ബൊളിവുഡ് താരം ആമിർ ഖാൻ Source: ANI
ENTERTAINMENT

മഹാഭാരതം സിനിമയാക്കുമ്പോൾ പിഴവുകൾ സംഭവിക്കാൻ പാടില്ല, അതൊരു വലിയ ഉത്തരവാദിത്തമാണ്: ആമിർ ഖാൻ

മഹാഭാരതത്തിന്റെ ചലച്ചിത്രാവിഷ്കാരം ആമിർ ഖാന്റെ സ്വപ്ന പദ്ധതിയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഹാഭാരതം വെള്ളിത്തിരയിലെത്തിക്കുക എന്നത് ബോളിവുഡ് താരം ആമിർ ഖാന്റെ വർഷങ്ങളായുള്ള സ്വപ്നമാണ്. ഈ സ്വപ്ന സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഈ സിനിമ വൈകുന്നതെന്നും മഹാഭാരത കഥയുടെ പ്രാധാന്യത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം.

സിഎൻഎൻ-ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, മഹാഭാരതം ഒരു സിനിമ എന്നതിലുപരി വലിയൊരു ഉത്തരവാദിത്തമാണെന്നാണ് ആമിർ പറഞ്ഞത്. ഇന്ത്യൻ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു കഥ കൈകാര്യം ചെയ്യുമ്പോൾ ക്ഷമ അത്യാവശ്യമാണെന്നാണ് താരം വിശ്വസിക്കുന്നത്.

"അതൊരു വലിയ സ്വപ്നമാണ്, എന്നെങ്കിലും അത് യാഥാർഥ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അത് ചെയ്യാനുള്ള അവസരം ലഭിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അതൊരു വലിയ ഉത്തരവാദിത്തമാണ്. ഇന്ത്യക്കാർ ഇതിനോട് വൈകാരികമായി അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. നമ്മുടെ രക്തത്തിൽ ഈ കഥയുണ്ട്. ഭഗവദ്ഗീത വായിക്കാത്തതോ, കുറഞ്ഞപക്ഷം മുത്തശ്ശിമാരിൽ നിന്ന് ആ കഥകൾ കേൾക്കാത്തതോ ആയ ഒരു ഇന്ത്യക്കാരനും ഉണ്ടാകില്ല. എല്ലാ ഇന്ത്യക്കാർക്കും ഇത്രമേൽ പ്രിയപ്പെട്ട ഒരു വിഷയത്തിൽ സിനിമ ചെയ്യുമ്പോൾ വലിയ ഉത്തരവാദിത്തമുണ്ട്. ഞാൻ പലപ്പോഴും പറയാറുണ്ട്, 'നിങ്ങൾക്ക് മഹാഭാരതത്തെ നിരാശപ്പെടുത്താം, പക്ഷേ മഹാഭാരതം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല' എന്ന്. മോശമായി ചെയ്താൽ അത് മഹാഭാരതത്തോട് ചെയ്യുന്ന ദ്രോഹമാകും. ഞാൻ എപ്പോഴെങ്കിലും ഈ സിനിമ ചെയ്യുന്നുണ്ടെങ്കിൽ, അത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനം നൽകുന്ന രീതിയിൽ ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്," എന്നായിരുന്നു ആമിർ ഖാന്റെ വാക്കുകൾ.

മഹാഭാരതത്തിന് ഉള്ള ആഗോള സാധ്യതയേപ്പറ്റിയും ആമിർ വാചാലനായി. വലിയ ബജറ്റിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളേക്കാളും ആഴവും സ്കെയിലുമാണ് ഈ സിനിമ ആവശ്യപ്പെടുന്നതെന്നും നടൻ വ്യക്തമാക്കി. ഹോളിവുഡ് ചിത്രങ്ങളായ 'ലോർഡ് ഓഫ് ദി റിങ്സ്', 'അവതാർ' എന്നിവയുമായി താരതമ്യം ചെയ്ത ആമിർ, ലോകത്തിന് മുന്നിൽ ഇന്ത്യയെ അഭിമാനപൂർവം അവതരിപ്പിക്കാൻ മഹാഭാരതത്തിന് സാധിക്കുമെന്ന് പറഞ്ഞു. 'എല്ലാ കഥകളുടെയും മാതാവ്' എന്നാണ് ഇന്ത്യൻ ഇതിഹാസത്തെ നടൻ വിശേഷിപ്പിച്ചത്. ലോകം വലിയ വിനോദ ചിത്രങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ മഹാഭാരതം എല്ലാറ്റിനും മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ അത് ശരിയായ രീതിയിൽ ചെയ്യാൻ താൻ ആവശ്യത്തിന് സമയം എടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'മഹാഭാരതം' ആമിർ ഖാന്റെ കരിയറിലെ അവസാന ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. "ഇത് ചെയ്തുകഴിഞ്ഞാൽ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യാനുണ്ടാകില്ല എന്ന് എനിക്ക് തോന്നിയേക്കാം," എന്ന് 2025 ജൂണിൽ നൽകിയ ഒരു അഭിമുഖത്തിൽ നടൻ സൂചിപ്പിച്ചിരുന്നു. നിലവിൽ, ഈ വലിയ ദൗത്യത്തിന്റെ അടിത്തറ ഭദ്രമാക്കുന്നതിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

SCROLL FOR NEXT