ചെന്നൈ: തമിഴ് നടനും സംവിധായകനുമായ പാർഥിപന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി നടി തൃഷ കൃഷ്ണൻ. ഒരു അവാർഡ് വിതരണ ചടങ്ങിലാണ് നടിയെ അധിക്ഷേപിച്ച് സംവിധായകൻ സംസാരിച്ചത്. മണിരത്നം ചിത്രം 'പൊന്നിയൻ സെൽവനി'ൽ നടി അവതരിപ്പിച്ച കുന്ദവെ എന്ന കഥാപാത്രത്തിന്റെ പേര് പറഞ്ഞുകൊണ്ടായിരുന്നു വിവാദ പരാമർശം. അറിവില്ലാതെ പറയുന്ന അസഭ്യങ്ങൾ , അവ ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് ആ വ്യക്തിയെക്കാളും അത് പറയുന്നയാളെക്കുറിച്ചാണ് കൂടുതൽ വെളിവാക്കുന്നതെന്നാണ് ഈ വിഷയത്തിൽ തൃഷ പ്രതികരിച്ചിരിക്കുന്നത്.
"അടുത്തിടെ നടന്ന ഒരു ചടങ്ങിൽ, ഒരാളുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വഴിയാണ് അവസാന നിമിഷം എന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയതെന്ന് സംഘാടകർ എന്നെ അറിയിക്കുകയുണ്ടായി.
ഒരു മൈക്രോഫോൺ കയ്യിലുണ്ടെന്ന് കരുതി ഒരു പരാമർശം ബുദ്ധിപരമോ തമാശയോ ആയി മാറുന്നില്ല. അത് വിഡ്ഢിത്തത്തെ കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കാൻ മാത്രമേ സഹായിക്കൂ. അറിവില്ലാതെ പറയുന്ന അസഭ്യങ്ങൾ , അവ ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് ആ വ്യക്തിയെക്കാളും അത് പറയുന്നയാളെക്കുറിച്ചാണ് കൂടുതൽ വ്യക്തമാക്കുന്നത്," നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
തൃഷയുടെ ചിത്രം വേദിയിൽ കാണിച്ചശേഷം, കുന്ദവയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദിച്ചപ്പോഴായിരുന്നു പാർഥിപന്റെ വിവാദ പരാമർശം. "ഈ കുന്ദവയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തണം. വെളിയിൽ വിടരുത്. അതാണ് നല്ലത്," എന്നായിരുന്നു പാർഥിപന്റെ വാക്കുകൾ. ഇരുവരും ഒരുമിച്ചെത്തിയ 'പൊന്നിയൻ സെൽവൻ' എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രമാണ് കുന്ദവെ. ചിന്ന പഴുവേട്ടരയർ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ നടൻ അവതരിപ്പിച്ചത്.
തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യും തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെയാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതിര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ തൃഷ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.