ടോം ക്രൂസ് - ബ്രാഡ് പിറ്റ് എഐ വീഡിയോ 
ENTERTAINMENT

എപ്സ്റ്റീനെ കൊന്നതിന് ടോം ക്രൂസിനെ തല്ലുന്ന ബ്രാഡ് പിറ്റ്! വീഡിയോ വൈറൽ, വിമർശനം

15 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഇപ്പോൾ ട്രെൻഡിങ് ആണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ടോം ക്രൂസും ഫൈറ്റ് ചെയ്യുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. 'ജെഫ്രി എപ്സ്റ്റീനെ എന്തിനു കൊന്നു' എന്ന് ചോദിച്ചാണ് ബ്രാഡ് പിറ്റ് ടോം ക്രൂസിനെ കടന്നാക്രമിക്കുന്നത്. 'നമ്മുടെ റഷ്യൻ നീക്കങ്ങൾ അയാൾക്ക് അറിയാമായിരുന്നു' എന്ന മറുപടിക്ക് പിന്നാലെ ബ്രാഡിനെ ടോം മലർത്തിയടിക്കുന്നതാണ് വീഡിയോ.

15 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ കാണുന്ന ഒരാളുടെ മനസിൽ പല ചോദ്യങ്ങൾ കടന്നുവന്നേക്കും. ഇത് 'എഐ ആണോ' എന്നത് ഒഴിച്ച്. അത്ര കൃത്യതയോടെയാണ് ഐറിഷ് ചലച്ചിത്ര സംവിധായകനും ആനിമേഷൻ വിദഗ്ധനുമായ റൂറി റോബിൻസൺ ഈ എഐ ജനറേറ്റഡ് വീഡിയോ നിർമിച്ചിരിക്കുന്നത്.

സീഡാൻസ് 2.0 എന്ന എഐ വീഡിയോ ജനറേഷൻ മോഡൽ ഉപയോഗിച്ചാണ് റൂറി റോബിൻസൺ ഈ വീഡിയോ നിർമിച്ചത്. ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് ആണ് സീഡാൻസ് 2.0 പുറത്തിറക്കിയത്. മറ്റ് എഐ ടൂളുകളിൽ നിന്ന് വ്യത്യസ്തമായി ഒരേസമയം ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോ ക്ലിപ്പുകൾ, ഓഡിയോ ഫയലുകൾ എന്നിവ ഇൻപുട്ടായി നൽകി വീഡിയോ നിർമിക്കാൻ ഇതുവഴി സാധിക്കും. ഒരു സിനിമ സംവിധാനം ചെയ്യുന്നതുപോലെ ക്യാമറ ആംഗിളുകൾ, കഥാപാത്രങ്ങളുടെ ചലനങ്ങൾ, ലൈറ്റിങ് എന്നിവയിൽ കൃത്യമായ നിയന്ത്രണവും ഉപയോക്താവിന് ലഭിക്കും. വ്യത്യസ്ത ഷോട്ടുകളിൽ കഥാപാത്രങ്ങളുടെ സ്ഥിരത നിലനിർത്തുന്നതും ഈ എഐ ടൂളിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ, ഒറ്റ നോട്ടത്തിൽ വീഡിയോ എഐ ആണെന്ന് തിരിച്ചറിയാൻ സാധിക്കില്ല.

അതേസമയം, സീഡാൻസ് 2.0ൽ നിർമിച്ച വീഡിയോകൾ വൈറലായതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ഹോളിവുഡ് സ്റ്റുഡിയോകളുടെ കൂട്ടായ്മയായ മോഷൻ പിക്ചർ അസോസിയേഷൻ (എംപിഎ) ബൈറ്റ്‌ഡാൻസിന് എതിരെ രംഗത്തെത്തി. കമ്പനി വൻതോതിൽ പകർപ്പവകാശ ലംഘനം നടത്തുന്നുവെന്നും യുഎസ് പൗരന്മാരുടെ തൊഴിലിനെ ഇത് ദോഷകരമായി ബാധിക്കുമെന്നും എംപിഎ കുറ്റപ്പെടുത്തി.

'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് റെറ്റ് റീസ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ സാങ്കേതികവിദ്യയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹോളിവുഡ് സിനിമാ വ്യവസായത്തെ തകർക്കാൻ ഇത്തരം എഐ ടൂളുകൾക്ക് സാധിക്കുമെന്നാണ് ഇവരുടെ പക്ഷം. അനുവാദമില്ലാതെ താരങ്ങളുടെ രൂപം ഉപയോഗിക്കുന്നതും നിലവിലുള്ള സിനിമകളുടെ ദൃശ്യങ്ങൾ എഐയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നതും വരും നാളിൽ വലിയ നിയമപോരാട്ടങ്ങൾക്ക് കാരണമായേക്കാം.

SCROLL FOR NEXT