കൊച്ചി: നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' തരംഗമാകുന്നു. പ്രായഭേദമന്യേ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബിൽ പ്രവേശിച്ചിരിക്കുകയാണ്. വെറും ഏഴ് ദിവസം കൊണ്ടാണ് ഈ നേട്ടം. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് നവാഗതർ കേന്ദ്ര കഥപാത്രമായ ഒരു ചിത്രം ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഈ നേട്ടം കൈവരിക്കുന്നത്.
ഓപ്പണിങ് ഡേയിൽ തന്നെ 10.5 കോടി രൂപയാണ് ആഗോള തലത്തിൽ 'വാഴ 2' സ്വന്തമാക്കിയത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലും റിലീസ് ദിനം മുതൽ ചിത്രം മുന്നിലാണ്. 'വാഴ' ആദ്യ ഭാഗം നേടി 41.75 കോടി രൂപ കളക്ഷൻ ആദ്യ ഞായറാഴ്ച പിന്നിട്ടപ്പോൾ തന്നെ ചിത്രം മറികടന്നിരുന്നു.
സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവരുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈകാരികമായ രംഗങ്ങളിൽ ഇവരുടെ അഭിനയം മികച്ചു നിന്നുവെന്നാണ് പ്രേക്ഷക അഭിപ്രായം. ഇവർക്കൊപ്പം ബിജു കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. മലയാളി മങ്കീസ്, രജത് പ്രകാശ് (ഹാറ്റ്‌സ്മിത്ത്), പാർവതീഷ് പ്രദീപ്, അർസീ, മുത്തു, അർക്കാഡോ, ജസീർ മുഹമ്മദ്, അശ്വിൻ ആര്യൻ, ഇലക്ട്രോണിക് കിളി തുടങ്ങിയവരാണ് സിനിമയുടെ സംഗീതം ഒരുക്കിയത്. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ. പാട്ടുകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും ഹിറ്റാണ്. 'തൂക്കി', 'കൂടെപ്പിറന്നവരല്ലേ' എന്നിവയാണ് ശ്രോതാക്കളെ ഏറെ ആകർഷിച്ച ട്രാക്കുകൾ.
അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. സംവിധായകൻ വിപിന്‍ ദാസിന്റേതാണ് തിരക്കഥ. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കണ്ണന്‍ മോഹൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ - സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ - അരുൺ എസ് മണി, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ.