ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസ് ഉടന്‍ പുനരാംഭിക്കുമെന്ന അറിയിപ്പ് വന്നതിനു പിന്നാലെ ചൈനയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ. ഒക്ടോബര്‍ 26 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്.
ഒക്ടോബര്‍ അവസാനത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇന്‍ഡിഗോ ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്‍ക്കത്ത - ഗ്വാങ്ഷോ ദിവസേനയുള്ള സര്‍വീസാണ് ആരംഭിക്കുക. ഡല്‍ഹിയില്‍ നിന്നും ഗ്വാങ്ഷോയിലേക്കുള്ള സര്‍വീസും ഇന്‍ഡിഗോ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എയര്‍ബസ് എ320 നിയോ ആയിരിക്കും സര്‍വീസ് നടത്തുക. കോവിഡിനു പിന്നാലെ നിര്‍ത്തിവെച്ച സര്‍വീസാണ് പുനരാരംഭിക്കുന്നത്. ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് അറിയിപ്പ് വന്നതിനു പിന്നാലെ സര്‍വീസ് പ്രഖ്യാപിച്ച ആദ്യ എയര്‍ലൈന്‍സാണ് ഇന്‍ഡിഗോ.
ഒക്ടോബര്‍ 3 മുതല്‍ കൊല്‍ക്കത്ത-ഗ്വാങ്ഷോ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഇന്‍ഡിഗോ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യാം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ-ചൈന ഡയറക്ട് വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നത്. കോവിഡിനു പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതിനു പിന്നാലെ 2020 ല്‍ ഗാല്‍വാന്‍ താഴ് വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധവും കൂടുതല്‍ വഷളായി.