ENTERTAINMENT

സിനിമക്കായി ഷൂട്ട് ചെയ്ത അശ്ലീല ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്‌മെയിൽ ചെയ്തു; നടിയുടെ പീഡന പരാതിയിൽ നടൻ ഹേമന്ദ് കുമാർ അറസ്റ്റിൽ

ഈ വീഡിയോക്ക് ഒപ്പം നടിയുടെ സ്വകാര്യ വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് പരസ്യമായി അപകീർത്തിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: സിനിമാ ഷൂട്ടിങ്ങിനെന്ന പേരിൽ നടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തതിനും, ലൈംഗികമായി പീഡിപ്പിച്ചതിനും സംവിധായകനും നടനുമായ ഹേമന്ദ് കുമാറിനെ അറസ്റ്റ് ചെയ്തു. കർണാടകയിലെ ടെലിവിഷൻ അഭിനേതാവായ യുവനടിയുടെ പരാതിയിൽ രാജാജി നഗർ പൊലീസാണ് സംവിധായകനും നിർമാതാവും കൂടിയായ നടൻ ബി.ഐ ഹേമന്ദ് കുമാറിനെ പിടികൂടിയത്.

ലൈംഗിക പീഡനം, വഞ്ചനാ കുറ്റം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിന് പുറമെ സെൻസർ ബോർഡിൻ്റെ അനുമതിയില്ലാതെ, സിനിമയുടെ എഡിറ്റ് ചെയ്തതും സെൻസർ ചെയ്യാത്തതുമായ അശ്ലീലരംഗങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഈ വീഡിയോക്ക് ഒപ്പം നടിയുടെ സ്വകാര്യ വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് പരസ്യമായി അപകീർത്തിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നുണ്ട്.

2022ൽ ഹേമന്ത് നടിയെ സമീപിച്ച് '3' എന്ന സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. രണ്ട് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ഒരു കരാർ ഒപ്പിട്ടു. അതിൽ 60,000 രൂപ മുൻകൂറായി നൽകി. പിന്നീട്, ഹേമന്ത് ഷൂട്ട് വൈകിപ്പിച്ചുവെന്നും ശരീരം മുഴുവൻ വെളിവാക്കുന്ന വസ്ത്രം ധരിക്കാനും അശ്ലീല രംഗങ്ങളിൽ അഭിനയിക്കാനും നിർബന്ധിച്ചു കൊണ്ട് തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും പരാതിക്കാരി ആരോപിച്ചു. ചിത്രീകരണത്തിനിടെ അയാൾ തന്നോട് മോശമായി പെരുമാറിയെന്നും, ലൈംഗികമായി വഴങ്ങിക്കൊടുക്കാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി എന്നും നടി ആരോപിച്ചു.

ഫിലിം ചേംബർ വഴിയുള്ള മധ്യസ്ഥതയ്ക്ക് ശേഷം തൻ്റെ ഭാഗങ്ങൾ പൂർത്തിയാക്കിയെങ്കിലും, ഹേമന്ത് തുടർന്നും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അതിജീവിത ആരോപിച്ചു. നേരത്തെ ഷൂട്ട് ചെയ്ത സിനിമയുടെ എഡിറ്റ് ചെയ്തതും സെൻസർ ചെയ്യാത്തതുമായ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അവരുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചു, പരസ്യമായി അവരെ അപകീർത്തിപ്പെടുത്തി എന്നീ കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

2023ൽ മുംബൈയിൽ നടന്ന ഒരു പ്രമോഷണൽ പരിപാടിക്കിടെ ഹേമന്ത് തനിക്ക് പാനീയത്തിൽ മദ്യം കലർത്തി നൽകിയെന്നും മദ്യപിച്ചിരിക്കുന്ന അവസ്ഥയിൽ വീഡിയോ ചിത്രീകരിച്ചു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് സെക്സ് ചെയ്യാനായി ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നും നടി പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ നടൻ ഗുണ്ടകളെ അയച്ച് നടിക്കും അമ്മയ്ക്കും നേരെ വധഭീഷണി മുഴക്കി. നടനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

SCROLL FOR NEXT