Symbolic image of Divorce  Source: freepik
BUSINESS

വിവാഹമോചനം ഓക്കെ, പക്ഷെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാതെ നോക്കണേ!

വിവാഹമോചനം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നുവെന്ന് കേട്ടാൽ ആരും അത് കാര്യമാക്കാറില്ല. പക്ഷെ സംഗതി ഗൗരവമുള്ളതാണ്.

Author : ന്യൂസ് ഡെസ്ക്

പരസ്പരം ഒത്തു പോകാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാകും നല്ലത് അല്ലേ? . ഇന്ന് നിരവധിപ്പേർ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം എടുക്കാറുണ്ട്. ചിലതൊക്കെ കേസിലും വഴക്കിലും അവസാനിക്കുമ്പോൾ മറ്റു ചിലത് പരസ്പര ധാരണയോടെയാകും ഒത്തു തീർപ്പാകുക. ബന്ധങ്ങൾ ഇല്ലാതാകുമ്പോൾ വൈകാരികമായി അതിനോട് പൊരുത്തപ്പെടാൻ ആളുകൾ സമയം എടുക്കുന്നതും സ്വാഭാവികമാണ്. എന്നാൽ അതുമാത്രമല്ല മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയും വന്നേക്കാം എന്നുകൂടി ആലോചിക്കേണ്ടതുണ്ട്.

ഒരുമിച്ചു ജീവിക്കുമ്പോൾ പങ്കാളികൾ തമ്മിലുണ്ടാകുന്ന സാമ്പത്തിക ഇടപാടുകൾ അവർ പിരിയുന്നതോടെ ഇല്ലതാകുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന മറ്റൊരു പ്രതിസന്ധിയാണ് ക്രെഡിറ്റ് സ്കോറിലെ വ്യതിയാനങ്ങൾ. വിവാഹമോചനം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നുവെന്ന് കേട്ടാൽ ആരും അത് കാര്യമാക്കാറില്ല. പക്ഷെ സംഗതി ഗൗരവമുള്ളതാണ്.

വിവാഹബന്ധം വേർപിരിയുമ്പോൾ അത് സാമ്പത്തിക ഇടപാടുകളെ എങ്ങനെ ബാധിക്കുന്നുവെന്നത് അവഗണിക്കേണ്ട വിഷയമല്ല. കൃത്യമായി നിയമപരമായ വേര്‍പിരിയല്‍ നടപടികള്‍ ഇല്ലാത്ത പക്ഷം, പങ്കാളികൾ ഒരുമിച്ച് നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകളെക്കൂടി അത് ബാധിക്കുന്നതാണ്. അത്തരം കാര്യങ്ങളിൽ വരുന്ന വീഴ്ചകളാണ് ക്രെഡിറ്റ് സ്കോറിന് തിരിച്ചടിയാകുന്നത്.

കടങ്ങള്‍, ഇഎംഐകള്‍, മറ്റ് സാമ്പത്തിക ബാധ്യതകള്‍ എന്നിവ നിലനില്‍ക്കുകയും, അവ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ തിരിച്ചടവ് മുടങ്ങുകയും, കടം-വരുമാനം അനുപാതം വര്‍ധിക്കുകയും, ഒടുവില്‍ ഇരുവരുടേയും ക്രെഡിറ്റ് സ്‌കോര്‍ കുറയുകയും ചെയ്യും. വിവാഹ മോചന ശേഷം പങ്കാളിക്ക് നൽകുന്ന ജീവനാംശം പോലുള്ള കാര്യങ്ങൾ കൃത്യമായി നൽകുന്നത് ക്രെഡിറ്റ് സ്‌കോറിനെ മികച്ചതാക്കാൻ സഹായിക്കും.

പങ്കാളികൾ ഒരുമിച്ച് ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ബന്ധം പിരിഞ്ഞ ശേഷം പരസ്പര ധാരണയോടെ മാറ്റി ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടാം. പരിധിയിൽ കവിഞ്ഞ ഉപയോഗം, തിരിച്ചടവ് മുടങ്ങൽ എന്നിവ കാര്‍ഡ് ഉടമയുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

ഹോം ലോൺ ഉൾപ്പെടെയുള്ള ജോയിന്റ് ലോണുകള്‍ മറ്റൊരു തലവേദനയാണ്. വിവാഹമോചനം എന്നത് ബാങ്കുകള്‍ക്കോ എന്‍ബിഎഫ്‌സികള്‍ക്കോ ഒരു ജോയിന്റ് ലോണ്‍ റദ്ദാക്കാനുള്ള നിയമപരമായ കാരണമല്ല. അതുകൊണ്ടുതന്നെ അത്തരം ഇടപാടുകളിലും പങ്കാളികൾ അനുയോജ്യമായ തീരുമാനം എടുക്കേണ്ടതുണ്ട്.

ഉത്തരവാദിത്തങ്ങളും സ്റ്റാറ്റസും മാറ്റുന്നതിനെക്കുറിച്ച് ബാങ്കുകളുമായി സംസാരിക്കുക. വ്യക്തമായ ധാരണയുണ്ടാക്കുക. പുനഃക്രമീകരിക്കാൻ കഴിയാത്ത ഇടപാടുകളിൽ ഇഎംഐകള്‍ക്കായി ഓട്ടോ-പേ അല്ലെങ്കില്‍ അലേര്‍ട്ടുകള്‍ തയ്യാറാക്കി തിരിച്ചടവ് ഉറപ്പാക്കുക. കൃത്യമായ ഇടവേളകളിൽ ക്രെഡിറ്റ് റിപ്പോര്‍ട്ട് വാങ്ങി പരിശോധിക്കുക. പരസ്പരം പിരിയുന്നത് മറ്റു ബാധ്യതകളിലേക്ക് നയിക്കുന്നത് തടയുക.

SCROLL FOR NEXT