Source: Screengrab
BUSINESS

പിടി തരാതെ പൊന്ന്; ഇന്ന് സ്വർണവില കൂടിയത് മൂന്ന് തവണ

പുതുവർഷത്തിന് ശേഷം സ്വർണവില ദിനംപ്രതി ഉയരുകയാണ്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് വില 1,10,400 രൂപ ആയി ഉയർന്നു. ഗ്രാമിന് 395 രൂപ വര്‍ധിച്ച് 13,800 രൂപയായി.

ഇന്ന് മൂന്ന് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. ഇന്നലെ 1,07,240 രൂപയായിരുന്നു പവന് വില. ഇന്ന് രാവിലെ 760 രൂപ വര്‍ധിച്ച സ്വര്‍ണം ഉച്ചയ്ക്കു മുമ്പ് 800 രൂപ കൂടി വര്‍ധിച്ചു. ഉച്ചക്ക് ശേഷം ഒറ്റയടിക്ക് 160 രൂപയാണ് വര്‍ധിച്ചത്. സര്‍വകാല റെക്കോർഡിലാണ് സ്വർണ വിലയുള്ളത്. പുതുവർഷത്തിന് ശേഷം സ്വർണവില ദിനംപ്രതി ഉയരുകയാണ്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു വില. 20 ദിവസം കൊണ്ട് 11,360 രൂപയുടെ വര്‍ധനവാണുണ്ടായത്.

ആ​ഗോള വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയിലെ മാറ്റങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഒരു ലക്ഷത്തിന് മുകളില്‍ വില സ്ഥിരത കൈവരിച്ചതോടെ ഇനിയുള്ള കുതിപ്പ് 1.25 ലക്ഷത്തിലേക്കാണോയെന്ന ആശങ്കയാണ് സാധാരണക്കാരായ സ്വർണാഭരണ പ്രേമികളില്‍ ശക്തമായിരിക്കുന്നത്. മാസം അവസാനിക്കാൻ പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ എങ്ങനെയാകും ഇനി മുന്നോട്ടുള്ള പോക്കെന്നും വിപണി ആകാംഷയോടെയാണ് നോക്കുന്നത്.

SCROLL FOR NEXT