വിജയ് നായകനായ 'ജന നായകൻ' സിനിമ ഇന്റർനെറ്റിൽ ചോർന്നതിൽ പ്രതികരിച്ച് നടി മമിത ബൈജു. ചിത്രത്തിൽ വിജയ്‌ക്കൊപ്പം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് മമിതയാണ്. പൈറസിയെ പിന്തുണയ്ക്കരുതെന്നും സിനിമ ബിഗ് സ്ക്രീനിൽ അനുഭവിക്കേണ്ടതാണെന്നും നടി അഭിപ്രായപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
മമിത ബൈജുവിന്റെ കുറിപ്പ്:
പ്രിയ പ്രേക്ഷകരേ,
നിരവധി ആളുകളുടെ കഠിനാധ്വാനവും അഭിനിവേശവും അർപ്പണബോധവും നിറഞ്ഞതാണ് ഒരു സിനിമ. ഓരോ ദിവസവും അവർ അതിനുവേണ്ടി തങ്ങളുടെ ഏറ്റവും മികച്ചത് നൽകുന്നു.
അങ്ങനെ നിർമിച്ച ഒരു ചിത്രം നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുമ്പോൾ വലിയ നിരാശ തോന്നുന്നു. ചില നിമിഷങ്ങൾ ഞങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ ബിഗ് സ്‌ക്രീനിൽ തന്നെ ഒരുമിച്ച് അനുഭവിക്കേണ്ടവയാണ്.
അതുകൊണ്ട്, ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ നമുക്ക് സിനിമ ആസ്വദിക്കാം. ദയവായി പൈറസിയെ പിന്തുണയ്ക്കരുത്. സിനിമയെയും അതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ നമുക്ക് ഒത്തൊരുമിച്ച് നിൽക്കാം.
വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് 'ജന നായകൻ'. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒൻപതിന് പൊങ്കലിന് എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ റിലീസ് സെൻസർ പ്രതിസന്ധി കാരണം തടസപ്പെട്ടത് ആരാധകരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു. അതിനിടെയിലാണ് സിനിമ ഓൺലൈനിൽ ചോർന്നത്.
സിനിമയുടെ പ്രധാന ഭാഗങ്ങളും ഏതാണ്ട് മുഴുവൻ സിനിമയും തന്നെ ചോർന്നതായി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി വീഡിയോകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പൈറസി തടയാൻ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും നിർമാതാക്കൾ അറിയിച്ചു. ഓരോ ഡിജിറ്റൽ നീക്കവും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് ഇവർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
വിജയ്, ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.