ബിഗ് ബോസ് മറാത്തി ആറാം സീസൺ മത്സരാർത്ഥിയായിരുന്നു നടിയും മോഡലുമായ സോണാലി റാവത്ത്. ഷോയുടെ അണിയറപ്രവർത്തകർക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സോണാലി. ബിഗ് ബോസ് ഹൗസിലെ സൗകര്യങ്ങൾ അത്യന്തം മോശമായിരുന്നുവെന്നും ശുചിത്വമില്ലായ്മ മൂലം തനിക്ക് ചർമ്മരോഗം പിടിപെട്ടെന്നുമാണ് നടി ആരോപിക്കുന്നത്.
അടുത്തിടെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നടി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ തടിപ്പുകളുടെയും പാടുകളുടെയും ക്ലോസപ്പ് ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾക്കൊപ്പം, ബിഗ് ബോസ് ഹൗസിനുള്ളിലെ മോശം സാഹചര്യങ്ങളെക്കുറിച്ചും നടി വിവരിച്ചിരുന്നു.
ബിഗ് ബോസ് ഹൗസിനുള്ളിലെ അടുക്കളയിൽ എലികൾ ഓടി നടക്കുകയായിരുന്നുവെന്നും ഭക്ഷണസാധനങ്ങൾ ഇവ കരണ്ടുതിന്ന അവസ്ഥയിലായിരുന്നുവെന്നുമാണ് സോണാലി പറയുന്നത്. കൂടാതെ, ഭക്ഷണത്തിൽ നിന്ന് പാറ്റകളെ ലഭിച്ചതായും നടി വെളിപ്പെടുത്തി. വീടിനുള്ളിലെ ശുചിത്വമില്ലായ്മ കാരണം തനിക്ക് 'സ്കാബീസ്' എന്ന ചർമ്മരോഗം ബാധിച്ചതായും സോണാലി ആരോപിച്ചു.
17 മത്സരാർത്ഥികളാണ് ബിഗ് ബോസ് മറാത്തി ആറാം സീണണിൽ പങ്കെടുത്തത്. ആകെ ഒരു ബാത്ത്റൂം മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ ആളുകൾ പുകവലിക്കുകയും ഭക്ഷണം കഴിക്കുകയും ഭക്ഷണാവശിഷ്ടങ്ങൾ ഇടുകയും ചെയ്തിരുന്നു. ചത്ത എലികളെ പോലും അവിടെ കണ്ടിട്ടുണ്ടെന്നും ടവ്വലുകൾ, നാപ്കിനുകൾ തുടങ്ങിയവ പോലും മറ്റ് മത്സരാർത്ഥികളുമായി പങ്കുവയ്‌ക്കാൻ നിർബന്ധിതയായെന്നും സോണാലി പറഞ്ഞു.
"ഗ്ലാമറിന് അപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർഥ്യമുണ്ട്. വലിയ വിശ്വാസത്തോടെയാണ് ഞാൻ ബിഗ് ബോസ് മറാത്തി 6ലേക്ക് പ്രവേശിച്ചത്. എന്നാൽ മടങ്ങിവന്നത് പകർച്ചവ്യാധിയുമായാണ്. ഇതിന് ഉത്തരവാദികളായ അണിയറപ്രവർത്തകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട സമയമായിരിക്കുന്നു," എന്നാണ് തന്റെ വീഡിയോയുടെ ക്യാപ്ഷനായി സോണാലി കുറിച്ചത്.
ബിഗ് ബോസ് മറാത്തി അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ചൂണ്ടിക്കാട്ടി എൻഡമോൾ പ്രൊഡക്ഷന് സോണാലി റാവത്ത് വക്കീൽ നോട്ടീസ് അയച്ചതായാണ് സ്ക്രീൻ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 19ന് ഷോയുടെ ഫിനാലെ നടക്കാനിരിക്കെയാണ് നടിയുടെ ഈ നീക്കം. അതേസമയം, സോണാലി റാവത്തിന്റെ ആരോപണങ്ങളോട് ബിഗ് ബോസ് മറാത്തി അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.