കൊച്ചി: സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ആരാധകരുള്ള നടിയും ഇൻഫ്ലുവൻസറും ആണ് അഹാന കൃഷ്ണ. നടിയുടെ വ്ളോഗുകളും പാട്ടുകളും പലപ്പോഴും വൈറലാണ്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ഒരു കവർ സോങ്ങുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. മോഹൻലാൽ, സൗന്ദര്യ എന്നിവർ അഭിനയിച്ച 'കിളിച്ചുണ്ടൻ മാമ്പഴം' എന്ന ചിത്രത്തിലെ 'ഒന്നാം കിളി പൊന്നാൺ കിളി' എന്ന ഗാനത്തിന്റെ കവർ വേർഷനാണ് നടി പങ്കുവച്ചത്. പിന്നാലെ പതിവ് പോലെ അഹാനയുടെ പാട്ടിനെ വിമർശിച്ചും അഭിനന്ദിച്ചും കമന്റുകളെത്തി.
എം.ജി. ശ്രീകുമാറും സുജാത മോഹനും ചേർന്നാണ് ഈ മനോഹര ഗാനം സിനിമയിൽ ആലപിച്ചിരിക്കുന്നത്. ബീയാർ പ്രസാദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. ‘പണ്ടുമുതൽക്കേ ഈ പാട്ടിനോട് ഭ്രമം ആണ്’ എന്ന ക്യാപ്ഷനോടെയാണ് ഈ പാട്ടിന്റെ കവർ അഹാന പങ്കുവച്ചത്.
'നല്ല ശ്രമം' എന്നാണ് ഒരു വിഭാഗം കമന്റ് സെക്ഷനിൽ കുറിച്ചത്. 'സ്ലോ മോഷനെ നിങ്ങൾ പ്രേമ ലേഖനം പോലെ തോന്നിപ്പിക്കുന്നു', 'പൊളിച്ചു' എന്നിങ്ങനെ അഭിപ്രായപ്പെട്ടവരുണ്ട്. വിമർശകരും വെറുതെയിരിക്കുന്നില്ല. 'വേണ്ടിയിരുന്നില്ല', 'ഒന്നുകൂടി നന്നാക്കാനുണ്ട്', 'എവിടെയോ പാളിയതുപോലെ', 'ആ പാട്ടിന്റെ ഓറ അങ്ങ് പോയി' എന്നിങ്ങനെ നീളുന്നു കമന്റുകൾ.
കോവിഡ് കാലത്തെ ലോക്‌ഡൗൺ സമയത്താണ് അഹാന ആദ്യമായി കവർ സോങ് പങ്കുവയ്ക്കുന്നത്. പിന്നീട് പല പാട്ടുകളുടെയും കവർ വേർഷനുകളുമായി നടി എത്തി. പലതിനും വലിയ സ്വീകാര്യതയാണ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലഭിച്ചത്.