

കാത്തിരിപ്പിനൊടുവിൽ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്' എന്ന ഗീതു മോഹൻദാസ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. യഷിനെ മാസ് ലുക്കിൽ അവതരിപ്പിക്കുന്ന ഒരു ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വീഡിയോ. കിടിലൻ വിഷ്വൽ സ്റ്റൈൽ - അറിയാല്ലോ, ക്യാമറ രാജീവ് രവിയാണ്. ഗീതുവിന്റെ വിഷനും ഒപ്പം ചേരുമ്പോൾ ഒരുങ്ങുന്നത് ഒരു വമ്പൻ സിനിമാനുഭവം ആകുമെന്ന് ഉറപ്പ്. പക്ഷേ, ടീസർ പുറത്തുവന്നതിന് പിന്നാലെ ചിലർക്ക് ഇരിപ്പുറച്ചില്ല. അരയും തലയും മുറുക്കി "Say it Geethu" എന്ന് പറഞ്ഞ് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളി. എന്തിന് വേണ്ടി... സ്ത്രീ ശാക്തീകരണത്തിന് വേണ്ടി?
ടീസറിൽ ആക്ഷന് ഒപ്പം അശ്ലീലവും ഉണ്ടെന്നാണ് ഇവരുടെ വാദം. അശ്ലീലം എന്ന് ഇവർ പറയുന്നത് സെക്സ് സീൻ ആണ്. ഹൈപ്പർ മാസ്കുലിനിറ്റിയെ കൊണ്ടാടാൻ ഗീതു, സ്ത്രീ ശരീരങ്ങളെ വിൽപ്പനച്ചരക്കാക്കി എന്ന് ഇവർ ഉച്ചത്തിൽ വിളിച്ചുകൂവുന്നു. അത് ഗീതു സമ്മതിക്കണം. അല്ലെങ്കിൽ, സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീ ശാക്തീകരണത്തിന്റെ നിർവചനം ഗീതു മാറ്റി എന്ന് കാണികളേക്കൊണ്ട് പറയിപ്പിക്കണം. അതിന് വേണ്ടിയുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഗീതുവിന്റെ പെൺ നോട്ടത്തിന് എന്താണ് കുഴപ്പം? ഈ ടീസർ കണ്ട് എന്തിനാണ് ഇവർ പ്രകോപിതരാകുന്നത്? ടീസറിൽ നമ്മൾ കാണുന്നത് ഉഭയസമ്മത പ്രകാരം വന്യമായ രതിയിൽ ഏർപ്പെടുന്ന യഷിന്റെ 'റായ' എന്ന കഥാപാത്രത്തേയും മറ്റൊരു സ്ത്രീയേയും ആണ്. ആക്ഷൻ സീക്വൻസിനിടയിൽ പ്ലേസ് ചെയ്ത ഒരു സെക്സ് സീൻ. ഇതാണ് സ്യൂഡോ സൈബർ സ്ത്രീ ശാക്തീകരണ കമ്മിറ്റിക്കാരെ ഉണർത്തിയത്. ഇവരുടെ കമന്റുകളിൽ നിറയെ സ്ത്രീ വിരുദ്ധതയാണ് എന്നതാണ് വിരോധാഭാസം. 'സെക്സ്' എന്ന പറയാൻ മടിച്ചിട്ടാണോ എന്തോ 'വെറും വൃത്തികേട്' എന്നാണ് ഇവർ പറഞ്ഞുവയ്ക്കുന്നത്. ചിലർ അതിലും മോശം വാക്കുകളും ഉപയോഗിക്കുന്നുണ്ട്. ഇനി നമുക്ക് ഇവരെ ഒന്ന് പരിചയപ്പെടാം.
ഇവരാണ്, കുറച്ചു നാളുകൾക്ക് മുൻപ് 'ഡീയസ് ഈറേ'യിലെ സെക്സ് സീൻ കണ്ട് സദാചാര കുറുവടിയുമായി ഇറങ്ങിയവർ. ഇവരാണ്, 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ലോകേത്തര ചിത്രത്തിലെ ദിവ്യ പ്രഭയുടെ 'ക്ലിപ്പ്' അന്വേഷിച്ച് ഇറങ്ങിയത്. ഇവരാണ് 'കസബ'യിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് പറഞ്ഞ സ്ത്രീകളെ വിടാതെ പുറകേ കൂടിയിരിക്കുന്നവർ.
ഒരു സെക്സ് സീൻ എങ്ങനെ സ്ത്രീത്വത്തെ മുറിവേൽപ്പിക്കും? രണ്ട് പേർ തമ്മിൽ ഇണചേരുമ്പോൾ അതെങ്ങനെ പെണ്ണിന്റെ മാത്രം അന്തസിന് കളങ്കമാകുന്ന പ്രവൃത്തിയാകും? പരസ്പര സമ്മതപ്രകാരമുള്ള സെക്സ് എങ്ങനെ ഹൈപ്പർ മാസ്കുലിനിറ്റിയുടെ പ്രതീകമാകും?
