PM Modi Questions Corporate India On Salaries And Hiring Despite Tax Cuts At FICCI AGM News Malayalam
BUSINESS

"തൊഴിലും കൂലിയും എവിടെ ?": വ്യവസായികള്‍ക്കെതിരെ പ്രധാനമന്ത്രി തുറന്നടിച്ചതിന്‍റെ കാരണം ഇതാണ്, 'ഡിമാന്‍റ്' എന്ന പ്രതിരോധം തീര്‍ത്ത് വ്യവസായികള്‍

കമ്പനികൾ ശമ്പളമോ ജീവനക്കാരുടെ എണ്ണമോ വർദ്ധിപ്പിച്ചോ എന്ന് ചോദിച്ച പ്രധാനമന്ത്രി, എല്ലാ കാര്യങ്ങളും "മോദിജി, നിങ്ങൾ ചെയ്യൂ, ഞങ്ങൾ നോക്കാം" എന്ന മനോഭാവമാണ് വ്യവസായ ലോകം പുലർത്തുന്നതെന്നും വിമർശിച്ചു.

Author : വിപിന്‍ വി.കെ

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നവംബർ 19-ന് നടന്ന ഫിക്കിയുടെ ശതാബ്ദി സമ്മേളനത്തിലും വാർഷിക പൊതുയോഗത്തിലും രാജ്യത്തെ പ്രമുഖ വ്യവസായ പ്രമുഖരോട് കടുത്ത ചോദ്യങ്ങളുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ വൻതോതിൽ നികുതി ഇളവുകൾ നൽകിയിട്ടും കമ്പനികൾ എന്തുകൊണ്ട് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുകയോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി പരസ്യമായി ചോദിച്ചു. 2014 ൽ 30 ശതമാനമായിരുന്ന അടിസ്ഥാന കോർപ്പറേറ്റ് നികുതി 22 ശതമാനത്തിലേക്ക് കുറച്ചതും. പുതിയ ആഭ്യന്തര നിർമ്മാണ കമ്പനികൾക്ക് 15 ശതമാനം നികുതി നിരക്ക് ഏർപ്പെടുത്തിയതും, സാധാരണക്കാരുടെ വാങ്ങൽ ശേഷി കൂട്ടാനായി വാർഷിക വരുമാനത്തിൽ 12 ലക്ഷം രൂപ വരെ ആദായനികുതി ഒഴിവാക്കിയതും, ജിഎസ്ടി നിരക്കുകൾ കുറച്ചതും, നികുതി റീഫണ്ടുകൾ വേഗത്തിലാക്കിയതും പ്രസംഗത്തിൽ അദ്ദേഹം എണ്ണിപ്പറഞ്ഞു. എന്നിട്ടും സദസ്സിൽ നിന്ന് തണുപ്പൻ പ്രതികരണം കണ്ടതോടെ "നിങ്ങൾ കയ്യടിക്കില്ലെന്ന് എനിക്കറിയാം, കാരണം എത്ര തന്നാലും നിങ്ങളുടെ വിശപ്പ് മാറില്ല" എന്ന് മോദി തുറന്നടിച്ചതായി വലിയ വാര്‍ത്തയായിരിക്കുകയാണ്.

കമ്പനികൾ ശമ്പളമോ ജീവനക്കാരുടെ എണ്ണമോ വർദ്ധിപ്പിച്ചോ എന്ന് ചോദിച്ച പ്രധാനമന്ത്രി, എല്ലാ കാര്യങ്ങളും "മോദിജി, നിങ്ങൾ ചെയ്യൂ, ഞങ്ങൾ നോക്കാം" എന്ന മനോഭാവമാണ് വ്യവസായ ലോകം പുലർത്തുന്നതെന്നും വിമർശിച്ചു. ഇന്ത്യയിലെ 140 കോടി ജനങ്ങളെ വെറുമൊരു ഉറപ്പായ വിപണിയായി കാണുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് 'എക്സ്പോർട്ട് ക്വാളിറ്റി' എന്ന പേരിൽ അയക്കുന്ന ചിന്താഗതി മാറ്റി ആഭ്യന്തര വിപണിയിലും ഉയർന്ന ഗുണനിലവാരം ഉറപ്പാക്കണം.

വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ വലിയ അവസരങ്ങൾ തുറന്നിട്ടും അത് പ്രയോജനപ്പെടുത്താൻ വ്യവസായ മേഖല വേണ്ടത്ര തയ്യാറെടുപ്പ് നടത്തുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി. 1930-ൽ മഹാത്മാഗാന്ധി ഫിക്കിയിൽ വന്ന് സ്വദേശി പ്രസ്ഥാനത്തെക്കുറിച്ചും സ്വാശ്രയത്വത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ തന്നെ 100 വർഷങ്ങൾക്ക് ശേഷവും തനിക്ക് ആവർത്തിക്കേണ്ടി വരുന്നത് വിജയമാണോ പരാജയമാണോ എന്ന് വ്യവസായികൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയെ 'ഫ്രജൈൽ ഫൈവ്' സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയതും പ്രതിശീർഷ വരുമാനത്തിലെ വർദ്ധനവും ലോകബാങ്കിന്റെ ദാരിദ്ര്യനിർമ്മാർജ്ജന വിലയിരുത്തലുകളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കർഷകരെയും ചെറുകിട സംരംഭകരെയും വ്യവസായികളെയും നികുതിദായകരെയും ബഹുമാനിച്ചുകൊണ്ടേ രാജ്യത്തിന് മുന്നേറാനാകൂ എന്നും, തന്റേത് വ്യവസായികളെ കേൾക്കുന്ന ഒരു സൗഹൃദ സർക്കാരാണെന്നും ഇനിയും വേണ്ട പരിഷ്കാരങ്ങൾ നിർദ്ദേശിക്കാമെന്നും മോദി ഉറപ്പുനൽകി.

പ്രധാനമന്ത്രിയുടെ ഈ പ്രസംഗം വലിയ രാഷ്ട്രീയ-സാമ്പത്തിക ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. നികുതി ഇളവുകളുടെ പ്രയോജനം സാധാരണ ജീവനക്കാരിലേക്ക് എത്തിക്കാത്ത കോർപ്പറേറ്റുകളെ പ്രധാനമന്ത്രി ഉത്തരവാദികളാക്കുകയാണെന്ന് സർക്കാർ അനുകൂലികൾ വാദിക്കുമ്പോൾ, കോൺഗ്രസ് ഇതിനെ രൂക്ഷമായി വിമർശിച്ചു. 12 വർഷത്തിനിടെ ആദ്യമായി അസ്വസ്ഥനായ പ്രധാനമന്ത്രി വ്യവസായ പ്രമുഖരെ വിമർശിച്ചിരിക്കുകയാണെന്നും, ശമ്പളം കൂടുന്നില്ലെന്നും, നികുതി കുറച്ചിട്ടും സ്വകാര്യ നിക്ഷേപം ഉയരുന്നില്ലെന്നും, തൊഴിലവസരങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ വളരുന്നില്ലെന്നുമുള്ള കോൺഗ്രസിന്റെ ദീർഘകാല ആരോപണങ്ങൾ മോദി തന്നെ ആവർത്തിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിൽ കുറിച്ചു.

അടുത്ത വർഷം ഫെബ്രുവരി 1-ന് വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ തന്ത്രപരമായ നീക്കമായും ഈ പ്രസംഗത്തെ സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. ക്യാപിറ്റൽ ഗെയിൻസ് ടാക്സും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സും കുറയ്ക്കണമെന്ന വ്യവസായ ലോകത്തിന്റെ ആവശ്യങ്ങൾക്കിടെ, സർക്കാർ നൽകാവുന്ന ഇളവുകളെല്ലാം നൽകിക്കഴിഞ്ഞെന്നും ഇനി വളർച്ചയിലും തൊഴിലിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് വേണ്ടതെന്നുമുള്ള വ്യക്തമായ സന്ദേശമാണ് മോദി നൽകിയതെന്നാണ് വിലയിരുത്തൽ. മറുവശത്ത്, ശമ്പള വർദ്ധനവ് 2-3 ശതമാനത്തിൽ ഒതുങ്ങുമ്പോഴും സാധാരണക്കാരുടെ വാങ്ങൽ ശേഷിയും വിപണിയിലെ ഡിമാൻഡും ചെറുകിട വ്യവസായ മേഖലയും ശക്തിപ്പെടാതെയും ഉൽപ്പന്നങ്ങൾ വിറ്റഴിയുമെന്ന ഉറപ്പില്ലാതെ വൻകിട കമ്പനികൾക്ക് പുതിയ നിക്ഷേപങ്ങൾ നടത്താൻ പ്രയാസമാണെന്ന വാദവും സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ ശക്തമാണ്.

ചുരുക്കത്തിൽ, നികുതി ഇളവുകളിലൂടെ സർക്കാർ ഒരുക്കിനൽകിയ സൗകര്യങ്ങൾ കോർപ്പറേറ്റുകൾ ശമ്പളവർദ്ധനവായും തൊഴിലുകളായും ജനങ്ങളിലേക്ക് എത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യവും വിപണിയിലെ ഡിമാൻഡും ചെറുകിട വ്യവസായങ്ങളുടെ കരുത്തും വളരാതെ സ്വകാര്യ നിക്ഷേപം കൂടില്ലെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണവും ഇപ്പോൾ ഇന്ത്യൻ സാമ്പത്തിക രംഗത്തെ വലിയൊരു സംവാദമായി മാറിയിരിക്കുകയാണ്. ഫെബ്രുവരിയിലെ ബജറ്റിൽ ഇതിന് എന്ത് മറുപടിയാണ് ഉണ്ടാകുക എന്ന് കാത്തിരുന്നു കാണാം.

SCROLL FOR NEXT