വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ Source: News Malayalam 24x7
BUSINESS

മലയാളിയുടെ അടുക്കള ബജറ്റിൻ്റെ താളം തെറ്റുന്നു; വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ

തീൻമേശയെ സമ്പന്നമാക്കുന്ന വെളിച്ചെണ്ണയുടെയും തേങ്ങയുടെയും പൊള്ളുന്ന വിലയിൽ പരിഹാരമില്ലെങ്കിൽ വരുന്ന ഓണക്കാലം മലയാളിക്ക് വറുതിയുണ്ടാക്കും.

Author : ന്യൂസ് ഡെസ്ക്

മലയാളിയുടെ അടുക്കള ബജറ്റിനെ താളം തെറ്റിച്ച് വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയിലും നാളികേരം കിലോയ്ക്ക് 80 രൂപയും എത്തി.

രണ്ടു മാസം മുമ്പ് സംസ്ഥാനത്ത് വെളിച്ചെണ്ണ വില 250 രൂപയായിരുന്നു. പൊടുന്നനെയാണ് വില കുതിച്ചുയർന്നത്. ഒരു കിലോ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയ്ക്ക് 390 രൂപ മുതൽ 400 രൂപ വരെ നൽകണം. വൻകിട കമ്പനികളാണ് ഇതിൽ അധികവും നേട്ടമുണ്ടാക്കുന്നത്. ഗുണമേന്മയുള്ള കൊപ്ര ലഭിക്കാത്തതാണ് പ്രധാന കാരണം.

മൈസൂർ, തമിഴ്നാട്, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് കൊപ്ര എത്തുന്നത്. എന്നാൽ പകുതി ലോഡ് മാത്രമാണ് ഇപ്പോൾ എത്തുന്നതെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.

തേങ്ങ കിലോയ്ക്ക് 80 മുതൽ 85 രൂപ എത്തി. നാടൻ തേങ്ങ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് വില വർധിക്കാൻ പ്രധാന കാരണം. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ഗുണമേന്മ കുറഞ്ഞ തേങ്ങയ്ക്ക് വിപണിയും കുറവെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും വില കുതിക്കുമ്പോഴും വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

വേനൽക്കാലം കർഷകരുടെ നടുവൊടിച്ചെന്ന് നാളികേര കർഷകർ പറയുന്നു. ശരാശരി 25ൽ കൂടുതൽ തേങ്ങ ലഭിച്ചിരുന്ന തെങ്ങിൽ നിന്ന് 10 തേങ്ങ പോലും ലഭിക്കുന്നില്ലെന്ന് പല കർഷകരും പറയുന്നു. തീൻമേശയെ സമ്പന്നമാക്കുന്ന വെളിച്ചെണ്ണയുടെയും തേങ്ങയുടെയും പൊള്ളുന്ന വിലയിൽ പരിഹാരമില്ലെങ്കിൽ വരുന്ന ഓണക്കാലം മലയാളിക്ക് വറുതിയുണ്ടാക്കും.

SCROLL FOR NEXT