Source: Screengrab
BUSINESS

ഭവന വായ്പ പലിശ നിരക്ക് വർധിപ്പിച്ച് എസ്ബിഐ; അറിയാം മറ്റ് ബാങ്കുകളുടെ നിരക്കുകൾ

ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നതായി എസ്ബിഐ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന അനുബന്ധ വായ്പകൾക്കുള്ള പലിശ നിരക്കുകൾ വർധിപ്പിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നതായി എസ്ബിഐ അറിയിച്ചു. 2025 ആഗസ്റ്റിലെ ധനനയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അതിന്റെ മുഖ്യ പലിശ നിരക്കുകൾ (റിപ്പോ നിരക്കുകൾ) 5.55% ൽ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചതിന് ശേഷമാണ് ഈ നിരക്ക് പരിഷ്കരണം.

പുതുക്കിയ നിരക്ക് പ്രകാരം, സാധാരണ ഭവന വായ്പയുടെ (ടേം ലോൺ) പലിശ നിരക്ക് നിലവിൽ 7.50 % മുതൽ 8.70 % വരെയാണ്. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, എസ്‌ബി‌ഐ ഉയർന്ന പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തി 8.70 % ആയി. നേരത്തെ ഇത് 8.45 % ആയിരുന്നു. എന്നാൽ, ഭവനവായ്പ നിരക്കുകളുടെ കുറഞ്ഞ പരിധി മാറ്റമില്ലാതെ തുടരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിൻ്റെ പ്രതിവർഷ ഭവനവായ്പ 7.90 % മുതലാണ് ആരംഭിക്കുന്നത്. ഭവന വായ്പകൾ, ബാലൻസ് ട്രാൻസ്ഫർ വായ്പകൾ, വീട് പുതുക്കിപ്പണിയൽ വായ്പകൾ, ഭവന വിപുലീകരണ വായ്പകൾ എന്നിവയ്ക്ക് ഈ നിരക്ക് ബാധകമാണ്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 7.70 ശതമാനം മുതല്‍ ആരംഭിക്കുന്ന 5 കോടി രൂപ വരെയുള്ള ഫിക്‌സഡ്, ഫ്‌ലോട്ടിങ് പലിശ നിരക്കുകളില്‍ ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു. ശമ്പളക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും വ്യത്യസ്ത പലിശ നിരക്കുകളാണ് ബാങ്ക് ഭവനവായ്പകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. 35 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് നിലവിൽ സ്റ്റാൻഡേർഡ് ഹോം ലോൺ പലിശ നിരക്ക് 8.75 % - 9.40 % വരെയും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 8.75 % - 9.55 വരെയും ആണ്.

കൊടാക് മഹീന്ദ്ര ബാങ്ക്

കൊടാക് മഹീന്ദ്ര ബാങ്കിലെ നിലവിലെ ഭവനവായ്പ പലിശ നിരക്ക് പ്രതിവർഷം 7.99 % ൽ ആരംഭിക്കുന്നു.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ 7.45% മുതൽ 9.20% വരെയുള്ള പലിശ നിരക്കിൽ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, പലിശ നിരക്ക് വായ്പാ പരിധിയെയും അപേക്ഷകരുടെ സിബിൽ സ്കോറിനെയും ആശ്രയിച്ചിരിക്കും.

പഞ്ചാബ് നാഷണൽ ബാങ്ക്

ഭവന വായ്പകൾക്ക് ബാങ്ക് 7.45 % മുതലാണ് പലിശ നിരക്ക് ഈടാക്കുന്നത്. വായ്പാ തുക, സിബിൽ സ്കോർ, കാലാവധി എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത പലിശ നിരക്കുകളിലാണ് ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നത്.

കാനറ ബാങ്ക്

കാനറ ബാങ്ക് 7.40 % മുതൽ 10.25 % വരെ പലിശ നിരക്കിൽ ഭവനവായ്പകൾ നൽകുന്നു.

SCROLL FOR NEXT