പാർവതി തിരുവോത്ത് Source: News Malayalam 24x7
ENTERTAINMENT

ഇനി ആക്ഷൻ മാത്രമല്ല; പാർവതി തിരുവോത്ത് സംവിധായികയാകുന്നു

ആദ്യ സംവിധാന സംരംഭത്തിന്റെ ജോലികളിലാണെന്ന് നടി സ്ഥിരീകരിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി നടി പാർവതി തിരുവോത്ത്. ആദ്യ സംവിധാന സംരംഭത്തിന്റെ ജോലികളിലാണെന്ന് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ നടി സ്ഥിരീകരിച്ചു.

കോവിഡ് മഹാമാരിയുടെ സമയത്താണ് പ്രൊജക്ടിന് തുടക്കമായതെന്ന് പാർവതി വെളിപ്പെടുത്തി. രണ്ട് എഴുത്തുകാർ ഒരു തിരക്കഥയുമായി നടിയെ സമീപിക്കുകയായിരുന്നു. സിനിമയിൽ അഭിനയിക്കാനായിരിക്കും അവർ ആവശ്യപ്പെടുന്നത് എന്നാണ് ആദ്യം കരുതിയതെന്നും സംവിധായിക എന്ന നിലയിലാണ് തന്നെ സമീപിച്ചതെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും നടി പറഞ്ഞു.

എന്തുകൊണ്ടാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ സമ്മതം മൂളിയതെന്നും അഭിമുഖത്തിൽ പാർവതി വ്യക്തമാക്കി. "ഞാൻ ആ തിരക്കഥ വായിച്ചു. എന്തുകൊണ്ടാണ് അവർ എന്നെക്കൊണ്ട് ഇത് സംവിധാനം ചെയ്യിക്കാൻ ആഗ്രഹിച്ചതെന്ന് എനിക്ക് മനസിലായി. അതുകൊണ്ടാണ് ഞാൻ ഇത്രയധികം ആവേശഭരിതയായതും ഇതിനായി ഇത്രയും കാലം കാത്തിരുന്നതും. ഈ പ്രൊജക്ട് സെറ്റ് ചെയ്യുന്നതിനിടയിലുള്ള കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എനിക്ക് മറ്റ് പല സിനിമകളും ചെയ്യാമായിരുന്നു. എന്നാൽ ഇതായിരിക്കണം എന്റെ ആദ്യത്തെ (സംവിധാന) സിനിമ എന്ന് എനിക്ക് തോന്നി," എന്നാണ് പാർവതി തിരുവോത്ത് പറഞ്ഞത്.

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാളം പ്രോജക്ടുകൾ. നടി ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. മമ്മൂട്ടി ചിത്രം 'റോഷാക്കി'ന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഐ നോബഡി'. 'എന്ന് നിന്റെ മൊയ്‌ദീൻ', 'കൂടെ', 'മൈ സ്റ്റോറി' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹൃത്വിക് റോഷൻ നി‍ർമിക്കുന്ന 'സ്റ്റോം' എന്ന ഹിന്ദി വെബ് സീരീസിലും നടി ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

SCROLL FOR NEXT