സിനിമ പോലുള്ള മാധ്യമങ്ങളിൽ സെക്സ്, പ്ലേസ് ചെയ്തിരിക്കുന്ന സാഹചര്യം (Context) പ്രധാനമാണ്. തൊഴിലിടത്ത് ഉദ്യോഗസ്ഥുടെ മടിക്കുത്തിൽ കയറിപ്പിടിച്ച് ഹീറോയിസം കാണിക്കുന്ന പൊലീസുകാരന്റെ പ്ലേസ്മെന്റ് പ്രശ്നമാണ്. 'ഇതാ ആ വിവാദ രംഗം' എന്ന് പറഞ്ഞ് നിർമാതാക്കൾ തന്നെ അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് അതിലും പ്രശ്നമാണ്. വിമർശിക്കപ്പെട്ടതിന്റെ വേദന അണിയറപ്രവർത്തകർ പക പോലെ കൊണ്ട് നടക്കുന്നത് മോശമാണ്.
അപ്പോൾ, 'ടോക്സിക്കി'ലെ ഗ്രേവ്‌യാർഡ് സെക്സിന്റെ പ്ലേസ്മെന്റ് പ്രശ്നമാണോ? അത് അറിയണമെങ്കിൽ ആ പടം വരണം. ആ കഥാപാത്രം ആരെന്നും എന്തെന്നും അറിയണം. ഇവിടെ അതൊന്നും വ്യക്തല്ല. എന്നിട്ടും വിമർശന പെരുമഴ. അതിന് കാരണം എല്ലാവർക്കും അറിയാം. സിനിമ എടുത്തത് ഗീതു ആണ്. ഡബ്ല്യൂസിസി അംഗമായ ഗീതു മോഹൻദാസ്. അവരെന്താണ് ചെയ്തതിരിക്കുന്നത്? 'ടോക്സിക്' എന്ന് പേരിട്ട്, 'ഫെയറി ടെയിൽ ഫോർ ഗ്രൗണ്‍-അപ്സ്' എന്ന് ടാഗ്ലൈനും കൊടുത്ത്, ആ പടത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വീഡിയോയിൽ സെക്സ് കാണിച്ചു! പ്രിയ വിമർശകരെ വല്ലപ്പോഴും തലകൊണ്ടും ചിന്തിക്കാം.
ഈ ടീസറിൽ യഷ് മാസ് തന്നെ, ആണൊരുത്തൻ; അതിലാർക്കും എതിരഭിപ്രായമില്ല. എന്നാലും ഇത്രയൊക്കെ പറഞ്ഞിട്ട് ഗീതു അവസാനം ഒരു മാസ് കൊമേഷ്യൽ സിനിമയും എടുത്ത് അതിൽ സെക്സ് സീനും കാട്ടിയല്ലോ, ഇതാണ് പലരുടേയും പരിഭവം. ഈ ടീസർ ഇറങ്ങും മുൻപ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഗീതു നിരനിരയായി അഞ്ച് ക്യാരക്ടർ പോസ്റ്ററുകൾ പങ്കുവച്ചിരുന്നു. ഒപ്പം അഭിനേതാക്കൾ എന്ന നിലയിൽ അവരെ ഉൾക്കൊണ്ടുകൊണ്ടുള്ള കുറിപ്പും. മാസ് ലുക്കിൽ സ്റ്റൈലിഷായിട്ടാണ് ഗീതു തന്റെ നായികമാരെ അവതരിപ്പിച്ചത്. എന്നാൽ, അതിൽ മാസ് എലമെന്റുകളെ റദ്ദ് ചെയ്തുകൊണ്ടായിരുന്നു ഇപ്പോൾ ഈ സ്ത്രീ ശാക്തീകരണം പറയുന്നവരുടെ കമന്റുകൾ. അതിൽ നയൻതാരയുടേയും രുക്മിണിയുടേയും വേഷം കണ്ടിട്ട് ഇതാണോ ഫെമിനിസം എന്നാണ് സൈബർ സഹോദരങ്ങൾ ചോദിച്ചത്. എന്തായിരിക്കും ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തിന് ഇവർ നൽകുന്ന നിർവചനം? അതിന്നും നിഗൂഢമാണ്.
'ടോക്സിക്കി'ൽ ഇവർ കാണുന്നത് ആകെമൊത്തം അശ്ലീലതയാണ്...'ഡീയസ് ഈറേ' കണ്ട് ഈ നടിയേതെന്ന് തിരഞ്ഞുപോയവർ, ദിവ്യ പ്രഭയുടെ ലിങ്ക് തിരക്കി നടന്നവർ ഈക്കാര്യത്തിൽ എത്തുമ്പോഴും പതിവ് തെറ്റിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
'ടോക്സിക്കി'ലെ ഈ സീൻ കണ്ട് ഗീതു തന്റെ രാഷ്ട്രീയ ശരികളിൽ നിന്ന് പിന്നോട്ട് പോയെന്ന് പറയുന്നവർ ഇതുവരെ അവരുടെ രാഷ്ട്രീയത്തെ മനസിലാക്കിയിട്ടില്ല. പക്ഷേ, ഇതൊന്നും ഗീതുവിനെ ബാധിക്കുന്നില്ല. സ്ത്രീകളുടെ പ്ലഷർ, കൺസെന്റ് എന്നിവയെ കുറിച്ച് ഇക്കഴിഞ്ഞ ദിവസമുണ്ടായ കരുതലുമായി ചിലർ സോഷ്യൽ മീഡിയ കത്തിക്കുമ്പോൾ അവർ ചിൽ ചെയ്യുകയാണ്. യെസ്, Now she had Said it!!!!