പാർവതി തിരുവോത്ത്, രഞ്ജിത്ത് 
ENTERTAINMENT

രഞ്ജിത്തിന്റെ അറസ്റ്റിൽ ഞെട്ടലില്ല, ശിക്ഷ എന്ന പേരിൽ നടക്കുന്നത് പെർഫോ‍മൻസ്: പാർവതി തിരുവോത്ത്

ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീകൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പാർവതി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിൽ പ്രതികരിച്ച് നടിയും വുമൺ ഇൻ സിനിമ കളക്ടീവ് (WCC) സ്ഥാപകാംഗവുമായ പാ‍ർവതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് നടിയുടെ പ്രതികരണം. ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീകൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പാർവതി ചൂണ്ടിക്കാട്ടി.

"രഞ്ജിത്തിന്റെ അറസ്റ്റിൽ എനിക്ക് അത്ഭുതമോ ഞെട്ടലോ ഇല്ല. ഭൂതകാലത്ത് ചെയ്ത തെറ്റുകളുടെ പിഴയൊടുക്കുന്നവരല്ല അവർ. ചിലര് പറയുന്നത് കേൾക്കാം, 'നിങ്ങൾ അതിജീവിതർ പറയുന്നത് കേട്ടു, മറു ഭാ​ഗത്തിന്റേയോ?' നിങ്ങൾ തർക്കിച്ചോളൂ. ഞങ്ങൾക്ക് ജോലി കൂടി ചെയ്യണം. ഞങ്ങൾ ആക്ടിവിസ്റ്റുകൾ ആയിരിക്കണം, ഈ ചോദ്യങ്ങളുടെ ഭാരം പേറണം, കാശും ഉണ്ടാക്കണം, പ്രസക്തി നിലനിർത്തുകയും വേണം. കരീന കപൂർ ഒരു അഭിമുഖത്തിൽ പറഞ്ഞപോലെ- 'ഞാൻ മടുത്തുപോയി!' ശരിക്കും മടുത്തുപോയി.

ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും പെർഫോ‍മൻസ് മാത്രമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ, എന്തുകൊണ്ടാണ് അതിജീവിതർ പരാതിയുമായി മുന്നോട്ട് വരാത്തതെന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ, പരാതിയുമായി പുറത്തുവരുന്ന നിമിഷം മുതൽ സ്ത്രീകൾ തൊഴിലിടങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നു എന്ന യാഥാർഥ്യം അവർ മനസിലാക്കുന്നില്ല," പാർവതി തിരുവോത്ത് പറഞ്ഞു.

അതിജീവിതരുടെ പോരാട്ടങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. "അവർക്ക് തങ്ങളുടെ കുടുംബം പോറ്റാനുള്ള വരുമാനം കണ്ടെത്താൻ കഴിയുന്നില്ല. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നുള്ളവരല്ലെങ്കിൽ എത്ര സ്ത്രീകൾക്ക് ഇത് താങ്ങാൻ കഴിയും? ഈ കേസുകൾ അവരുടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും. താഴേത്തട്ടിലുള്ള ഈ യാഥാർത്ഥ്യം ആളുകൾ മനസ്സിലാക്കുന്നില്ല. അവർക്ക് വേണ്ടത് സെൻസേഷണലിസം മാത്രമാണ്. പേരുകൾ പുറത്തുവരണമെന്ന് മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ; നീതി നടപ്പാക്കണമെന്നല്ല. നിയമമോ പൊതുസമൂഹമോ മാധ്യമങ്ങളോ ഇതിന്റെ മറുവശത്ത് ഒരു മനുഷ്യനുണ്ടെന്ന കാര്യം പരിഗണിക്കുന്നതേയില്ല." നടി പറഞ്ഞു.

സിനിമാ സെറ്റുകളിൽ ഐസിസി (ആഭ്യന്തര പരാതി പരിഹാര സമിതി) എന്നത് സാധാരണവും അത്യാവശ്യവുമായ ഒന്നാണെന്ന് സ്ഥാപിക്കാൻ ഡബ്ല്യുസിസിയും സിനിമാ മേഖലയിലെ മറ്റ് ചിലരും കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും പാർവതി കൂട്ടിച്ചേ‍ർത്തു.

കൊച്ചിയിൽ സിനിമ ഷൂട്ടിങ്ങിനിടെ കാരവാനിൽ വച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവനടിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മാർച്ച് 31 തൊടുപുഴയിൽ വച്ച് സംവിധായകൻ അറസ്റ്റിലായത്. തുടർന്ന് രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

2009ൽ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വച്ച് ബം​ഗാളി നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന മറ്റൊരു പരാതിയും 2012ൽ യുവാവിനെ പീഡിപ്പിച്ചു എന്ന ആരോപണവും രഞ്ജിത്തിനെതിരെ നേരത്തെ ഉയർന്നിരുന്നു.

SCROLL FOR NEXT