"പൈറസി രാഷ്ട്രീയത്തിന് അതീതമാണ്"; 'ജന നായകൻ' ചോർന്നതിൽ മൗനം വെടിഞ്ഞ് സൂപ്പർ താരങ്ങൾ

സിനിമയുടെ പ്രധാന ഭാഗങ്ങൾ ചോർന്നതായി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചു
കമൽ ഹാസൻ, വിജയ്, രജനികാന്ത്
കമൽ ഹാസൻ, വിജയ്, രജനികാന്ത്
Published on
Updated on

വിജയ് നായകനായ 'ജന നായകൻ' സിനിമ ഇന്റർനെറ്റിൽ ചോർന്നതിൽ പ്രതികരിച്ച് തമിഴ് സൂപ്പർ താരങ്ങളായ കമൽ ഹാസനും രജനികാന്തും. സിസ്റ്റത്തിന്റെ പരാജയമാണിതെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടപ്പോൾ സംഭവത്തെ "ഞെട്ടിപ്പിക്കുന്നത്" എന്നും "വേദനാജനകം" എന്നുമാണ് രജനികാന്ത് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.

"ജന നായകൻ സിനിമ ഇന്റർനെറ്റിൽ ആരോ പുറത്തുവിട്ടത് വലിയ ഞെട്ടലും വേദനയും ഉണ്ടാക്കി. ചലച്ചിത്ര സംഘടനകൾ ഇതിനെതിരെ ശബ്ദമുയർത്തണം. സർക്കാർ ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി അവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. ഇത്തരം കുറ്റകൃത്യങ്ങൾ ഇനി തുടരാൻ അനുവദിക്കരുത്," എന്നാണ് രജനികാന്ത് എക്സിൽ കുറിച്ചത്.

സിനിമയുടെ സെൻസർ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടു. സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലുണ്ടായ അനാവശ്യമായ താമസം പൈറസിക്ക് വളക്കൂറുള്ള മണ്ണൊരുക്കി. നിയമപരമായ വഴി തടസപ്പെടുമ്പോൾ നിയമവിരുദ്ധ മാർഗങ്ങൾ സജീവമാകുമെന്നും താരം കൂട്ടിച്ചേർത്തു.

" പൈറസി രാഷ്ട്രീയത്തിന് അതീതമാണ്. അത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണ്. നൂറുകണക്കിന് കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും അധ്വാനത്തെയും, നമ്മൾ സ്നേഹിക്കുന്ന സിനിമയെ നിലനിർത്തുന്ന സത്യസന്ധരായ നികുതിദായകരായ നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും നിക്ഷേപത്തെയുമാണ് ഇത് അപകടത്തിലാക്കുന്നത്. വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ സ്രഷ്ടാവിനെ ആര് സംരക്ഷിക്കും? ഉത്തരവാദിത്തം, വേഗത്തിലുള്ള സർട്ടിഫിക്കേഷൻ, കർശനമായ നിയമപാലനം, തത്സമയ നടപടിക്രമം എന്നിവ നമുക്ക് ആവശ്യമാണ്. യഥാർഥ സിനിമാ പ്രേമികൾ ഒത്തൊരുമിച്ച്, തിയേറ്ററുകളിൽ പോയി നിയമപരമായ രീതിയിൽ സിനിമ കണ്ട് ഇതിന് തക്കതായ മറുപടി നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. മുൻപ് നിങ്ങൾ എനിക്കൊപ്പം നിന്നതുപോലെ തന്നെ," എന്നും കമൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

കമൽ ഹാസൻ, വിജയ്, രജനികാന്ത്
"പൈറസി പ്രോത്സാഹിപ്പിക്കരുത്, നൂറുകണക്കിന് ആളുകളുടെ ചോരയും നീരുമാണ് ഓരോ സിനിമയും"; 'ജന നായകൻ' വിവാദത്തിൽ ശിവകാർത്തികേയൻ

വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് 'ജന നായകൻ'. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒൻപതിന് പൊങ്കലിന് എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ റിലീസ് സെൻസർ പ്രതിസന്ധി കാരണം തടസപ്പെട്ടത് ആരാധകരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു. ഇന്റർനെറ്റിൽ ചിത്രം ചോർന്നത് ഇത് ഇരട്ടിപ്പിച്ചിരിക്കുകയാണ്.

സിനിമയുടെ ടൈറ്റിൽ കാർഡ്, വിജയ്‌യുടെ ഇൻട്രൊഡക്ഷൻ സീൻ, ക്ലൈമാക്സ് എന്നിവ ഉൾപ്പെടെയാണ് ചോർന്നിരിക്കുന്നത്. ടെസ്റ്റ് സ്ക്രീനിങ്ങിനിടെ പകർത്തിയ വീഡിയോ ക്ലിപ്പുകളാണിവ എന്നാണ് സൂചന. സിനിമയുടെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള എച്ച്‌ഡി പ്രിന്റും ചോർന്നതായി റിപ്പോർട്ടുകളുണ്ട്.

കമൽ ഹാസൻ, വിജയ്, രജനികാന്ത്
"ഇതാണ് സൂപ്പർസ്റ്റാർ ഹാഷിർ"; സീനിലില്ലാത്ത നടന് യുകെയിൽ എന്താ കാര്യം? മറുപടിയുമായി 'വാഴ 2' മേക്കപ്പ് ആർട്ടിസ്റ്റ്

അതേസമയം, സിനിമയുടെ പ്രധാന ഭാഗങ്ങളും ഏതാണ്ട് മുഴുവൻ സിനിമയും തന്നെ അനധികൃതമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി വീഡിയോകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പൈറസി തടയാൻ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും നിർമാതാക്കൾ അറിയിച്ചു. ഓരോ ഡിജിറ്റൽ നീക്കവും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com