യഷ് നായകനായ 'ടോക്സിക്' സിനിമയെപ്പറ്റി അക്ഷയ് ഒബ്റോയ് 
ENTERTAINMENT

'ടോക്സിക്കി'ന് വേണ്ടി കഠിനമായ കോംബാറ്റ് ട്രെയിനിങ്, സിനിമയിലെ ആക്ഷൻ വേറെ ലെവൽ: അക്ഷയ് ഒബ്റോയ്

യഷും ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്സ്ക്കി'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്

Author : ശ്രീജിത്ത് എസ്

കൊച്ചി: യഷ് നായകനായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്‌സ്' എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് അക്ഷയ് ഒബ്റോയ്. ഷൂട്ടിങ്ങിന് മാസങ്ങൾക്ക് മുൻപ് തന്നെ 'കോംബാറ്റ് ട്രെയിനിങ്' ആരംഭിച്ചതായാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഷൂട്ടിങ് വേളയിലും ഈ പരിശീലനം തുടർന്നിരുന്നു. അക്ഷയ് ഒബ്റോയ് അഭിനയിക്കുന്ന ആദ്യ ദക്ഷിന്ത്യൻ ചിത്രം കൂടിയാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്'.

"ചെറുപ്പം മുതൽ ഞാൻ മാർഷ്യൽ ആർട്സ് പഠിക്കുന്നുണ്ട്. ഷൂട്ടിങ്ങിന് മുമ്പായി ഏകദേശം മൂന്ന് ആഴ്ചയോളം ഞാൻ കഠിനമായ ശാരീരിക പരിശീലനം നടത്തിയിരുന്നു, ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന സമയത്തും അത് തുടർന്നു. ഓരോ ആക്ഷൻ രംഗങ്ങൾക്കും പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള കൊറിയോഗ്രാഫി ബീറ്റ്‌സ് പഠിക്കുന്നത് വളരെ ആവേശകരമായ അനുഭവമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലോകോത്തര ആക്ഷൻ ടീമാണ് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. അവരിൽ നിന്ന് കാര്യങ്ങൾ പഠിക്കുന്നതും പരിശീലിക്കുന്നതും വലിയ സന്തോഷമുള്ള കാര്യമായിരുന്നു," അക്ഷയ് ഒബ്റോയ് പറയുന്നു.

"ടോക്സിക്കിലെ ആക്ഷൻ മറ്റൊരു തലത്തിലുള്ളതാണ്. നേരത്തെ അഭിനയിച്ച ചിത്രങ്ങളിലും ഞാൻ ആക്ഷൻ ചെയ്തിരുന്നു. പക്ഷേ ഈ ചിത്രം എന്നിൽ നിന്ന് പ്രതീക്ഷിച്ചത് മറ്റൊരു തലമാണ്. വെറുതെ മസിൽ ഉണ്ടാക്കലല്ല, മറിച്ച് ശാരീരികക്ഷമതയും സമയക്രമവും മനസും ശരീരവും തമ്മിലുള്ള ഒത്തിണക്കവും ഇതിന് ആവശ്യമായിരുന്നു," നടൻ കൂട്ടിച്ചേർത്തു. യഷിനൊപ്പം ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത് വളരെ മികച്ച അനുഭവമായിരുന്നുവെന്നും അക്ഷയ് പറഞ്ഞു. സിനിമ എത്രത്തോളം ഗംഭീരമായിരിക്കും എന്നതിന്റെ സൂചനയാണ് ടീസർ നൽകുന്നതെന്നും അക്ഷയ് ഒബ്റോയ് ചൂണ്ടിക്കാട്ടി.

'ടോക്സിക്കി'ൽ റായ എന്ന കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് 19 നാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 'കെജിഎഫ് 2' വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്ക് ശേഷമാണ് യഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.

നയൻതാര, രുക്മിണി വസന്ത്, താര സുതര്യ, കിയാര അദ്വാനി എന്നിങ്ങനെ ശക്തമായ സ്ത്രീ സാന്നിധ്യവും സിനിമയിലുണ്ട്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി പി അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കെച്ച ഖംഫാക്ഡിയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.

SCROLL FOR NEXT