കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി മോഡലും റിയാലിറ്റി ഷോ താരവുമായ ആകാൻക്ഷ ചൗധരി. സൗന്ദര്യമത്സര രംഗവുമായി ബന്ധമുള്ള പ്രമുഖനായ ഒരു വ്യക്തി സാമ്പത്തിക സഹായത്തിന് പകരമായി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആകാൻക്ഷ വെളിപ്പെടുത്തിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന 'ലോക്ക് അപ്പ്: സച്ച് യാ സസാ' എന്ന റിയാലിറ്റി ഷോയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ച, റിയാലിറ്റി ഷോയിൽ നിന്ന് ആകാംക്ഷ ചൗധരി പുറത്തായിരുന്നു. വ്യക്തിപരമായി താൻ നേരിട്ട മോശം അനുഭവം പങ്കുവച്ചതിന് ശേഷമാണ് താരം ഷോയോട് വിടപറഞ്ഞത്. വികാരാധീനയായിട്ടായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
“ഞാൻ ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയായിരുന്നു. കോസ്റ്റ്യൂംസ് വാങ്ങാനും പരിശീലന ഫീസ് നൽകാനും മറ്റുമായി എനിക്ക് ഏകദേശം 1-2 ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. ഞങ്ങളുടെ പക്കൽ അത്രയും പണമുണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുമായിരുന്നില്ല. ഈ രംഗത്ത് വളരെ സ്വാധീനമുള്ള ഒരു വ്യക്തിയുണ്ട്. അയാൾ ഒരു പ്രമുഖനായതിനാൽ പേരുവിവരങ്ങൾ പൂർണമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുൻപ് ഞങ്ങളുടെ മത്സരങ്ങളിൽ ജഡ്ജിയായി വന്നിട്ടുള്ളതിനാൽ വർഷങ്ങളായി എനിക്ക് അയാളെ അറിയാമായിരുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്ന നിരവധി പേരെ അയാൾ സാമ്പത്തികമായി സഹായിച്ചിട്ടുള്ളതിനാൽ, രണ്ട് മാസത്തേക്ക് എന്നെയും സഹായിക്കാമോ എന്ന് ചോദിച്ചാണ് ഞാൻ സമീപിച്ചത്. പകരം ജോലി ചെയ്ത് ആ കടം വീട്ടാമെന്നും പറഞ്ഞു. എഞ്ചിനീയറിംഗ് ബിരുദവും മികച്ച ആശയവിനിമയശേഷിയും ഉള്ളതിനാൽ അയാൾക്ക് വേണ്ടി ജോലി ചെയ്യാൻ എനിക്ക് കഴിയുമായിരുന്നു. അദ്ദേഹം ഉടൻ തന്നെ സമ്മതിക്കുകയും എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.”
“ഞാൻ ആ വീട്ടിൽ പോകുന്നത് ഇതാദ്യമായിരുന്നില്ല. മുൻപും എന്റെ മെന്റർമാർക്കൊപ്പം ചടങ്ങുകൾക്കായി ഞാൻ അവിടെ പോയിട്ടുണ്ട്. എന്നാൽ അന്ന് ഞാൻ ചെന്നപ്പോൾ അയാൾ എന്റെ അടുത്തേക്ക് വന്ന്, എന്നെ കെട്ടിപ്പിടിച്ചു. അത് വെറുമൊരു കെട്ടിപ്പിടുത്തമായിരുന്നില്ല. അയാൾ എന്നെ ബലമായി പിടിച്ചുവയ്ക്കുകയായിരുന്നു. അയാൾ കയ്യെടുക്കാൻ തയ്യാറായില്ല. പ്രായമായ ആളായതിനാൽ ഞാൻ അയാളെ തള്ളിമാറ്റി.
അയാൾ ഇരുന്നുകൊണ്ട് എന്നോട് പറഞ്ഞു: 'ഒരു വർഷമായി; നീ വളർന്നത് കണ്ടതിൽ സന്തോഷം. ഒരു വർഷം മുമ്പ് നീ വന്നപ്പോൾ നിന്റെ ചിന്താഗതി എത്ര പിന്നാക്കമായിരുന്നു എന്ന് ഞാൻ കണ്ടതാണ്. അന്ന് നീ എന്നോടൊപ്പം നിൽക്കാൻ തയ്യാറായിരുന്നെങ്കിൽ ഇപ്പോൾ പല പ്രോജക്ടുകളിലും അഭിനയിക്കുന്നുണ്ടാകുമായിരുന്നു. ഇപ്പോൾ നിനക്ക് ആരും ജോലി തരുന്നില്ല. നീ ഇപ്പോൾ വന്ന സ്ഥിതിക്ക് ഞാൻ നിനക്ക് ഇത്രയും പണം ഓഫർ ചെയ്യുകയാണ്. പക്ഷേ പകരം നീ എന്നോടൊപ്പം കിടപ്പറ പങ്കിടണം.' അയാൾ കൃത്യമായ ഒരു സമയക്രമം തന്നെ തയ്യാറാക്കിവച്ചിരുന്നു. ഒരു മാസത്തിൽ 5-6 തവണ ഞാൻ അയാൾക്കൊപ്പം സെക്സ് ചെയ്യണമത്രേ.”
“ഞാൻ അയാളോട് പറഞ്ഞു: 'സർ, എനിക്ക് ഇത് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു.' ഞാൻ അത് നിരസിച്ചപ്പോൾ അയാൾ: 'ഒരു വർഷത്തിനുശേഷം നിന്റെ ചിന്താഗതി മാറുമെന്ന് ഞാൻ കരുതി. പക്ഷേ നീ ഇപ്പോഴും ആ പഴയ മാനസികാവസ്ഥയിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. രണ്ടു വർഷത്തിനുശേഷം നീ ഇതിൽ പശ്ചാത്തപിക്കും. ഈ ഇൻഡസ്ട്രിയിൽ ഇതൊന്നുമില്ലാതെ ഒന്നും നടക്കില്ല, കാരണം നീ ഇവിടെ ആരുമല്ല.' എന്നാൽ ആറു മാസത്തിനുശേഷം ഞാൻ വളരെ വലിയൊരു ഷോയുടെ ഭാഗമായി. ഒരു വർഷത്തിനുശേഷം ഞാൻ ഏറ്റവും വലിയ വേദികളിലൊന്നിൽ നിൽക്കുന്നു,” വികാരാധീനയായി ആകാംക്ഷ പറഞ്ഞു നിർത്തി.
പൊതുവേദിയിൽ താൻ നേരിട്ട ദുരനുഭവം തുറന്നുപറയാൻ ആകാംക്ഷ കാണിച്ച ധൈര്യത്തെ അവതാരകരായ ഫറ ഖാനും റിതേഷ് ദേശ്മുഖും അഭിനന്ദിച്ചു. താരത്തെ ഓർത്ത് അഭിമാനിക്കുന്നതായി ഫറ പറഞ്ഞു. ഈ മേഖലയിലുള്ള നിരവധി പെൺകുട്ടികൾക്ക് ആകാംക്ഷയുടെ കഥ സഹായകമാകുമെന്ന് റിതേഷും കൂട്ടിച്ചേർത്തു.