പ്രതീകാത്മക ചിത്രം NEWS MALAYALAM 24x7
BUSINESS

ജിഎസ്ടി 2.0: രാജ്യത്ത് എന്തിനൊക്കെ വില കുറയും?

ജിഎസ്ടി പരിഷ്‌കരണം സാധാരണക്കാര്‍ക്ക് ഗുണകരമാകുമോ എന്നാണ് പ്രധാന ചര്‍ച്ച

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പരിഷ്‌കരിച്ച ജിഎസ്ടി നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ എന്തിനൊക്കെ വില കുറയും, എത്ര വരെ വില കുറയും എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ജിഎസ്ടി പരിഷ്‌കരണം സാധാരണക്കാര്‍ക്ക് ഗുണകരമാകുമോ എന്നാണ് പ്രധാന ചര്‍ച്ച.

ജിഎസ്ടി പരിഷ്‌കരണത്തോടെ, നിത്യോപയോഗ സാധനങ്ങള്‍ക്കും കാറുകള്‍, ബൈക്കുകള്‍, എ സി, ഫ്രിഡ്ജ് എന്നിവക്കും വില കുറയും. സിഗരറ്റിനും ബീഡിക്കും ആഡംബര വാഹനങ്ങള്‍ക്കുമാണ് വില കൂടുക. സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചാണ് പരിഷ്‌കരണം.

സ്‌ളാബുകള്‍ എങ്ങനെയൊക്കെ മാറുന്നു?

ഇന്നു മുതല്‍ പ്രധാന ജിഎസ് ടി സ്ലാബുകള്‍ രണ്ടെണ്ണം മാത്രമാണ്. അഞ്ചു ശതമാനവും 18 ശതമാനവും. മൂന്നാമതൊരു സ്‌ളാബുള്ളത് 40 ശതമാനത്തിന്റേതാണ്. അത് പുകയില ഉത്പന്നങ്ങളും പാനും പോലുള്ളവയ്ക്ക്.

എന്തിനൊക്കെ വില കുറയും?

ടൂത്ത് പേസ്റ്റ്, ഷാംപു, സോപ്പ്, ബിസ്‌കറ്റ്, വെണ്ണ, നെയ്യ്, പനീര്‍, കുപ്പിവെള്ളം, സ്‌നാക്ക്‌സ്, ജ്യൂസ്, സൈക്കിള്‍, തുണിയും ചെരിപ്പും, എസി, റഫ്രിജറേറ്റര്‍, ഡിഷ് വാഷേഴ്‌സ്, വലിയ ടിവി, സിമന്റ്, 1200 സിസിയില്‍ താഴെയുള്ള കാറുകള്‍, ഇരുചക്രവാഹനങ്ങള്‍.

എന്തിനൊക്കെ വില കൂടും?

കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്, സിഗരറ്റ്, ബീഡി, വലിയ ലക്ഷ്വറി കാറുകള്‍, ഓണ്‍ലൈന്‍ ബെറ്റിങ്, പായ് വഞ്ചികള്‍, സ്വകാര്യ വിമാനങ്ങള്‍, റേസിങ് കാറുകള്‍

വിലയുടെ മാറ്റം എങ്ങനെ അറിയാം?

കുറഞ്ഞവിലയുടെ സ്റ്റിക്കര്‍ ഉത്പന്നങ്ങളില്‍ പതിക്കണം. വിലവിവരപ്പട്ടികയില്‍ എഴുതി വയ്ക്കുകയും വേണം.

വില കുറയുന്നില്ലെങ്കില്‍ എന്തുചെയ്യാം?

നികുതി കുറയുന്ന ഉത്പന്നങ്ങള്‍ക്ക് വില കുറച്ചില്ലെങ്കില്‍ പരാതി നല്‍കാം. നിര്‍മിക്കുന്ന സ്ഥാപനവും വില്‍ക്കുന്ന സ്ഥാപനവും നടപടി നേരിടേണ്ടി വരും.

കാര്‍ വിപണി കുതിക്കും

ആഡംബരേതര വാഹന വിപണിയിലാണ് വലിയ മാറ്റം വരുന്നത്. മഹീന്ദ്ര കമ്പനി വന്‍വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.യു.വി. മോഡലുകള്‍ക്കാണ് ഏറ്റവും വില കുറയുക. ബൊലേറോ നിയോ, ഥാര്‍, സ്‌കോര്‍പിയോ എന്നീ മോഡലുകള്‍ക്ക് ഒന്നര ലക്ഷത്തിന് അടുത്ത് വില കുറയും.

ടാറ്റ മോട്ടേഴ്‌സില്‍ സഫാരി, ഹാരിയര്‍, നെക്‌സോണ്‍ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം വില കുറയും. മാരുതി കാറുകള്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെയാണ് കുറയുക.

SCROLL FOR NEXT