ഇന്ത്യൻ വിപണിയെ കീഴടക്കാൻ എത്തുകയാണ് സ്മാർട്ട് ഫോൺ കമ്പനിയായ നത്തിംഗ്. ഇന്ത്യയിലെ മുൻനിര ടെക്നോളജി കമ്പനികളില്‍ ഒന്നായ ഒപ്റ്റിമസുമായി (Optiemus Infracom Limited) ചേർന്ന് ഒരു സംയുക്ത സംരംഭമാണ് ലക്ഷ്യമിടുന്നത്. പ്രദേശികമായി ഉത്പാദനം വർധിപ്പിക്കാൻ ഇത് സാഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഉല്‍പ്പന്നങ്ങളുടെ ഡിസൈൻ, നിർമ്മാണം, ആഗോള വിതരണം എന്നിവയിൽ നത്തിംഗിനായിരിക്കും കൂടുതൽ നിയന്ത്രണം.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വൻ നിക്ഷേപം രാജ്യത്ത് എത്തുമെന്നാണ് പ്രഖ്യാപനം. 10 കോടി ഡോളറിലധികം നിക്ഷേപിക്കുമെന്നും 1,800 ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി സിഇഒ കാൾ പെയ് അറിയിച്ചു. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി കാൾ പെയ് നടത്തിയ കൂടിക്കാഴ്ചയിലാണ് കാര്യങ്ങൾ ധാരണയിലായത്.
ലോകത്തലെ തന്നെ ജനസംഖ്യയേറിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടുത്തെ ജെൻ സീ യുവാക്കളെ ലക്ഷ്യമിട്ടാണ് കമ്പനി എത്തുന്നത്. ചെറുപ്പക്കാരെ ആകർഷിക്കുന്ന തരത്തിൽ ട്രാന്‍സ്പരന്റ് ഹാൻഡ്‌സെറ്റ് ഡിസൈനുകൾക്ക് പേരുകേട്ട നത്തിംഗ് വിപണിയിൽ കാര്യമായ പഠനം നടത്തിവരികയാണ്. കമ്പനി ഉത്പന്നങ്ങളുടെ പ്രധാന ഉപയോക്താക്കൾ ശരാശരി 26 വയസുിലുള്ളവരാണെന്ന് നത്തിംഗ് അവകാശപ്പെടുന്നു.
ഇന്ത്യയിലെ ആദ്യത്തെ യഥാർത്ഥ ആഗോള സ്മാർട്ട്‌ഫോൺ ബ്രാൻഡായി ഇതിനെ വളർത്തിയെടുക്കാൻ സാധിക്കുമെന്നും ഒപ്റ്റിമസുമായുള്ള സംയുക്ത സംരംഭം പ്രധാന നാഴികക്കല്ലാണെന്നും കാൾപെയ് പറഞ്ഞു. അതേ സമയം ലണ്ടൻ ആസ്ഥാനമായുള്ള നത്തിംഗ് ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ ഉപ ബ്രാൻഡായിരുന്ന സിഎംഎഫാണ് ഒരു സ്വതന്ത്ര അനുബന്ധ സ്ഥാപനമായി ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുക. ഇതോടെ ആഗോള സ്മാർട്ട്‌ഫോൺ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.
പദ്ധതി പ്രഖ്യാപിച്ചതോടെ ബിഎസ്ഇയിൽ ഒപ്റ്റിമസ് ഇൻഫ്രാകോം ഓഹരികൾ ഇൻട്രാഡേയില്‍ 6.4 ശതമാനം ഉയർന്ന് 712.95 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 6,042.37 കോടി രൂപയായി. മേക്ക് ഇൻ ഇന്ത്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ സമീപനമാണ് പുതിയ പദ്ധതിക്ക് പിന്തുണയായത്. സാങ്കേതിക ഉത്പന്നങ്ങളിലും, സ്മാർഫോണുകളിലും ഉത്പാദന രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടാൻ ഇന്ത്യയ്ക്ക് ഊർജം നൽകുന്നതാകും പുതിയ സംരംഭമെന്നാണ് വിലയിരുത്തൽ.