പ്രതീകാത്മക ചിത്രം Source: pexels
BUSINESS

2038ഓടെ യുഎസിനെ മറികടക്കും; ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്

നിലവിൽ, ഏകദേശം 4.19 ട്രില്യൺ ഡോളറുമായി, നോമിനൽ ജിഡിപി പ്രകാരം ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.

Author : ന്യൂസ് ഡെസ്ക്

13 വർഷങ്ങൾ കൊണ്ട് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. ഇവൈ എക്കോണമി വാച്ചിൻ്റെ ഓഗസ്റ്റ് പതിപ്പിലാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്ന റിപ്പോർട്ടുള്ളത്. 2030ഓടെ ഇന്ത്യയുടെ സാമ്പത്തിക ശേഷി 20.7 ട്രില്യൺ ഡോളറിലെത്തുമെന്നും, 2038 ആകുമ്പോഴേക്കും 34.2 ട്രില്യൺ ഡോളറിലെത്തുമെന്നും റിപ്പോർട്ടിൽ പഖയുന്നു. ശക്തമായ സാമ്പത്തിക അടിസ്ഥാനങ്ങൾ, അനുകൂലമായ ജനസംഖ്യാശാസ്‌ത്രം, തുടർച്ചയായ ഘടനാപരമായ പരിഷ്‌കാരങ്ങൾ എന്നിവ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

നിലവിൽ, ഏകദേശം 4.19 ട്രില്യൺ ഡോളറുമായി, നോമിനൽ ജിഡിപി പ്രകാരം ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. 28.8 വയസാണ് ഒരു ഇന്ത്യക്കാരൻ്റെ ശരാശരി പ്രായം. ഉയർന്ന സമ്പാദ്യ, നിക്ഷേപ നിരക്കുകളും രാജ്യത്തിനുണ്ട്. ഡെപ്റ്റ്-ജിഡിപി അനുപാതം 2024-ലെ 81.3 ശതമാനത്തിൽ നിന്ന് 2030-ഓടെ 75.8ലേക്ക് കുറയുമെന്നാണ് സൂചന. ഇക്കാരണങ്ങളാൽ ഏകദേശം 13 വർഷത്തിനുള്ളിൽ മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളെ മറികടന്ന് രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ ഇന്ത്യക്ക് കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

2030ന് ശേഷം, 2028 -2030 കാലയളവിൽ ഇന്ത്യയും യുഎസും യഥാക്രമം 6.5 ശതമാനവും 2.1 ശതമാനവും ശരാശരി വളർച്ചാ നിരക്ക് നിലനിർത്തിയാൽ (ഐഎംഎഫ് പ്രവചനങ്ങൾ പ്രകാരം), 2038 ആകുമ്പോഴേക്കും പിപിപി അടിസ്ഥാനത്തിൽ ഇന്ത്യ യുഎസ് സമ്പദ്‌വ്യവസ്ഥയെ മറികടക്കുമെന്നും റിപ്പോർട്ട് പറയുന്നു. യുവാക്കളും വൈദഗ്ധ്യവുമുള്ള വർക്ക് ഫോഴ്സ്, ശക്തമായ സമ്പാദ്യ-നിക്ഷേപ നിരക്കുകൾ, താരതമ്യേന സുസ്ഥിരമായ കടബാധ്യത എന്നിവ അസ്ഥിരമായ ആഗോള അന്തരീക്ഷത്തിൽ പോലും ഉയർന്ന വളർച്ച നിലനിർത്താൻ സഹായിക്കുമെന്ന് ഇവൈ ഇന്ത്യയിലെ മുഖ്യ നയ ഉപദേഷ്ടാവ് ഡി.കെ. ശ്രീവാസ്തവ പറഞ്ഞു.

പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ, 2030 ആകുമ്പോഴേക്കും ചൈനയുടെ ജിഡിപി 42.2 ട്രില്യൺ ഡോളറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ പ്രായമാകുന്ന ജനസംഖ്യയും വർധിച്ചുവരുന്ന കടവും മൂലമുള്ള വെല്ലുവിളികൾ ചൈന നേരിടുന്നുണ്ട്. യുഎസ് ശക്തമായി തുടരുന്നുണ്ടെങ്കിലും, ജിഡിപിയുടെ 120 ശതമാനത്തിലധികം കടവും മന്ദഗതിയിലുള്ള വളർച്ചയുമാണ് വെല്ലുവിളി. ജർമ്മനിയും ജപ്പാനും പുരോഗമിച്ചിട്ടുണ്ടെങ്കിലും, പഴയ ജനസംഖ്യയും ആഗോള വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്നതും അവരെ നിയന്ത്രിക്കുന്നു.

പിപിപി ഉപയോഗിച്ച്, ഇന്ത്യയിലെ ഒരു ഡോളർ വാങ്ങുന്നയാൾ യുഎസിലെ ഒരു ഡോളറിനേക്കാൾ കൂടുതൽ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നുണ്ട്. ഇത് വിപണി വിനിമയ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വലുതായി കാണിക്കുന്നു.

2028 ആകുമ്പോഴേക്കും ജർമ്മനിയെ മറികടന്ന് വിപണി വിനിമയ നിരക്കിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ജിഡിപിയുടെ 0.9 ശതമാനത്തെ ബാധിക്കുന്ന യുഎസ് താരിഫുകൾ പോലുള്ള സാധ്യതയുള്ള വെല്ലുവിളികൾക്ക് പോലും കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT