സപ്ലൈകോ File Photo  Image: Social media
BUSINESS

ഓണവില്‍പ്പന തകര്‍ത്തു; സപ്ലൈകോയില്‍ ആകെ വില്‍പ്പന 280 കോടി കവിഞ്ഞു

ഈ മാസം 43.47 ലക്ഷം ഉപഭോക്താക്കള്‍ സപ്ലൈകോ സന്ദര്‍ശിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ. ഈ മാസത്തെ ആകെ വില്‍പ്പന 280 കോടി കവിഞ്ഞു. സബ്സിഡി ഇനത്തില്‍ 158.2 കോടിയും നോണ്‍ സബ്സിഡിയിനത്തില്‍ 122.5 കോടിയുമാണ് വില്‍പ്പന. ഈ മാസം 43.47 ലക്ഷം ഉപഭോക്താക്കള്‍ സപ്ലൈകോ സന്ദര്‍ശിച്ചു.

ശനിയാഴ്ച അഞ്ച് മണി വരെ 15.04 കോടിയുടെ വില്‍പ്പനയാണ് നടന്നത്. വെള്ളിയാഴ്ച ആകെ 17.91 കോടിയുടെ വില്‍പ്പന നടന്നു. പ്രതിദിന വില്‍പ്പനയിലെ റെക്കോര്‍ഡാണിത്.

ഓണം പ്രമാണിച്ച് ഞായറാഴ്ചയും ഉത്രാട ദിനമായ സെപ്റ്റംബര്‍ നാലിനും സപ്ലൈകോയും ഓണച്ചന്തകളും പ്രവര്‍ത്തിക്കും. ഓഗസ്റ്റ് 29 നാണ് സപ്ലൈകോയുടെ ഓണച്ചന്ത ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണവും ആരംഭിച്ചിരുന്നു.

15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് നല്‍കുന്നത്. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിറ്റ് നല്‍കും. നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുക. 10,634 കിറ്റുകള്‍ ഇതിനായി മാറ്റി വയ്ക്കും. പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ് , ചെറുപയര്‍ പരിപ്പ്, മില്‍മ നെയ്യ്, പായസം മിക്‌സ്, എന്നിവയടങ്ങിയതാണ് കിറ്റ്.

ഓഗസ്റ്റ് 31 മുതല്‍ 140 നിയമസഭാ മണ്ഡലങ്ങളിലും സേവനം ലഭ്യമാക്കും. കേര വെളിച്ചെണ്ണയുടെ വില 445ല്‍ നിന്നും 429 രൂപയാക്കിയാണ് വില്‍പ്പന നടത്തുന്നത്. ഓണത്തോട് അടുത്ത് വരുന്ന ദിവസങ്ങളില്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയ്ക്കുമെന്നും മന്ത്രിതലത്തില്‍ അറിയിച്ചിട്ടുണ്ട്. 500,1000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ വിജയികളാക്കാനുള്ള അവസരവും ഇത്തവണയുണ്ട്.

SCROLL FOR NEXT