പ്രതീകാത്മക ചിത്രം Image: Freepik
BUSINESS

ഉള്ളിക്ക് 108% വില കയറി; അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം ഈ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍ !

ഭക്ഷ്യ പണപ്പെരുപ്പത്തിലുണ്ടായ കുതിച്ചുചാട്ടമാണ് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ച ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഭക്ഷ്യ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.97 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 7.74 ശതമാനമായി കുതിച്ചുയർന്നു. ഭക്ഷ്യ-പാനീയ വിഭാഗത്തിലെ വിലക്കയറ്റം 7.36 ശതമാനമാണ്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഉള്ളി ഉൾപ്പെടെയുള്ള അവശ്യ പച്ചക്കറികളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുതിച്ചുയർന്നതോടെ രാജ്യത്തെ ചില്ലറ വിലക്കയറ്റ നിരക്ക് ) സെപ്റ്റംബറിൽ 5.54 ശതമാനമായി ഉയർന്നു . നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2024 അടിസ്ഥാന വർഷമായുള്ള പുതിയ ഉപഭോക്തൃ വിലസൂചികാ സീരീസിൽ ഇതാദ്യമായാണ് ചില്ലറ പണപ്പെരുപ്പം 5 ശതമാനമെന്ന പരിധി കടക്കുന്നത്. ഓഗസ്റ്റിൽ 4.83 ശതമാനമായിരുന്ന പണപ്പെരുപ്പമാണ് ഭക്ഷ്യവിപണിയിലെ കനത്ത വിലക്കയറ്റത്തെ തുടർന്ന് സെപ്റ്റംബറിൽ വൻതോതിൽ ഉയർന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന സമിതി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 5.50 ശതമാനമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ കണക്കുകൾ പുറത്തുവന്നത്.

ഭക്ഷ്യ പണപ്പെരുപ്പത്തിലുണ്ടായ കുതിച്ചുചാട്ടമാണ് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ച ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഭക്ഷ്യ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.97 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 7.74 ശതമാനമായി കുതിച്ചുയർന്നു. ഭക്ഷ്യ-പാനീയ വിഭാഗത്തിലെ വിലക്കയറ്റം 7.36 ശതമാനമാണ്. പ്രത്യേകിച്ചും ഉള്ളി വില വാർഷികാടിസ്ഥാനത്തിൽ ഇരട്ടിയിലധികമായി വർദ്ധിച്ചതാണ് വിപണിയെ ഉലച്ചത്. സവാളയുടെ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 48.78 ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് 108.09 ശതമാനത്തിലെത്തി. ഇതിനുപുറമെ വെളുത്തുള്ളി 54.62%, നാരങ്ങ 36.41%, ഇഞ്ചി എന്നിവയുടെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. ഗതാഗതം, സേവനങ്ങൾ എന്നിവയ്ക്കുണ്ടായ ചെലവ് വർദ്ധനവും മൊത്തം പണപ്പെരുപ്പത്തെ സ്വാധീനിച്ചു.

നഗരങ്ങളേക്കാൾ കൂടുതൽ ഗ്രാമീണ മേഖലകളെയാണ് ഈ വിലക്കയറ്റം സാരമായി ബാധിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.24 ശതമാനത്തിൽ നിന്ന് 6.08 ശതമാനമായി ഉയർന്നപ്പോൾ, നഗരങ്ങളിൽ ഇത് 4.31 ശതമാനത്തിൽ നിന്ന് 4.88 ശതമാനമായാണ് വർദ്ധിച്ചത്. 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രധാന സംസ്ഥാനങ്ങളിൽ തമിഴ്‌നാടാണ് ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് (6.81%). ഒഡീഷ (6.70%), മധ്യപ്രദേശ് (6.68%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

പച്ചക്കറി-ഇന്ധന വിലക്കയറ്റം സമ്പദ്‌വ്യവസ്ഥയിലുടനീളം പ്രകടമാണെന്നും വിലക്കയറ്റ ഭീഷണി തുടരുന്നതിനാൽ ഈ സാമ്പത്തിക വർഷം ആർബിഐ രണ്ട് തവണ കൂടി പലിശനിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ദ്ധ വ്യക്തമാക്കിയത്. വരാനിരിക്കുന്ന കാര്‍ഷിക വിളവെടുപ്പും, പച്ചക്കറി വില നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടലുകളും, ക്രൂഡ് ഓയിൽ വിലയും രൂപയുടെ മൂല്യവും അനുസരിച്ചായിരിക്കും വരും മാസങ്ങളിലെ വിലനിലവാരമെന്നും എങ്കിലും പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നത് വരെ ആർബിഐയുടെ പലിശ നയങ്ങൾ കർശനമായി തന്നെ തുടരാനാണ് സാധ്യത.

രാജ്യത്ത് പണപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആർബിഐ പ്പോ നിരക്കുകൾ ഇനിയും ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ അവസ്ഥയില്‍ കര്‍ശന നയം പിന്തുടരുന്ന ആര്‍ബിഐ 75 മുതൽ 100 ബേസിസ് പോയിന്റ് വരെ പലിശ വർധിപ്പിച്ചേക്കാമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഘട്ടംഘട്ടമായുള്ള നിരക്ക് വർധനവാണ് വിപണി പ്രതീക്ഷിക്കുന്നതെങ്കിലും, സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ പണപ്പെരുപ്പ നിരക്കുകളെ ആശ്രയിച്ച് 2026 ഡിസംബറിലെ യോഗത്തിൽ കൂടുതൽ വലിയ നിരക്ക് വർധന ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അടുത്തിടെ ചേർന്ന പണനയ അവലോകന സമിതി യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിക്കുകയും നയപരമായ സമീപനം 'ന്യൂട്രൽ'എന്നതിൽ നിന്ന് 'കാലിബ്രേറ്റഡ് ടൈറ്റനിംഗ്' ആയി മാറ്റുകയും ചെയ്തിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ആർബിഐ നൽകുന്ന ഉയർന്ന മുൻഗണനയാണ് ഈ നയമാറ്റം പ്രതിഫലിപ്പിക്കുന്നത്. സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതോടെ 2028 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ പണനയത്തിൽ അയവ് പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

SCROLL FOR NEXT