ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആർബിഐ പ്പോ നിരക്കുകൾ ഇനിയും ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ അവസ്ഥയില്‍ കര്‍ശന നയം പിന്തുടരുന്ന ആര്‍ബിഐ 75 മുതൽ 100 ബേസിസ് പോയിന്റ് വരെ പലിശ വർധിപ്പിച്ചേക്കാമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഘട്ടംഘട്ടമായുള്ള നിരക്ക് വർധനവാണ് വിപണി പ്രതീക്ഷിക്കുന്നതെങ്കിലും, സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ പണപ്പെരുപ്പ നിരക്കുകളെ ആശ്രയിച്ച് 2026 ഡിസംബറിലെ യോഗത്തിൽ കൂടുതൽ വലിയ നിരക്ക് വർധന ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അടുത്തിടെ ചേർന്ന പണനയ അവലോകന സമിതി യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിക്കുകയും നയപരമായ സമീപനം 'ന്യൂട്രൽ'എന്നതിൽ നിന്ന് 'കാലിബ്രേറ്റഡ് ടൈറ്റനിംഗ്' ആയി മാറ്റുകയും ചെയ്തിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ആർബിഐ നൽകുന്ന ഉയർന്ന മുൻഗണനയാണ് ഈ നയമാറ്റം പ്രതിഫലിപ്പിക്കുന്നത്. സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതോടെ 2028 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ പണനയത്തിൽ അയവ് പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2027 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ അതിന്റെ ഉയർന്ന തലത്തിലെത്തുമെന്നും അതിനുശേഷം കുറയുമെന്നും വിലയിരുത്തപ്പെടുന്നു. 2028 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിന് ശേഷം ഉപഭോക്തൃ പണപ്പെരുപ്പം വാർഷികാടിസ്ഥാനത്തിൽ 5 ശതമാനത്തിന് താഴേക്ക് എത്തിയേക്കും. അനുകൂലമായ ബേസ് ഇഫക്റ്റുകൾ കാരണം മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2027 മാർച്ച് മുതൽ കുറഞ്ഞുതുടങ്ങിയേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലവിൽ മികച്ച വളർച്ചയാണ് പ്രകടിപ്പിക്കുന്നത്. 2027 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ജിഡിപി വളർച്ച 7.8 ശതമാനമായി ഉയർന്നു. വിപണി പ്രവചിച്ച 7.1 ശതമാനത്തേക്കാൾ മികച്ച നേട്ടമാണിത്. ഈ പാദത്തിൽ ഉൽപ്പാദന മേഖല 9.2 ശതമാനവും മൊത്തം സ്ഥിര മൂലധന രൂപീകരണം 11.9 ശതമാനവും വളർച്ച രേഖപ്പെടുത്തി. എങ്കിലും 2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഗാർഹിക ഉപഭോഗത്തിൽ മാന്ദ്യം നേരിട്ടേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വായ്പാ ചെലവുകൾ ഉയരുന്നത്, ഗ്രാമീണ മേഖലയിലെ മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും, മഴക്കുറവ് മൂലം ഉണ്ടായ പ്രതിസന്ധി എന്നിവ ഇതിന് കാരണമാകാം. കൂടാതെ അന്താരാഷ്ട്രതലത്തിലെ സംഘര്‍ഷങ്ങളും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനടുത്ത് തുടരുന്നതും ഉൽപ്പാദനച്ചെലവ് ഉയർത്തിനിർത്താൻ ഇടയാക്കും. 2026 കലണ്ടർ വർഷത്തിൽ 10 വർഷത്തെ സർക്കാർ ബോണ്ട് യീൽഡ് ഏകദേശം 70 ബേസിസ് പോയിന്റ് വർധിച്ചിട്ടുണ്ട്. ഇറാന്‍ അമേരിക്ക സംഘര്‍ഷം അടക്കം പ്രശ്നങ്ങള്‍ കുറഞ്ഞാല്‍ വിലക്കയറ്റ സമ്മർദ്ദം കുറയുകയും ചെയ്യുന്നത് വരെ ബോണ്ട് വരുമാനം ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത.
പലിശനിരക്ക് ഉയരുന്നത് ഹ്രസ്വകാലത്തേക്ക് ബാങ്കുകളുടെ പിന്തുണ നല്‍കുമെങ്കിലും 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഭക്ഷ്യേതര വായ്പാ വളർച്ച ക്രമേണ മന്ദഗതിയിലായേക്കാം. 2027 സാമ്പത്തിക വർഷം ബാങ്കുകൾക്ക് അനുകൂലമായിരിക്കുമെങ്കിലും 2028 സാമ്പത്തിക വർഷത്തോടെ മാത്രമേ നിക്ഷേപകർ ബോണ്ടുകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയിലെ അടക്കം ഉയർന്ന ബോണ്ട് വരുമാനവും ഇതിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പണം പിന്‍വലിക്കുന്നതും സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നുണ്ടെന്നും എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.