

കൊച്ചി: സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രോഹിത് വി.എസ് ഒരുക്കുന്ന ആക്ഷൻ എന്റർടെയ്‌നർ 'ടിക്കി ടാക്ക'. തന്റെ 'കെജിഎഫ്' എന്നാണ് ആസിഫ് അലി ഈ ചിത്രത്തെ ഒരു അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. ഇതോടെ സിനിമയുടെ ഹൈപ്പ് ഏറി. വമ്പൻ ട്രാൻസ്‌ഫോർമേഷനാണ് ഈ ചിത്രത്തിനായി നടൻ നടത്തിയത്. ഇപ്പോഴിതാ സിനിമയെപ്പറ്റി മനസുതുറന്നിരിക്കുകയാണ് ആസിഫ്.
"ഒരു മാസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. അതോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാകും. ഇതുവരെ ചെയ്തതിൽ ഏറ്റവും കൂടുതൽ ഫൈറ്റ് ചെയ്യുന്നത് 'ടിക്കി ടാക്ക'യിലാണ്," ആസിഫ് അലി പറഞ്ഞു. സിനിമയിൽ ക്യാമിയോ വേഷങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'സർപ്രൈസ് അല്ലെ, അതങ്ങനെയിരിക്കട്ടെ' എന്നായിരുന്നു മറുപടി.
നേരത്തെ, ആസിഫിന്റെ ജന്മദിനം പ്രമാണിച്ച് സിനിമയുടെ ഒരു പ്രൊമോഷണൽ വീഡിയോ പുറത്തിറക്കിയിരുന്നു. മാസ് ഗെറ്റപ്പിൽ ആസിഫിനെ അവതരിപ്പിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജോൺ ഡെൻവർ എന്നാണ് ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ പേര്.
'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍', 'ഇബ്‌ലീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രാണ് 'ടിക്കി ടാക്ക'. ആസിഫിന് പുറമേ നസ്‌ലൻ, ലുക്മാന്‍ അവറാന്‍, വാമിഖ ഗബ്ബി, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇന്തോനേഷ്യൻ ഫൈറ്റ് മാസ്റ്റർ ഉദേ നൻസ് ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. രവി ബസ്രുർ ആണ് സംഗീതം. സോണി സെബാൻ ക്യാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമാണം.