ചെലവിന് മാത്രമല്ല അല്ലാതെ കയ്യിൽ അൽപ്പം സമ്പാദ്യമെങ്കിലും വേണം എന്നാഗ്രഹിക്കാത്തവരുണ്ടോ?, സാധ്യത കുറവാണ്. ഇനി സമ്പാദിക്കണം എന്നാഗ്രഹിച്ചാലും സ്ഥിരം ചെലവുകളും ഇരുട്ടടി പോലെ വരുന്ന അപ്രതീക്ഷിതമായ ചെലവുകളും കഴിഞ്ഞ് എന്തെങ്കിലും മിച്ചം കിട്ടിയാലല്ലേ ചെലവാക്കാൻ പറ്റൂ. ശരിയാണ്. പക്ഷെ എല്ലാ ചെലവു കഴിഞ്ഞ് മിച്ചം വരുന്നത് സമ്പാദിക്കാൻ ഇരുന്നാൽ അത് നടക്കാൻ സാധ്യതയില്ല.
പകരം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വരവ് ചിലവ് കണക്കുകളെ ഒന്ന് ക്രമീകരിച്ച് അൽപ്പം സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ കഴിയും. ചെലവുകളിൽ അൽപ്പം കരുതൽ, സാധനങ്ങൾ വാങ്ങിക്കുന്നതിലും, വിനോദങ്ങൾക്കായി ചെലവഴിക്കുന്നതിലും ചെറിയ നിയന്ത്രണങ്ങൾ. ആവശ്യമായ പരിരക്ഷകൾ, വ്യക്തമായ ഒരു ലക്ഷ്യം. ഇത്രയും കാര്യങ്ങൾ മതിയാകും സ്ഥിരവരുമാനമുള്ള ഒരു ശരാശരി മനുഷ്യൻ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ.
വീട്, യാത്ര, വിശ്രമജീവിതം എന്നിങ്ങനെ ഒരു ലക്ഷ്യം മുന്നിൽ കാണുക. അതിനനുസരിച്ചുള്ള പ്ലാനുകളോ, സ്കീമുകളോ തെരഞ്ഞെടുക്കുക. ഓട്ടോ പേ പോലെ ആദ്യം തന്നെ സമ്പാദ്യത്തിലേക്ക് പണം നീക്കാനുള്ള വഴികൾ സ്വീകരിക്കുക. ശമ്പളം ലഭിക്കുമ്പോള്‍ തന്നെ നിക്ഷേപങ്ങളിലേക്ക് മാറ്റുക. കൃത്യമായി എല്ലാ കാര്യങ്ങളിലേക്കും ആദ്യം തന്നെ പണം വകമാറ്റിയാൽ അത് വലിയൊരു ആശ്വാസമായിരിക്കും.
ലളിതമായ ബജറ്റ് നിയമമാണ് 50:30:20. പ്രാവർത്തികമാക്കാൻ അത്ര പ്രയാസമില്ലാത്ത ഒന്ന്. അതായത് 50% - അവശ്യകാര്യങ്ങള്‍ക്ക് (വാടക, ബില്ലുകള്‍, ഇഎംഐ, അവശ്യ സാധനങ്ങള്‍), 30% - നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്ക്. 20% - സമ്പാദ്യത്തിനും നിക്ഷേപങ്ങള്‍ക്കും. ഇത് ആദ്യമേ സെറ്റ് ചെയ്യുക. കൃത്യമായി നടപ്പാകുക. ഡിജിറ്റൽ പേയ്മെന്റുകളുടെ കാലമായതിനാൽ ഇന്ന് ഓരോ കാര്യത്തിനും അടക്കേണ്ട തുകകൾ നേരത്തേ തന്നെ സെറ്റ് ചെയ്ത് വയക്കാൻ അത്ര പ്രയാസം ഉണ്ടാകില്ല.
ഷോപ്പിംഗുകളും മറ്റും ഒഴിവാക്കേണ്ടതില്ല. എന്നാൽ അൽപ്പം പ്ലാൻ ചെയ്ത്. ആവശ്യം തിരിച്ചറിഞ്ഞ് മാത്രം വാങ്ങുക. ആരോഗ്യ- അപകട ഇൻഷുറൻസുകൾ ഉറപ്പാക്കുക. നിക്ഷേപങ്ങൾ ബുദ്ധിപൂർവം ലാഭകരമായത് തെരഞ്ഞെടുക്കുക. പലിശ ഉൾപ്പെടെ നിങ്ങൾക്ക് അധിക വരുമാനം ഉണ്ടാക്കും. അത് സുരക്ഷിതമായി നിക്ഷേപിക്കുക. ഇനി എല്ലാത്തിനും പുറമേ ഒരു എമർജൻസി ഫണ്ടു കൂടി കരുതിയാൽ സാമ്പത്തികമായി നിങ്ങൾ സുരക്ഷിതമായ സ്ഥിതിയിലെത്തും.