
സിയാറ്റില്‍: പ്രൈം അംഗത്വവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് ആമസോണ്‍ 2.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 22,176 കോടി ഇന്ത്യന്‍ രൂപ) പിഴയടയ്ക്കണം. അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മിഷനുമായുള്ള ഒത്തുതീര്‍പ്പിലാണ് തീരുമാനം.
ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതമില്ലാതെ തെറ്റിദ്ധരിപ്പിച്ച് പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എടുപ്പിക്കുകയും അംഗത്വം റദ്ദാക്കുന്നതിന് മനപൂര്‍വം ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്‌തെന്നാണ് ആമസോണിനെതിരായ ആരോപണം.
ഒരു ബില്യണ്‍ ഡോളർ സിവില്‍ പിഴയായി സര്‍ക്കാരിന് നല്‍കണം. ഫെഡറല്‍ ട്രേഡ് കമ്മീഷനുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തുകയാണ് ആമസോണ്‍ നല്‍കേണ്ടത്. 1.5 ബില്യണ്‍ 3.5 കോടി ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കണം. ട്രേഡ് കമ്മീഷനുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായി പ്രൈം അംഗത്വം നിരസിക്കാന്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തവും ലളിതവുമായ ബട്ടണ്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താനും ആമസോണ്‍ സമ്മതിച്ചു. അംഗത്വം റദ്ദാക്കല്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കണമെന്നാണ് നിര്‍ദേശം.
സിയാറ്റിലിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ വിചാരണ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഒത്തുതീര്‍പ്പായത്.
ആമസോണിനെതിരായ പ്രധാന ആരോപണങ്ങള്‍:
വെബ്‌സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതമില്ലാതെ പ്രൈം അംഗത്വത്തില്‍ ചേര്‍ക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന ഡിസൈന്‍ തന്ത്രങ്ങള്‍ ഉപയോഗിച്ചുവെന്നാണ് ആമസോണിനെതിരായ പ്രധാന ആരോപണം. സാധനങ്ങള്‍ വാങ്ങാനുള്ള ബട്ടണ്‍ പ്രൈം അംഗത്വം എടുക്കാനുള്ള ബട്ടണായി തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു നല്‍കിയിരുന്നത്. പ്രൈം അംഗത്വം റദ്ദാക്കല്‍ സങ്കീര്‍ണവും സമയമെടുക്കുന്നതുമായ പ്രക്രിയയായി മാറ്റി. 2019 ജൂണ്‍ 23-നും 2025 ജൂണ്‍ 23-നും ഇടയില്‍ കമ്പനിയുടെ സിംഗിള്‍ പേജ് ചെക്ക്ഔട്ട് വഴി പ്രൈമില്‍ ചേര്‍ന്ന ചില ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് റീഫണ്ടായി ലഭിക്കാന്‍ സാധ്യതയുണ്ട്.
ഒത്തുതീര്‍പ്പ് പ്രകാരം ഉപഭോക്താക്കള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ നിരസിക്കാനുള്ള ഓപ്ഷന്‍ വ്യക്തവും എളുപ്പത്തില്‍ കാണാവുന്നതുമായ രീതിയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കാതെ വേണം വെക്കാന്‍.
സബ്സ്‌ക്രിപ്ഷന്റെ തുക, ഓട്ടോമാറ്റിക് പുതുക്കല്‍, റദ്ദാക്കല്‍, നടപടിക്രമങ്ങള്‍ തുടങ്ങി എല്ലാ പ്രധാന നിബന്ധനകളും ചേരുന്നതിന് മുമ്പ് വ്യക്തമായി വെളിപ്പെടുത്തണം. അംഗത്വം റദ്ദാക്കല്‍ ബുദ്ധിമുട്ടില്ലാതെ ചെലവില്ലാതെ വേഗത്തിലുള്ള സംവിധാനം ഒരുക്കണം. ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഒരു സ്വതന്ത്ര സൂപ്പര്‍വൈസറെ നിയമിക്കാനും തീരുമാനമായി.