉയരുന്നത്. സിൽവർ ഇടിഎഫ് നിക്ഷേപങ്ങൾക്ക് പ്രിയമേറുന്നതും വ്യാവസായിക ആവശ്യത്തിനുള്ള വെള്ളിക്ക് ഡിമാൻഡ് കൂടുന്നതാണ് നിലവിൽ വെള്ളി വിലയുയരുന്നതിന്റെ പ്രധാന കാരണം.
ഒരു ഗ്രാം വെള്ളിക്ക് 121 രൂപ നിരക്കിലാണ് കഴിഞ്ഞദിവസം കേരളത്തിൽ വ്യാപരം നടത്തിയത്. എന്നാൽ മെയ് 18ാം തിയതി ഒരു ഗ്രാമിന് 97 രൂപയിലായിരുന്നു വ്യാപരം. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 93 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില. വെള്ളി വില ഇനിയും പുതിയ ഉയരത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധർ പറയുന്നത്. എം സി എക്സിൽ ഒരു കിലോഗ്രാം വെള്ളിയുടെ വില 1,09,600 രൂപയാണ്. വെള്ളി തുടർന്നും 37 ഡോളറിന് മുകളിൽ സ്ഥിരതയാർജിക്കുകയാണെങ്കിൽ ഈ വർഷം അവസാനത്തോടെ 50 ഡോളറിലേക്ക് വില ഉയരാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
എന്നാൽ കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ഇന്ന് വിലയില്‍ നേരിയ ഇടിവുണ്ട്. ഇന്ന് വെള്ളിയുടെ ഔണ്‍സ് വില 36.70 ഡോളറാണ്. എന്നാൽ കേരളത്തിൽ ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് വ്യാപാരം തുടരുന്നത്. ഒരു ഗ്രാം വെള്ളിയ്ക്ക് 118 രൂപയാണ് ഇന്നത്തെ നിരക്ക്.
അതേസമയം, സംസ്ഥാനത്ത് ഇന്നും സ്വർണ വില ഉയർന്നു. ഗ്രാമിന് 15 രൂപയും, പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 9265 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 74120 രൂപയിലുമാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ജൂൺ 14നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 74,560 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. മുംബൈ വിപണിയിലെ സ്വര്‍ണ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണ വില കണക്കാക്കാറുള്ളത്.