

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 150 കോടിയുടെ സ്വത്ത് തർക്കത്തെ തുടർന്ന് 52കാരനായ പിതാവിനെ മകൻ വെടിവച്ചു കൊന്നു. മോദിനഗർ ബുഡാന ഗ്രാമത്തിലെ ഹരിഓം ചൗധരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മകൻ നിഖിലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
നാല് പ്രത്യേക സംഘങ്ങളാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്. പ്രദേശത്തെ പ്രമുഖ കർഷകനായ ഹരി ഓം ചൗധരിക്ക് മോദിനഗറിൽ 75 ഏക്കർ ഭൂമിയും ഡൽഹി-മീററ്റ് റോഡിൽ ഒരു വലിയ മാർക്കറ്റുമുണ്ട്.
ഏകദേശം 150 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ലഹരിക്ക് അടിമയായ നിഖിലിന് ഏതാനും കടകളും 25 ഏക്കർ ഭൂമിയും പിതാവ് നേരത്തെ തന്നെ നൽകിയിരുന്നു. എന്നാൽ ബാക്കിയുള്ള സ്വത്തുക്കൾ കൂടി വേണമെന്ന് ആവശ്യപ്പെട്ട് നിഖിൽ നിരന്തരം വഴക്കിട്ടിരുന്നു.
മദ്യപാനിയായ മകൻ സ്വത്തുക്കളെല്ലാം ധൂർത്തടിക്കുമെന്ന് പറഞ്ഞ് പിതാവ് ബാക്കി സ്വത്ത് നൽകാൻ വിസമ്മതിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ നിഖിലിനെ ഹരി ഓം ചൗധരി ശകാരിച്ചതോടെ നിഖിൽ കൈയ്യിലുണ്ടായിരുന്ന തോക്ക് എടുത്ത് പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു.
മുഖത്ത് വെടിയേറ്റ് താഴെ വീണ പിതാവിൻ്റെ നെഞ്ചിലും വയറിലുമായി മൂന്ന് തവണ കൂടി നിഖിൽ വെടിവച്ചു. ശരീരത്തിൽ നാല് മുതൽ ആറ് വരെ വെടിയുണ്ടകൾ ഏറ്റതായാണ് വിവരം. പ്രതിയായ നിഖിൽ മുൻപും വീട്ടിൽ സമാനമായ രീതിയിൽ അക്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.