കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കളെ ഞെട്ടിച്ചു കൊണ്ടുള്ള ഐസിഐസിഐ ബാങ്കിന്റെ അറിയിപ്പ് വരുന്നത്. സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്തിയായിരുന്നു ഉപയോക്താക്കള്‍ക്ക് ബാങ്ക് ഇരുട്ടടി നല്‍കിയത്.
മെട്രോ അര്‍ബന്‍ പ്രദേശങ്ങളില്‍ സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് 50,000 രൂപയാണ് പുതിയ പരിധി. നേരത്തേ ഇത് 10,000 രൂപയായിരുന്നു. അര്‍ധ നഗര പ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് 5,000 രൂപയില്‍ നിന്ന് 25,000 രൂപയായും ഉയര്‍ത്തി. ഗ്രാമപ്രദേശങ്ങളില്‍ 10,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കിയും പരിധി ഉയര്‍ത്തിയിട്ടുണ്ട്.
പുതിയ പരിധി ആര്‍ക്കൊക്കെ ബാധകം?
2025 ഓഗസ്റ്റ് 1 നോ അതിനു ശേഷമോ ഐസിഐസിഐ ബാങ്കില്‍ സേവിങ്‌സ് അക്കൗണ്ട് എടുത്തവര്‍ക്കാണ് പുതിയ പരിധികള്‍ ബാധകമാകുക. നിലവിലെ ഉപയോക്താക്കള്‍ക്ക് പഴയ പരിധി തുടരും.
പിഴ എങ്ങനെ?
പ്രതിമാസ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ കുറവുള്ള തുകയുടെ ആറ് ശതമാനം, അല്ലെങ്കില്‍ 500 രൂപ ഇതില്‍ ഏതാണ് കുറവെന്ന് നോക്കി ആ തുക പിഴയായി നല്‍കേണ്ടി വരും.
വ്യാപക വിമര്‍ശനം
ബാങ്കിന്റെ പുതിയ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍മീഡിയയിലും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നടുവൊടിഞ്ഞിരിക്കുന്ന മധ്യവര്‍ഗത്തെ കൂടുതല്‍ ബുദ്ധിമുട്ടിപ്പിക്കുന്ന നടപടിയായിപ്പോയെന്നാണ് പ്രധാന വിമര്‍ശനം.
പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്നവര്‍ക്കു പോലും ഇഎംഐയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുമൊക്കയായി വലിയൊരു തുക മാസം ചെലവാകുന്നുണ്ട്. അവര്‍ക്ക് പോലും 50,000 രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയാത്ത സാമ്പത്തികാവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് സോഷ്യല്‍മീഡിയ പറയുന്നു.
ഐസിഐസിഐ ബാങ്ക് സേവിങ്‌സ് അക്കൗണ്ടിനെ ആഡംബരമാക്കി മാറ്റിയെന്നാണ് മറ്റൊരു പരിഹാസം.
ഇന്ത്യയിലെ സമ്പന്നര്‍ ഒഴികെയുള്ള ബഹുഭൂരിപക്ഷം പേര്‍ക്കും മാസം 27000 രൂപ പോലും സമ്പാദിക്കാന്‍ കഴിയുന്നില്ല. അങ്ങനെയുള്ളപ്പോഴാണോ 50,000 രൂപ മിനിമം ബാലന്‍സ് എന്ന ഉപാധി വെക്കുന്നതെന്നും നിരവധി പേര്‍ ചോദിക്കുന്നു.
അഞ്ചിരട്ടി വര്‍ധനവ്
പുതുക്കിയ ഘടന പ്രകാരം അഞ്ചിരട്ടി വര്‍ധനയാണ് ഐസിഐസിഐ ഒറ്റയടിക്ക് കൊണ്ടുവന്നിരിക്കുന്നത്. പുതിയ വര്‍ധനയോടെ ഇന്ത്യന്‍ ബാങ്കുകളില്‍ എറ്റവും കൂടുതല്‍ മിനിമം ബാലന്‍സ് പരിധി ഐസിഐസിഐ ബാങ്കിനാണ്.