സമൂഹമാധ്യമങ്ങളിൽ താരമായ ഡോളി ചായ്‌വാല ബ്രാൻഡ് അംബാസിഡറായി ചുമതലയേറ്റെന്ന വാർത്ത നിഷേധിച്ച് സ്റ്റാർബക്സ് ഇന്ത്യ. ഡോളി ചായ്‌വാലയെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി നിയമിച്ചിട്ടില്ലെന്ന് സ്റ്റാർബക്സ് ഇന്ത്യ വ്യക്തമാക്കി. ബ്രാൻഡും ഡോളി ചായ്‌വാലയും തമ്മിൽ ഇതുവരെ ഒരു ഉടമ്പടിയും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
ഡോളി ചായ്‌വാല സ്റ്റാർബക്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാണെന്ന് ചിത്രീകരിച്ചുകൊണ്ടുള്ള ഒരു മീം പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് കിംവദന്തികൾ പരന്നത്. ഈ വ്യാജ പോസ്റ്റർ ഡോളി ചായ്‌വാലയുടെ ആരാധകരെ ഉൾപ്പെടെ യഥാർഥമാണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു. യഥാർഥ ഉറവിടം വ്യക്തമല്ലെങ്കിലും, പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
നാഗ്പൂരിൽ നിന്നുള്ള ഒരു ചായവിൽപ്പനക്കാരനാണ് ഡോളി ചായ്‌വാല. തന്റെ പ്രത്യേക ചായ നിർമാണ രീതിയിലൂടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആഗോള പ്രശസ്തി നേടിയത്. കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചപ്പോൾ മുൻ മൈക്രോസോഫ്റ്റ് സിഇഒ ബിൽ ഗേറ്റ്‌സും ഡോളി ചായ്‌വാലയെ ചായയ്ക്കായി സമീപിച്ചിരുന്നു.
ടാറ്റ സ്റ്റാർബക്‌സിന് നിലവിൽ ഇന്ത്യയിൽ ഔദ്യോഗിക ബ്രാൻഡ് അംബാസഡർ ഇല്ലെന്ന് കമ്പനി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചു. ടാറ്റ സ്റ്റാർബക്സ് ഒരു ഔദ്യോഗിക ബ്രാൻഡ് അംബാസഡറെ നിയമിച്ചതായി സൂചിപ്പിക്കുന്ന സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകൾ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്നും അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സ്റ്റാർബക്സ് ഇന്ത്യ വ്യക്തമാക്കി.
ടാറ്റ കൺസ്യൂമർ പ്രോഡക്‌ടുകളുമായുള്ള സംയുക്ത സംരംഭത്തിലൂടെ 2012 ഒക്ടോബറിലാണ് സ്റ്റാർബക്സ് ഇന്ത്യയിൽ ആദ്യ സ്റ്റോർ ആരംഭിച്ചത്. ആദ്യ സ്റ്റോർ മുംബൈയിലായിരുന്നു ആരംഭിച്ചത്. ഇപ്പോൾ ബ്രാൻഡിന് ഇന്ത്യയിലുടനീളം 400ലധികം സ്റ്റോറുകളുണ്ട്.