കരൂരിൽ തമിഴ് നടനും ടിവികെ അധ്യക്ഷനുമായ വിജയ് യുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ പ്രചരണ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി നടൻ അജിത് കുമാർ. ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ലെന്നും അതിൽ മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവർക്കും പങ്കുണ്ടെന്നും നടൻ അഭിപ്രായപ്പെട്ടു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
"ആ വ്യക്തി മാത്രമല്ല (വിജയ്) ദുരന്തത്തിന് ഉത്തരവാദി. നമ്മൾ എല്ലാം ഉത്തരവാദികളാണ്. മാധ്യമങ്ങൾക്കും അതിൽ പങ്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ന് നമ്മൾ ആൾക്കൂട്ടത്തെ കാണിക്കാനായി അവരെ ഒരുമിച്ചു കൂട്ടുന്നതിൽ അഭിരമിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ഇതെല്ലാം അവസാനിക്കണം," അജിത് പറഞ്ഞു. ഒരു ക്രിക്കറ്റ് മത്സരത്തിലും ആൾക്കൂട്ടത്തെ കാണാം. എന്നാൽ ഇത്തരം സംഭവങ്ങൾ എന്തുകൊണ്ടാണ് തിയേറ്ററുകളിലും സിനിമാ താരങ്ങൾക്കും മാത്രം സംഭവിക്കുന്നതെന്നും അജിത് ചോദിക്കുന്നു.
താര ആരാധനയുടെ പേരില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സംസാരിക്കവെയാണ് കരൂർ ദുരന്തത്തെപ്പറ്റി നടന്‍ സംസാരിച്ചത്. പ്രേക്ഷകരുടെ സ്നേഹത്തിന് വേണ്ടി തന്നെയാണ് തന്നെ പോലുള്ള നടന്മാർ ആഗ്രഹിച്ചതും കഷ്ടപ്പെട്ടതും. എന്നാല്‍ അവ ഏതുവിധം ആയിരിക്കരുത് എന്ന് അജിത് സ്വന്തം അനുഭവങ്ങള്‍ എടുത്തുകാട്ടി പറഞ്ഞു.
"2005ൽ നടന്ന സംഭവമാണ്. ഒരു ഔട്ട് ഡോർ ഷൂട്ടിങ്ങിനിടെയിലാണ്. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന് ചുറ്റും എല്ലാ ദിവസവും ആളുകൾ തടിച്ചുകൂടാൻ തുടങ്ങി. അവരെ സമാധാനപരമായി പിരിച്ചുവിടാനായി, വരുമ്പോഴും പോകുമ്പോഴും അവരിൽ ചിലരുമായി ഫോട്ടോ എടുക്കുകയോ കൈകൊടുക്കുകയോ ചെയ്യാമോ എന്ന് ഹോട്ടൽ ഉടമസ്ഥൻ ചോദിച്ചു. ഞാൻ അത് സമ്മതിച്ചു. എനിക്ക് ചുറ്റും സെക്യൂരിറ്റിയൊക്കെ ഉണ്ട്. ഞാൻ ആളുകൾക്ക് കൈകൊടുത്തു. ഒരു ദിവസം, അതിൽ ഒരു 18-19 വയസുള്ള ഒരാളെ സെക്യൂരിറ്റിക്കാർ കടന്നു പടിച്ചു അയാൾ വിരലുകൾക്കിടയിൽ ഒരു ബ്ലേഡിന്റെ പകുതി ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. അവൻ ശരിയായ മാനസിക നിലയിൽ അല്ല എന്ന് തോന്നി. വ്യത്യസ്തമായ ആളുകൾ വ്യത്യസ്തമായ രീതിയിൽ ആണ് സ്നേഹം പ്രകടിപ്പിക്കുന്നത്. കാർ തടഞ്ഞ്, വിൻഡോ താഴ്ത്തി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന ഒരാൾ എങ്ങനെ ഒരു ആരാധകൻ ആണെന്ന് ഞാൻ അറിയും," അജിത് ചോദിക്കുന്നു. ആരാധകർക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കവേ തന്റെ കൈവെള്ളയില്‍ ഉണ്ടായ മുറിപ്പാടുകളും അജിത് അവതാരികയെ കാട്ടി.
കരൂർ ദുരന്തത്തിന്റെ കാരണക്കാർ ആരോക്കെയെന്നതില്‍ ചർച്ചകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് അജിത്തിന്റെ പ്രതികരണം വരുന്നത്. ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് വിജയ്‌യുടെ പാർട്ടിയായ ടിവികെ പ്രഖ്യാപിച്ചിരുന്നു. കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ ധനസഹായം നൽകാനാണ് പാർട്ടി തീരുമാനം. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും പാർട്ടി ഏറ്റെടുക്കും.
നേരത്തെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതല.