

ചെന്നൈ: തമിഴ് സിനിമാലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി നടൻ രവി മോഹൻ. പങ്കാളി ആരതിയിൽ നിന്ന് നിയമപരമായി വിവാഹമോചനം ലഭിക്കുന്നത് വരെ അഭിനയിക്കില്ലെന്നും തന്റെ ഒരു സിനിമയും തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്നും വാർത്താ സമ്മേളനത്തിൽ താരം വ്യക്തമാക്കി.
"വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യില്ല. കാരണം, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല. എനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങൾ എനിക്ക് താങ്ങാൻ കഴിയുന്നില്ല. എന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ഈ സൈബറാക്രമണവും തീർന്നിട്ടേ ഇനി അഭിനയിക്കുന്നുള്ളൂ," നടൻ പറഞ്ഞു.
വികാരാധീനനായിട്ടാണ് നടൻ മാധ്യമങ്ങളോട് സംസാരിച്ചത്. രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിച്ചതായി ഗായിക കെനിഷ ഫ്രാൻസിസ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വാർത്താസമ്മേളനം. കെനിഷയുമായുള്ള ബന്ധം വേർപിരിയുന്നതിൽ ഓൺലൈൻ ട്രോളുകളും കാരണമായിട്ടുണ്ടെന്ന് നടൻ പറഞ്ഞു. നിലവിലെ വിവാദങ്ങൾ കാരണം താൻ കടന്നുപോകുന്ന കടുത്ത മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹം തുറന്നുസംസാരിച്ചു. തന്റെ പങ്കാളിയുടെ (മുൻ ഭാര്യ) കുടുംബത്തിൽ നിന്നും നേരിട്ട കടുത്ത മാനസിക പീഡനങ്ങൾ കാരണം താൻ സ്വയം ഉപദ്രവിക്കാൻ പോലും തുടങ്ങിയതായി രവി മോഹൻ വെളിപ്പെടുത്തി.
മുൻ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രവി മോഹൻ ഉന്നയിച്ചത്. "14 വർഷം ഞാൻ അവർക്കൊപ്പം (ആരതി) ജീവിച്ചില്ലേ? അവർ എന്റെ ദൈവം പോലെ ആയിരുന്നു. അവരാണ് എന്നോട് ദേഷ്യപ്പെടാറുള്ളത്. ഞാനല്ല! എന്റെ പഴയ അഭിമുഖങ്ങളെടുത്തു നോക്കൂ. അതിൽ ഞാനിങ്ങനെ പറയുന്നത് നിങ്ങൾക്കു കാണാം. ഈ രണ്ട് വർഷം ഞാൻ മിണ്ടാതെ ഇരുന്നത് സത്യം ജയിക്കണം എന്നുള്ളതുകൊണ്ടാണ്. ഞാനും ഫെമിനിസ്റ്റ് ആണ്. എന്റെ കുടുംബത്തിന് എതിരായി ഞാനെങ്ങനെ സംസാരിക്കും? 14 വർഷം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. അതുമായി പൊരുത്തപ്പെട്ട് ജീവിച്ചില്ലേ? എന്റെ കുട്ടികളെ കണ്ടുകൊണ്ടിരിക്കാൻ ഞാൻ അത്രയും ആഗ്രഹിച്ചു. ഞാനും അവനും കൂടി 'ടിക് ടിക്' എന്ന പടം ചെയ്തുകൊണ്ടിരുന്നപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളെന്ന് ഞാൻ ട്വീറ്റ് ചെയ്തു. അവർ എന്റെ മക്കളാണ്. ഞാനെങ്ങനെ അവരെ ഒഴിവാക്കും? 50 ലക്ഷം രൂപയാണ് രണ്ടുപേരുടെയും സ്കൂൾ ഫീസ്. ഞാനാണ് അത് ഇത്രയും കാലമായി അടയ്ക്കുന്നത്. അവർക്ക് നല്ല ഭാവിയുണ്ടാകണം എന്ന് വിചാരിച്ചാണത്," താരം പറഞ്ഞു.
കുറച്ചു കാലമായി തന്റെ കുട്ടികളെ കാണാൻ പോലും അനുവദിക്കാറില്ലെന്നും രവി മോഹൻ ആരോപിച്ചു. സ്കൂളിൽ കുട്ടികൾക്ക് പ്രത്യേകം ബോഡിഗാർഡുകളെ ഏർപ്പെടുത്തിയിരിക്കുകയാണെന്നും അവരുടെ ഫോൺ പിടിച്ചുവച്ചിരിക്കുകയാണെന്നും നടൻ പറഞ്ഞു. രണ്ട് വർഷമായി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സമയത്ത് മിണ്ടാതിരുന്നത് ബലഹീനതയായി കരുതരുതെന്നും കുറച്ചുകാലമായി നിരന്തരം വേട്ടയാടപ്പെടുകയാണെന്നും താരം കൂട്ടിച്ചേർത്തു.
"അവർ എന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ല. ബോഡിഗാർഡുകളുടെ സംരക്ഷണത്തിലാണ് എന്റെ മക്കൾ ഇപ്പോൾ കഴിയുന്നത്. എന്റെ മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് ഞാൻ ഈ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അതിനുള്ള വിലയാണ് ഞാൻ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഞാൻ എന്റെ കൈത്തണ്ട മുറിച്ചു. പക്ഷേ ആ അവസ്ഥയിൽ പോലും തൊട്ടടുത്ത ദിവസം ഷൂട്ടിംഗിന് പോയി. അതാണ് എന്റെ പ്രതിബദ്ധത. തീർച്ചയായും ഒരു ദിവസം ഞാൻ ഈ ലോകത്ത് നിന്ന് കടന്നുപോകും. പക്ഷേ, ഈ ലോകത്തോട് വിടപറയുന്നതിന് മുൻപ് അവരുടെ സമാധാനം ഞാൻ പൂർണമായും ഇല്ലാതാക്കും. ഇനി ഞാൻ ഈ സിനിമാ മേഖലയിൽ ജോലി ചെയ്യില്ല. ആദ്യം ഞാൻ എന്റെ വ്യക്തിജീവിതം ശരിയാക്കും. എന്റെ മാനം വീണ്ടെടുക്കും. അതിന് ശേഷം മാത്രമേ ഞാൻ എന്റെ അഭിനയ ജീവിതത്തിലേക്ക് മടങ്ങിവരൂ," നടൻ വ്യക്തമാക്കി.
തന്റെ 45ാം വയസിൽ ബാഹ്യസൗന്ദര്യത്തിന് പുറകെ പോകുന്നവനായി ചിത്രീകരിക്കപ്പെട്ടതിൽ തനിക്ക് നാണക്കേട് തോന്നുന്നുവെന്ന് താരം പറഞ്ഞു. പതിറ്റാണ്ടുകളായി താൻ സിനിമയിലെ പ്രമുഖരായ നടിമാർക്കൊപ്പം യാതൊരുവിധ പരാതികൾക്കും ഇടനൽകാതെ മാന്യമായാണ് ജോലി ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നക്ഷരമുള്ള പേരുള്ള ഒരു പ്രത്യേക സ്ത്രീയാണ് തന്റെ വ്യക്തിജീവിതത്തിലും ദാമ്പത്യത്തിലും ഉണ്ടായ കടുത്ത പ്രതിസന്ധികളുടെ പ്രധാന കാരണമെന്നും നടൻ ആരോപിച്ചു.
ആരതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെയാണ് ഗായികയും തെറാപ്പിസ്റ്റുമായ കെനിഷ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദം വലിയ ചർച്ചയായത്. തങ്ങളുടെ ബന്ധം തകരാൻ കാരണം മുന്നാമതൊരാളാണെന്ന് ആരതി ആരോപിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനിടയിൽ രവിയും കെനിഷയും പല പരിപാടികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ വിവാദങ്ങൾ ശക്തമായി. മാനസികമായി തകർന്ന നടൻ തന്റെ സഹായം തേടി വന്നപ്പോൾ തെറാപ്പിസറ്റ് എന്ന നിലയിൽ മാനസിക പിന്തുണ നൽകുകയായിരുന്നു താൻ എന്നായിരുന്നു കെനിഷയുടെ വിശദീകരണം. ഒടുവിൽ, സൈബർ ആക്രമണം ശക്തമായതോടെ കെനിഷ രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.