അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഭൂത് ബംഗ്ല'. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രം മികച്ച കളക്ഷനാണ് ആദ്യ ദിനം സ്വന്തമാക്കിയത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടെയിലാണ് ഈ നേട്ടം. അക്ഷയ് ആരാധകരെ തൃപ്തിപ്പെടുത്തിയ 'ഭൂത് ബംഗ്ല', കോമഡി സിനിമാപ്രേമികളെ അത്രകണ്ട് ആകർഷിച്ചില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത് കളക്ഷനെ സാരമായി ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വെള്ളിയാഴ്ച മാത്രം 12.15 കോടി രൂപയാണ് ഈ ഹൊറർ കോമഡി ചിത്രം സ്വന്തമാക്കിയത്. 2021ൽ റിലീസ് ആയ 'സൂര്യവംശി'ക്ക് (26.29 കോടി) ശേഷം അക്ഷയ് കുമാറിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്. വ്യാഴാഴ്ച നടന്ന പെയ്ഡ് പ്രിവൂ ഷോകളിലൂടെ 3.50 കോടി രൂപ ചിത്രം കളക്ട് ചെയ്തിരുന്നു. 18.90 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ. ആഗോളതലത്തിൽ 23.90 കോടിയാണ് സിനിമ ഇതുവരെ നേടിയത്.
14 വർഷത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണ് 'ഭൂത് ബംഗ്ല'. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, ഗോവർദ്ധൻ അസ്രാനി, രാജ്‍പാൽ യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാലാജി മോഷൻ പിക്ചേഴ്സാണ് നിർമാണം.