കൊച്ചി: മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്. മെട്രോ, നഗര പ്രദേശങ്ങളിൽ മിനിമം ബാലൻസ് 50,000 രൂപയും അർധ നഗരപ്രദേശങ്ങളിൽ 25,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 10,000 രൂപയുമാണ് നിലനിർത്തേണ്ട മിനിമം ബാലൻസ്. ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിങ്സ് അക്കൗണ്ടുകൾ എടുത്ത ഉപയോക്താക്കൾക്കാണ്.
ആദ്യം മെട്രോ, നഗര പ്രദേശങ്ങളിലെ സേവിങ്സ് അക്കൗണ്ട് ഉടമകളുടെ മിനിമം ബാലൻസ് 10,000 രൂപയായിരുന്നു. സെമി അർബൻ ബ്രാഞ്ച് ഉപഭോക്താക്കളുടേത് 5,000 രൂപയും ഗ്രാമീണ ശാഖകൾക്ക് 2,500 രൂപയുമായിരുന്നു മിനിമം അക്കൗണ്ട് ബാലൻസ്. അഞ്ചിരട്ടി വർധനയാണ് പുതുക്കിയ ഘടന പ്രകാരം നിലവിൽ വന്നിരിക്കുന്നത്. പുതിയ വർധനയോടെ ഇന്ത്യൻ ബാങ്കുകളിൽ എറ്റവും കൂടുതൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ഐസിഐസിഐ ബാങ്കിനാണ്.
ഓഗസ്റ്റ് ഒന്നു മുതൽ പുതുക്കിയ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് പുതുക്കിയ ഫീസ് ഷെഡ്യൂൾ അനുസരിച്ച് പിഴ ചുമത്തും. ചാർജുകൾ ഒഴിവാക്കാൻ അക്കൗണ്ട് ഉടമകൾ അവരുടെ ബാലൻസ് പരിശോധിച്ച് മിനിമം ബാലൻസ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബാങ്ക് നിർദേശിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 ൽ മിനിമം ബാലൻസ് നിയമം പൂർണമായും ഒഴിവാക്കിയിരുന്നു. മറ്റ് മിക്ക ബാങ്കുകളും പ്രവർത്തന ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി 2,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായി മിനിമം ബാലൻസ് പരിമിതപ്പെടുത്തിയിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന് മെട്രോ, നഗര ശാഖകളിൽ 10,000 രൂപയും, സെമി-അർബൻ ശാഖകളിൽ 5,000 രൂപയും, ഗ്രാമീണ ശാഖകളിൽ 2,500 രൂപയുമാണ് മിനിമം ബാലൻസ്.