വളരെ കുറഞ്ഞ ചിലവിൽ സാധാരണക്കാരുടെ വിശപ്പ് അകറ്റുന്ന തെരുവോര ഭക്ഷണശാലകളാണ് തട്ടുകടകൾ. എന്നാൽ ഈ തട്ടുകട സംസ്കാരം ലോകത്തിന് പരിചയപ്പെടുത്തിയതാരാണ്. ലോകത്തിന് ലഘുവായ ഭക്ഷണ ശീലം സമ്മാനിച്ചത് അമേരിക്കകാരനായ കേണൽ ഹാർലാൻഡ് സാൻഡേഴ്‌സാണ്. ഇദ്ദേഹമാണ് കെഎഫ്സി എന്ന ബഹുരാഷ്ട്ര ഭക്ഷണ നിർമാണ കമ്പനിയുടെ അമരക്കാരൻ.
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് കെൻ്റക്കിയിലെ റോഡരികിൽ ഫ്രൈഡ് ചിക്കൻ വിൽക്കാൻ ഹാർലാൻഡ് തീരുമാനിച്ചത്. ഈ കടയിൽ വിളമ്പിയിരുന്നത് പ്രത്യേകതരം മസാല കൂട്ട് ചേർത്തുള്ള ഫ്രൈഡ് ചിക്കനായിരുന്നു.
ഇതോടെ ഈ വിഭവത്തിന് ഡിമാൻ് ഏറി. ഇതിൻ്റെ സാധ്യത തിരിച്ചറിഞ്ഞ് ഹാർലാൻഡ് തട്ടുക്കട വിശാലമാക്കി കെഎഫ്‌സി എന്ന ഫ്രാഞ്ചസി ആരംഭിക്കുകയായിരുന്നു. കെൻ്റക്കി ഫ്രൈഡ് ചിക്കൻ ഇതാണ് കെഎഫ്‌സി. യുഎസിലെ ഭക്ഷണപ്രിയരുടെ ഇടയിൽ ഈ ബ്രാൻറ് പെട്ടെന്ന് തന്നെ ഹിറ്റായി.
ഇതിനിടെ പ്രായത്തിൻ്റെ അവശതയെ തുടർന്ന് ഹാർലാൻഡ് കമ്പനി 1964-ൽ ഒരു കൂട്ടം നിക്ഷേപകർക്ക് വിറ്റു. ഇവർ ഇതിനെ ആദ്യത്തെ യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലകളിൽ ഒന്നാക്കി മാറ്റി. പിന്നീട് ആർ.ജെ റെയ്നോൾഡ്സ് ഫുഡ് ആൻഡ് ടുബാക്കോ കമ്പനി കെഎഫ്സിയെ ഏറ്റെടുത്തു. കുറച്ച് കാലങ്ങൾക്ക് ശേഷം കൈമറിഞ്ഞ് പെപ്സിക്കോയിൽ എത്തി.
പെപ്സിക്കോ ഏറ്റെടുത്തതോടെയാണ് കെഎഫ്‌സി എന്ന ബ്രാൻഡ് ആഗോളതലത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. 1987 ൽ ചൈനയിൽ കെഎഫ്‌സി റസ്റ്റോറൻ്റ് ആരംഭിച്ചു. ചൈനയിൽ തുറക്കുന്ന ആദ്യത്തെ പാശ്ചാത്യ റെസ്റ്റോറൻ്റ് ശൃംഖലയായിരുന്നു ഇത്.
ഇത് ചൈനയിൽ വൻ വിപ്ലവം സൃഷ്ടിച്ചുവെന്ന് പറയാം. പിന്നീട് ഇതിൻ്റെ പേര് യം ബ്രാൻഡുകൾ എന്ന് മാറ്റി. 1990 കളിൽ ഇന്ത്യൻ സർക്കാർ സാമ്പത്തിക ഉദാരവൽക്കരണ നയം നടപ്പിലാക്കിയതിനുശേഷം ഇന്ത്യയിൽ പ്രവേശിച്ച ആദ്യത്തെ വിദേശ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് ശൃംഖലയായിരുന്നു കെഎഫ്‌സി. രാജ്യത്തുടനീളം 30 ഔട്ട്‌ലെറ്റുകൾ തുറക്കാൻ അന്ന് കെഎഫ്‌സിക്ക് സർക്കാർ അനുമതി നൽകി.
ഇന്ത്യയിലെ ആദ്യത്തെ കെഎഫ്‌സി ഔട്ട്‌ലെറ്റ് 1995 ജൂണിൽ ബാംഗ്ലൂരിൽ ആരംഭിച്ചു. എന്നാൽ പല തെറ്റിദ്ധാരണങ്ങളും വ്യാപാരികളുടെ എതിർപ്പും കെഎഫ്സിയുടെ തുടർ നടപടികളെ ബാധിച്ചു. കെഎഫ്സിയുടെ ഭക്ഷണത്തിൽ ഹാനികരമായ അളവിൽ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രതിഷേധിച്ചു.
പ്രാദേശികമായ പ്രതിഷേധങ്ങൾ ബ്രാൻഡിനെ തളർത്തിയെങ്കിലും പിന്നീട് അങ്ങോട്ട് കെഎഫ്സിയുടെ സുവർണ കാലമായിരുന്നു. ഇന്ന് ഇന്ത്യയിൽ നിലവിൽ 1,191-ലധികം കെഎഫ്‌സി (KFC) ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഹാർലാൻഡ് സാൻഡേഴ്‌സിൻ്റെ മുഖമാണ് ചുവപ്പും വെള്ളയും പശ്ചാത്തലത്തിൽ ലോഗോയായി കെഎഫ്‌സിയുടെ പാത്രങ്ങളിലും ചുമരുകളിലും ഇടംപിടിച്ചിരിക്കുന്നത്.