ലാൽ  
ENTERTAINMENT

ആ പെണ്‍കുട്ടി ഓടി വന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്; വിധിയില്‍ സന്തോഷം: ലാല്‍

നടി ആദ്യം തന്റെ വീട്ടില്‍ വന്നപ്പോള്‍ ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചത് താനാണെന്നും ലാൽ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷവാനാണെന്ന് നടന്‍ ലാല്‍. പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലാല്‍ പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം.

ഗൂഢാലോചന ആരോപണം പിന്നീട് വന്നതാണ്. ആ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും കോടതിക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍ തനിക്ക് അറിയില്ല. അതിനെ കുറിച്ച് താന്‍ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ല. പൂര്‍ണമായും അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത്.

കേസ് തെളിയിക്കാന്‍ വേണ്ടി തന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. നടി ആദ്യം തന്റെ വീട്ടില്‍ വന്നപ്പോള്‍ ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചത് താനാണ്. പി.ടി. തോമസ് അല്ല. പിന്നീടാണ് പി.ടി. തോമസ് വന്നത്.

രണ്ടാം പ്രതി മാര്‍ട്ടിനെ കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചതും താനാണ്. മാര്‍ട്ടിനെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞപ്പോള്‍ അവനെ സംശയമുണ്ടെന്ന് താനാണ് പറഞ്ഞത്. അവന്റെ അഭിനയം ശരിയല്ല എന്ന് തോന്നി, നടനായതു കൊണ്ടാണോ എന്നറിയില്ല, അങ്ങനെ തോന്നി.

അതിനു ശേഷം ഒരു നോര്‍ത്ത് ഇന്ത്യന്‍ ഓഫീസര്‍ വന്നപ്പോള്‍ അദ്ദേഹത്തോടും പറഞ്ഞു. അതിനു ശേഷമാണ് അയാളെ വണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്നത്. അതൊരു വലിയ കാര്യമാണെന്ന് തന്നെ വിശ്വസിക്കുന്നു. കാരണം അതില്‍ നിന്നായിരുന്നു എല്ലാ കാര്യങ്ങളുടേയും തുടക്കം.

പിന്നീട് കോടതിയിലും പ്രോസിക്യൂഷനിലും എല്ലാ കാര്യങ്ങളും താനും കുടുംബവും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഭാവി കാര്യങ്ങളെ കുറിച്ച് ഊഹങ്ങളും തെറ്റിദ്ധാരണകളും നമ്മുടെ മനസ്സിലുണ്ട്. അതൊക്കെ ശരിയാണോ എന്നറിയണം. പെണ്‍കുട്ടി ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് തോന്നിയതെന്നും ലാല്‍ പറഞ്ഞു.

മേല്‍ക്കോടതിയിലേക്ക് പോവുകയാണെങ്കില്‍ അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ പറയാന്‍ തയ്യാറാണ്. വിധി വന്നത് വിധി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആളല്ല. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്ക് അറിയില്ല. വിധി പകര്‍പ്പ് പുറത്തുവരാതെ കൂടുതല്‍ പറയാന്‍ കഴിയില്ല. ദിലീപ് കുറ്റക്കാരന്‍ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞത് അക്കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT