ഭക്ഷണം വീട്ടിൽ നിന്നായാൽ ചിലവ് കുറയുമെന്ന വിശ്വാസം മാറുകയാണ്. പച്ചക്കറി വില കുതിച്ചുയർന്നതോടെ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് ചെലവേറുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ വില കൂടിയതോടെയാണ് വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനും വില വർധിച്ചത്. ചോറും കറികളും ഉൾപ്പെടുന്ന ഇന്ത്യയുടെ സ്വന്തം 'താലി മീൽസി'നാണ് ചെലവേറുന്നത്.
ക്രിസിൽ എംഐ ആൻഡ് എ റിസർച്ചിൻ്റെ കണക്കുകൾ പ്രകാരം, വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ശരാശരി ചെലവ് ഒരു മാസത്തിനിടെ 29.4 രൂപയിൽ നിന്ന് 11 ശതമാനം ഉയർന്ന് 32.6 രൂപയായിട്ടുണ്ട്. മാസം തോറും 55 ശതമാനം തോതിൽ വർധിക്കുന്ന തക്കാളി വിലയാണ് വില്ലൻ. ജൂണിൽ 42 രൂപയുണ്ടായിരുന്ന തക്കാളിക്ക്, ജൂലൈ മാസമെത്തിയപ്പോഴേക്കും 66 രൂപയായി. കർണാടകയിലെയും ആന്ധ്രയിലെയും ഉയർന്ന താപനിലയാണ് ഇതിനുള്ള പ്രധാന കാരണം. കൂടാതെ, മെയ് മാസത്തിൽ കർണാടകയിൽ പെയ്ത മഴയിൽ വെള്ളീച്ചയുടെ ശല്യം വർധിപ്പിക്കുകയും അത് തക്കാളി ഉൽപാദനത്തെ ബാധിക്കുകയും ചെയ്തിരുന്നു.
ALSO READ: സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ
ഉള്ളിയുടെയും ഉരുളക്കിഴങ്ങിൻ്റെയും വില ജൂലൈ മാസം യഥാക്രമം 20 ശതമാനവും 16 ശതമാനവും ഉയർന്നു. ഇതും വെജിറ്റേറിയൻ ഭക്ഷണം ചെലവേറിയതാക്കി. റാബി ഉൽപാദനം താഴ്ന്നത് ഉള്ളിയുടെ വിലയെ ബാധിച്ചപ്പോൾ, പഞ്ചാബ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വരൾച്ചയാണ് ഉരുളക്കിഴങ്ങ് ഉൽപാദനത്തെ ബാധിച്ചത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വെജ് താലിയുടെ വില 4 ശതമാനം കുറഞ്ഞിട്ടുണ്ട്. തക്കാളി വിലയിലുണ്ടായ 40 ശതമാനം ഇടിവാണ് ഇതിന് കാരണം. 2023 ജൂലൈയിൽ തക്കാളി വില കിലോയ്ക്ക് 110 രൂപയിൽ എത്തിയിരുന്നു.