പ്രതീകാത്മക ചിത്രം  Source; Freepik
BUSINESS

കൃത്യമായ പ്ലാനിംഗ്, അൽപം ശ്രദ്ധയും; മ്യൂച്വൽ ഫണ്ട് ലാഭകരമാക്കാം !

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും റിസ്‌ക് എടുക്കാനുള്ള ശേഷിയ്ക്കും അനുസൃതമായുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീം ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ദീര്‍ഘകാലയളവിലേയ്ക്ക് ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാകും ലാഭകരം

Author : ന്യൂസ് ഡെസ്ക്

മുൻകാലങ്ങളെ അപേക്ഷിച്ച് നിരവധി നിക്ഷേപ സാധ്യതകൾ ഇന്നുണ്ട്. ഭൂമി, സ്വർണം, കെട്ടിടങ്ങൾ, ബാങ്ക് ഡെപ്പോസിറ്റുകൾ പോലുള്ള ആസ്തികളിൽ നിന്ന് മാറി, ലാഭകരമായ നിരവധി സംവിധാനങ്ങൾ ആളുകൾ ഉപയോഗിക്കുന്നു. ഓഹരി വിപണിയിലെ സ്ഥിരം ഇടപെടലുകളിൽ നിന്ന് മാറി മ്യൂച്വൽ ഫണ്ടുകളിലേക്ക് കൂടുതൽ ആളുകൾ മാറുന്ന പ്രവണത സമീപകാലത്തായി കണ്ടുവരുന്നു.

നിരവധി നിക്ഷേപകരിൽ നിന്ന് ചെറിയ തുകകൾ ശേഖരിച്ച് ഓഹരികൾ, ബോണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിക്ഷേപിച്ച് ലാഭം നേടുന്ന ഒരു നിക്ഷേപ സംവിധാനമാണ് മ്യൂച്വൽ ഫണ്ട്. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്ന സ്ഥിരം രീതി മാറ്റി വിവിധ മേഖലകളിലെ കമ്പനികളിൽ നിക്ഷേപം നടത്തുന്ന ഒരു 'പോർട്ട്‌ഫോളിയോ' മാനേജർ വഴിയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത്.

വൈവിധ്യവൽക്കരണവും വിപണിയിലെ നഷ്ടം കുറയ്ക്കാനുള്ള സാധ്യതയുമാണ് ഇന്ന് കൂടുതൽ ആളുകളെ മ്യൂച്വൽ ഫണ്ടിലേക്ക് ആകർഷിക്കുന്നത്. ഏതൊരു സാമ്പത്തിക ഇടപാടിലും സംഭവിക്കാവുന്ന റിസ്കുകൾ മ്യൂച്വൽ ഫണ്ടിലും ഉണ്ട്. പക്ഷെ ദീർഘകാലാടിസ്ഥാനത്തിൽ കൃത്യമായ പ്ലാനിംഗോടെ നിക്ഷേപിച്ചാൽ വളരെ ലാഭകരവുമാണ്.

മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളാണ്;

നിക്ഷേപലക്ഷ്യവും, രീതികളും

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും റിസ്‌ക് എടുക്കാനുള്ള ശേഷിയ്ക്കും അനുസൃതമായുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീം ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ദീര്‍ഘകാലയളവിലേയ്ക്ക് ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാകും ലാഭകരം. ഹ്രസ്വകാലയളവിലേക്കാണ് നിക്ഷേപം എങ്കില്‍ ഡെറ്റ്/ ഹൈബ്രിഡ് രീതിയിലുള്ള മ്യൂച്ചല്‍ ഫണ്ട് പദ്ധതികൾ തെരഞ്ഞെടുക്കാം. അതുപോലെ തന്നെ പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ മുഖേന നിക്ഷേപങ്ങള്‍ നിയന്ത്രിക്കുകയും പരിപാലിക്കുകയും വിപണിയില്‍ നിന്നും പരമാവധി നേട്ടത്തിന് ശ്രമിക്കുകയും ചെയ്യുന്ന ആക്ടീവ് ഫണ്ടുകളോ, വിപണിയുമായി ബന്ധപ്പെട്ട സൂചികകളെ (ഇന്‍ഡക്‌സ്) പിന്തുടരുന്ന പാസീവ് ഫണ്ടുകളോ തെരഞ്ഞെടുക്കാം. വിപണിയിലെ കണക്കുകൾ അനുസരിച്ച് ആക്ടീവ് ഫണ്ടുകൾ പലപ്പോഴും അത്ര ലാഭകരമാകാറില്ല.

എക്‌സ്‌പെന്‍സ് റേഷ്യോ

താരതമ്യേന കുറഞ്ഞ ചെലവ് അനുപാതമുള്ള മ്യൂച്ചല്‍ ഫണ്ടുകളെയാണ് പരിഗണിക്കേണ്ടത്. ഇതിലൂടെ ആദായത്തില്‍ നിന്നും കിഴിവുവരുന്ന ഫീസ് ഇനത്തിലുള്ള തുക കുറയ്ക്കാം.

വൈവിധ്യവൽക്കരണം

വിവിധ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം നടത്തുന്നതിനാൽ, ഒരു പ്രത്യേക കമ്പനിക്ക് നഷ്ടം സംഭവിച്ചാലും മൊത്തത്തിലുള്ള നിക്ഷേപത്തിന് വലിയ തിരിച്ചടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മൊത്തത്തിലുള്ള റിസ്‌ക് ലഘൂകരിക്കുന്നതിനായി, വിവിധ ആസ്തികളും സെക്ടറുകളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മറ്റ് മ്യൂച്ചല്‍ ഫണ്ടുകളിലും നിക്ഷേപം നടത്താം.

പ്രകടനം വിലയിരുത്തുക

കഴിഞ്ഞകാലത്തെ മികച്ച പ്രകടനം, ഭാവി കാലത്തെ പ്രകടനത്തിന് ഉറപ്പു നല്‍കുന്നില്ലെന്നത് വസ്തുതയാണെങ്കിലും മ്യൂച്ചല്‍ ഫണ്ടിനെ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രകടനത്തിലെ സ്ഥിരത മനസിലാക്കാന്‍ പൂര്‍വകാല ചരിത്രം പരിശോധിക്കുന്നത് സഹായിക്കും. ഒരു വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലെ മ്യൂച്ചല്‍ ഫണ്ടിന്റെ ചരിത്രം പരിശോധിക്കുന്നത്, പ്രകടനത്തിന്റെ സ്ഥിരതയെ കുറിച്ചുള്ള സൂചന നല്‍കും. സമാന ഫണ്ടുകളുടെ ശരാശരിയേക്കാളും അടിസ്ഥാനമാക്കിയ സൂചികയേക്കാള്‍ അധികം നിരക്കില്‍ സ്ഥിരതയാര്‍ന്ന ആദായം നല്‍കുന്ന സ്‌കീമുകളെ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.

SCROLL FOR NEXT