ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട യുപിഐ ഇടപാടുകൾക്ക് നിരക്ക് നടപ്പിലാക്കുന്നത് നീട്ടിവച്ചു.നിരക്ക് ദീപാവലിക്ക് ശേഷം നടപ്പാക്കാനാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 15 മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന പരിഷ്കാരമാണ് വരാനിരിക്കുന്ന ഉത്സവകാലം പ്രമാണിച്ച് നീട്ടിവെച്ചത്. എൻപിസിഐയുടെ യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്. ദീപാവലിക്ക് ശേഷമുള്ള മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നടപ്പിലാക്കുന്ന കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കും എന്ന് എൻപിസിഐ വ്യക്തമാക്കി. വ്യാപാരികൾക്ക് ഉപഭോക്താക്കൾ നടത്തുന്ന ഇടപാടുകൾക്കാണ് 0.4 ശതമാനം എംഡിആർ നിർദ്ദേശിച്ചിട്ടുള്ളത്. അതേസമയം വ്യക്തികൾ പരസ്പരം പണം കൈമാറുന്ന ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തന്നെ തുടരും.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഉത്സവ സീസണിൽ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ് ഉണ്ടാകാറുണ്ട്. ഈ ഘട്ടത്തിൽ പുതിയ ഫീസ് ഏർപ്പെടുത്തിയാൽ അത് ഉത്സവകാലത്തെ ചില്ലറ വിൽപ്പനയെയും ഡിജിറ്റൽ പേയ്‌മെന്റുകളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന വിലയിരുത്തലിലാണ് തീരുമാനം മാറ്റിവെച്ചത് എന്നാണ് വിവരം. കൂടാതെ പുതിയ സംവിധാനവുമായി പൊരുത്തപ്പെടാൻ പേയ്‌മെന്റ് കമ്പനികൾക്ക് കൂടുതൽ സമയം നൽകാന്‍ വേണ്ടികൂടിയാണ് പുതിയ തീയതി. എൻപിസിഐയുടെ തീരുമാനം ചെറുകിട വൻകിട വ്യാപാരികൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. അതേസമയം, യുപിഐ സേവന ദാതാക്കൾക്കും ബാങ്കുകൾക്കും പേമെന്‍റ് സൗകര്യങ്ങൾ പരിപാലിക്കുന്നതിനുള്ള ചാര്‍ജാണ് സാമ്പത്തിക ഈ ഫീസിനെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 2027 ജനുവരിയിലേക്ക് മാറ്റിവെച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ദീപാവലിക്ക് തൊട്ടുപിന്നാലെ തന്നെ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ യുപിഐ ഇടപാടുകളിൽ പ്രതിമാസം വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2026 സെപ്റ്റംബറിൽ മാത്രം 29.37 ലക്ഷം കോടി രൂപ മൂല്യം വരുന്ന 2,406 കോടിയിലധികം ഇടപാടുകളാണ് യുപിഐ വഴി രാജ്യത്ത് നടന്നത്. ജനുവരിയിലെ 21,703 ദശലക്ഷം ഇടപാടുകളിൽ നിന്നാണ് സെപ്റ്റംബറിലെത്തിയപ്പോൾ പ്രതിമാസ വോളിയം 24,000 ദശലക്ഷം കടന്നത്. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളുടെ ജനപ്രീതിക്ക് തടസ്സമുണ്ടാക്കാതെയും വ്യാപാരികൾക്ക് അധിക ഭാരമാകാതെയും പുതിയ ഫീസ് ഘടന എങ്ങനെ സുഗമമായി നടപ്പിലാക്കുമെന്നതാണ് ദീപാവലിക്ക് ശേഷം സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്. ഇത് സാധാരണ ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയത്.