മുംബൈ:2025- 2026 സാമ്പത്തിക വർഷത്തിൽ ടാറ്റാ സൺസ് കമ്പനിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ടാറ്റാ സൺസിൻ്റെ ലാഭം 21.28 ശതമാനം വർധിച്ച് 31,961 കോടി രൂപയായി. എന്നാൽ വ്യോമയാന മേഖലയിലെ എയർ ഇന്ത്യക്ക് 22,238 കോടി രൂപയുടെ വൻ നഷ്ടമാണുണ്ടായത്.
ടാറ്റാ സൺസിൻ്റെ ലാഭത്തോടെ 4,060 ഓഹരിയുള്ള ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റാക്ക് 45 കോടിയുടെ ലാഭ വിഹിതം ലഭിക്കും. വാർഷിക റിപ്പോർട്ട് പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരന് 158.6 കോടി രൂപ പ്രതിഫലം ലഭിച്ചു.
അതേസമയം എയർ ഇന്ത്യയുടെ വരുമാനം 71,870 കോടിയായി കുറഞ്ഞതായാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ഇന്ധനവിലയിലുണ്ടായ വർധനവും വ്യോമപാതകളിലെ തടസങ്ങളുമാണ് വ്യോമയാന മേഖലയിൽ നഷ്ടം നേരിടാൻ കാരണം. ഈ വർഷം ടാറ്റാ ഡിജിറ്റലിന് നഷ്ടം നാല് കോടിയിലേറെയാണ്. എയർ ഇന്ത്യയെ ആഗോളതലത്തിൽ മത്സരാധിഷ്‌ഠിതമായ ഫുൾ സർവീസ് കാരിയറാക്കി മാറ്റാനുമായി ടാറ്റാ ഗ്രൂപ്പ് നിക്ഷേപം തുടരുകയാണ്. ടാറ്റാ ഗ്രൂപ്പിൻ്റെ ടാറ്റാ ഇലക്‌ട്രോണിക്‌സ് 1.31 കോടി വിറ്റുവരവോടെ നാലാമത്തെ വലിയ കമ്പനിയായി ഉയർന്നു.