മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ ബോളിവുഡ് താരം അക്ഷയ് കുമാറിനോട് സഹായം അഭ്യർഥിച്ച് ആരാധിക. വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന അക്ഷയ് കുമാറിന്റെ സമീപത്തേക്ക് എത്തിയ യുവതി തന്റെ പിതാവ് കടക്കെണിയിലാണെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേ നേടുകയാണ്.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയതാണ് അക്ഷയ് കുമാർ. വോട്ട് ചെയ്ത് മടങ്ങും വഴി പോളിങ് സ്റ്റേഷന് വെളിയിൽ നിന്നിരുന്ന റിപ്പോർട്ടർമാരോട് സംസാരിക്കാനായി നടൻ നിന്നു. "റിമോട്ട് കൺട്രോൾ നമ്മുടെ കയ്യിൽ എത്തുന്ന ദിവസമാണിത്. എല്ലാ മുംബൈക്കാരും വോട്ട് ചെയ്യണം," എന്ന് മാധ്യമങ്ങളോട് പറഞ്ഞ ശേഷം നടൻ കാറിലേക്ക് മടങ്ങി. അപ്പോഴാണ്, സഹായം അഭ്യർഥിച്ച് യുവതി സമീപിച്ചത്.
"പാപ്പ ബഹുത് ബഡേ കർസെ മേ ഹേ" (അച്ഛൻ വലിയ കടക്കെണിയിലാണ്) എന്ന് പറഞ്ഞ് കരഞ്ഞ യുവതിയുടെ കൈവശം ഒരു അപേക്ഷ പേപ്പറും ഉണ്ടായിരുന്നു. ആരാധികയുടെ സങ്കടം കേട്ട താരം അവരെ അവഗണിച്ചില്ല. തന്റെ സംഘാംഗങ്ങളിൽ ഒരാൾക്ക് ഫോൺ നമ്പർ നൽകാൻ യുവതിയോട് ആവശ്യപ്പെട്ട അക്ഷയ് സഹായം നൽകാമെന്ന് ഉറപ്പും നൽകി.
നടന്റെ മറുപടി കേട്ട യുവതി പാദങ്ങളിൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ചു. എന്നാൽ, ഉടൻ തന്നെ അവരെ അക്ഷയ് തടഞ്ഞു. "ബേട്ടാ ഐസാ മത് കർ (മോളെ, അങ്ങനെ ചെയ്യരുത്)" എന്നാണ് സ്നേഹത്തോടെ നടൻ പറഞ്ഞത്.
നടന്റെ ഇടപെടലിനേയും വിനയത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. യഥാർത്ഥ ജീവിതത്തിലെ 'ഹീറോ' എന്നാണ് ആരാധകരിൽ പലരും അക്ഷയ് കുമാറിനെ വിശേഷിപ്പിച്ചത്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹൈവാൻ' ആണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന സിനിമ. സൈഫ് അലി ഖാൻ ഒപ്പമാണ് അക്ഷയ് ചിത്രത്തിൽ എത്തുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന മലയാളം ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് 'ഹൈവാൻ'. സയാമി ഖേറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2026ൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.