നടി ഫാത്തിമ സന ഷെയ്‌ഖ് Source: X
ENTERTAINMENT

"എപ്പോഴും വിശപ്പാണ്, മണിക്കൂറുകളോളം നിർത്താതെ ഭക്ഷണം കഴിക്കും"; ബുളീമിയ രോഗബാധിതയെന്ന് നടി ഫാത്തിമ സന ഷെയ്‌ഖ്

നേരത്തെ തനിക്ക് അപസ്മാര രോഗമുള്ളതായി നടി വെളിപ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

മുംബൈ: തനിക്ക് ബുളീമിയ എന്ന രോഗമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്‌ഖ്. വിജയ് വർമയ്‌ക്കൊപ്പമുള്ള 'ഗുസ്താഖ് ഇഷ്‌ക്' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് ഇക്കാര്യം നടി വെളിപ്പെടുത്തിയത്. 'ദംഗൽ' എന്ന ആമിർ ഖാൻ ചിത്രത്തിലൂടെയാണ് ഫാത്തിമ പ്രശസ്തയാകുന്നത്. ഈ സിനിമയ്ക്ക് വേണ്ടി നടി ഭാരം വർധിപ്പിച്ചിരുന്നു. തനിക്കിപ്പോൾ ഭക്ഷണവുമായുള്ളത് ഒരുതരം ടോക്സിക് ബന്ധമാണെന്നും ഇത് തന്റെ മാനസികാരോഗ്യത്തെ ബാധിച്ചതായുമാണ് നടിയുടെ വെളിപ്പെടുത്തൽ.

ഫാത്തിമ സന ഷെയ്‌ഖിന്റെ വാക്കുകൾ - "എനിക്ക് എന്നോട് തന്നെ ഒരു ലവ്-ഹേറ്റ് റിലേഷൻഷിപ്പ് ആണുണ്ടായിരുന്നത്. എന്റെ ഇമേജിന് ഞാൻ അടിമയായിരുന്നു. എന്നാൽ, ഭക്ഷണവുമായി എനിക്കുണ്ടായിരുന്നത് ഒരു ടോക്സിക് ബന്ധമായിരുന്നു. ദംഗലന് വേണ്ടിയാണ് ഞാൻ ഭാരം കൂട്ടിയത്. എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കിൽ, അതിനു വേണ്ടി ഞാൻ എന്തും ചെയ്യും. ഭാരം വർധിപ്പിക്കാനായി ഞാൻ മൂന്ന് മണിക്കൂർ വ്യായാമം ചെയ്തു, 2,500-3,000 കലോരി ഭക്ഷണം ദിവസേന കഴിച്ചു. സിനിമ കഴിഞ്ഞിട്ട് പിന്നെ അധികം പരിശീലനം ഉണ്ടായിരുന്നില്ല. അപ്പോഴും ഞാൻ 3,000 കലോരി ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം എനിക്ക് കംഫര്‍ട്ട്‌സോണായി മാറി."

റിയാ ചക്രവർത്തിയുടെ പോഡ്കാസ്റ്റിലായിരുന്നു നടിയുടെ ഈ വെളിപ്പെടുത്തൽ. രണ്ട് വർഷം താൻ ബുളീമിയ എന്ന രോഗവുമായി മല്ലിട്ടതായി ഫാത്തിമ വെളിപ്പെടുത്തി. " ഒരു ദിവസം ഇത്രയും കലോറി കഴിക്കുക, ഇത്തരത്തിൽ കർക്കശമായ ഒരു ധാരണയാണ് എനിക്ക് ഡയറ്റിനെപ്പറ്റി ഉണ്ടായിരുന്നത്. ഇപ്പോഴും ഭക്ഷണത്തെപ്പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്. എനിക്ക് എപ്പോഴും വിശപ്പാണ്. പക്ഷെ ഇപ്പോള്‍ കൂടുതല്‍ ബോധവതിയാണ്. അനാരോഗ്യകരമയ ആ റിലേഷന്‍ഷിപ്പ് (ഭക്ഷണവുമായുള്ള) ഞാന്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്," ഫാത്തിമ സന പറഞ്ഞു. നേരത്തെ തനിക്ക് അപസ്മാര രോഗമുള്ളതായി നടി വെളിപ്പെടുത്തിയിരുന്നു.

എന്താണ് ബുളീമിയ നെർവോസ?

ഒരു തരം ഈറ്റിങ് ഡിസോഡറാണ് ബുളീമിയ നെർവോസ. ലക്ഷണക്കണക്കിന് ആളുകളെ ബാധിച്ച ഈ രോഗാവസ്ഥ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ രോഗമുള്ളവർ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിനാൽ അവരുടെ ശരീര ഭാരം വർധിക്കും. പിന്നാലെ, ഇവർക്ക് കുറ്റബോധവും ലജ്ജയും അനുഭവപ്പെടും. ഇത് അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അനാരോഗ്യകരമായ രീതികൾ പിന്തുടരാൻ കാരണമാകും. ഉദാഹരണത്തിന് ഭക്ഷണം കഴിച്ചയുടനെ ഛർദ്ദിക്കുക. ഇത്തരത്തിൽ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും തീരുമാനങ്ങള്‍ എടുക്കുന്ന രീതിയേയും ബാധിക്കുന്ന സങ്കീര്‍ണമായ രോഗമാണ് ബുളീമിയ.

ചികിത്സ

ബുളീമിയ എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മുതൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് വരെ ഇത് കാരണമായേക്കാം. ഇത്തരക്കാരിൽ വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ ചിന്തകൾ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ സാധാരണയാണ്. തെറാപ്പിയിലൂടെയും ആരോഗ്യകരമായ ഡയറ്റിങ്ങിലൂടെയും മരുന്നുകൾ കൊണ്ടും ബുളീമിയ ഭേദമാക്കാമെന്നാണ് ഡോക്ടര്‍ പറയുന്നത്.

SCROLL FOR NEXT