Image: Gemini  NEWS MALAYALAM 24x7
BUSINESS

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് പിടി വീഴും; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

റിയല്‍ മണി ഗെയിമിങ്ങിനെ പ്രമോട്ട് ചെയ്യുന്ന പരസ്യങ്ങള്‍ക്കും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിരോധനം വരും

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സാമ്പത്തിക അടിസ്ഥാനത്തിലുള്ള ഗെയിമിങ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതാണ് ബില്‍. ബില്‍ ഇന്ന് ലോക്‌സഭയില്‍ എത്തിയേക്കും.

ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ നിയന്ത്രണവും പ്രമോഷനും സംബന്ധിച്ച നിര്‍ദ്ദിഷ്ട നിയമപ്രകാരം റിയല്‍-മണി ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഫണ്ട് കൈമാറുന്നതിനോ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കില്ല.

റിയല്‍ മണി ഗെയിമിങ്ങിനെ പ്രമോട്ട് ചെയ്യുന്ന പരസ്യങ്ങള്‍ക്കും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിരോധനം വരും. നിലവില്‍ പ്രമുഖ സിനിമാതാരങ്ങളടക്കം ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്. 2023 ഡിസംബറില്‍ ഭാരതീയ ന്യായ സംഹിതയ്ക്ക് കീഴില്‍ അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി.

2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. 2025 സാമ്പത്തിക വര്‍ഷം മുതല്‍, ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് 30 ശതമാനമാണ് നികുതി ചുമത്തിയത്.=

2022 നും 2025 നും ഇടയില്‍ ഇത്തരം 1400 ല്‍ അധികം വെബ്‌സൈറ്റുകളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ബ്ലോക്ക് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമകളാകുന്നതിനെ കുറിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങള്‍ നല്‍കുമ്പോള്‍ സാമ്പത്തി നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം പ്രക്ഷേപകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT