ENTERTAINMENT

ഒരു 'ചെറിയ' അബദ്ധം; ബുമ്രയെ ഫുട്‌ബോളര്‍ എന്ന് വിളിച്ച് രാം ചരണ്‍, ക്ഷമാപണം

ബഹളത്തിനും തിരക്കിനുമിടയില്‍ പറ്റിപ്പോയതാണെന്ന് വിശദീകരണം

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരത്തെ ഫുട്‌ബോളര്‍ എന്ന് വിളിച്ച് നടന്‍ രാം ചരണ്‍. പുതിയ ചിത്രം 'പെദ്ധി'യുടെ മ്യൂസിക് ലോഞ്ചിനിടെയായിരുന്നു അബദ്ധം പറ്റിയത്. ജസ്പ്രീത് ബുമ്രയെയാണ് രാം ചരൺ ഫുട്ബോളർ എന്ന് വിളിച്ചത്. ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ രാം ചരണിനൊപ്പം നായിക ജാന്‍വി കപൂറും സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനും അടക്കമുള്ളവരും ഉണ്ടായിരുന്നു.

മ്യൂസിക് ലോഞ്ചിനു ശേഷം സംസാരിക്കുകയായിരുന്നു രാം ചരണ്‍. അവതാരകന്‍ ക്രിക്കറ്റ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു മറുപടി. സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് ഇതിഹാസം എന്നും ധോണിയെ കൂള്‍ എന്നും വിശേഷിപ്പിച്ച ശേഷമായിരുന്നു ബുമ്രയെ കുറിച്ച് പറഞ്ഞത്.

വിരാട് കോഹ്ലിയെ തീപ്പൊരി എന്നാണ് രാം ചരണ്‍ വിശേഷിപ്പിച്ചത്. രോഹിത് ശര്‍മ എല്ലാവരുടേയും പ്രിയപ്പെട്ടയാള്‍ എന്നും രാം ചരണ്‍ പറഞ്ഞു. ഏറ്റവും ഒടുവിലാണ് ബുമ്രയെ കുറിച്ച് ചോദിച്ചത്. ജസ്പ്രീത് ബുമ്രയുടെ വലിയ ആരാധകനാണ് താന്‍ എന്ന് പറഞ്ഞ് തുടങ്ങിയ രാം ചരണ്‍, തനിക്ക് ഫുട്‌ബോള്‍ വളരെ ഇഷ്ടമാണെന്നും ഫുട്‌ബോളിനെ അദ്ദേഹം മുന്നോട്ടു കൊണ്ടുപോകുകയാണെന്നും പറഞ്ഞു.

രാം ചരണിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. നിരവധി മീമുകളും ട്രോളുകളും ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഇതോടെയാണ് ഖേദപ്രകടനവുമായി താരം നേരിട്ടെത്തിയത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍, ജസ്പ്രീത് ബുമ്രയോട് താരം ക്ഷമ ചോദിച്ചു.

ചിലപ്പോള്‍ പേരുകള്‍ ഓര്‍മയുണ്ടാകാറില്ലെന്നും ബഹളത്തിനും തിരക്കിനുമിടയില്‍ പറ്റിപ്പോയ ഒരു മനുഷ്യസഹജമായ തെറ്റാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ജസ്പ്രീത് ബുമ്രയോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

SCROLL FOR NEXT