എറണാകുളം: താരസംഘടനയായ അമ്മയിൽ നാടകീയ രംഗങ്ങൾ. ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് അമ്മ ഭരണസമിതിയിലെ പതിനേഴ് അംഗങ്ങളും രാജിവച്ചത്. ആരുടേയും കയ്യിലെ പാവയാകാനില്ലെന്ന് പറഞ്ഞ ശ്വേതാ മേനോൻ 'അമ്മ'യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നതായും അറിയിച്ചു. നടി ലക്ഷ്മി പ്രിയയും 'അമ്മ'യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചിട്ടുണ്ട്.
അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായതോടെ പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന് ശ്വേതാ മേനോൻ അറിയിച്ചിരുന്നു. വേദിയിൽ കയറിയാണ് ശ്വേത രാജി സന്നദ്ധത അറിയിച്ചത്. പുതിയ ഭരണസമിതി അധികാരത്തിലെത്തി ഒരുവർഷം തികയുന്നതിന് മുന്നേയാണ് ശ്വേതാ മേനോൻ അടക്കമുള്ള പതിനേഴ് അംഗങ്ങളും രാജിവച്ചത്. താൽക്കാലിക ഭരണസമിതിയെ ഉടൻ പ്രഖ്യാപിക്കും.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയിരുന്നു. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗത്തിൽ തർക്കം രൂക്ഷമായത്.
തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. മുതിർന്ന അംഗങ്ങൾ ചേർന്ന് ശ്വേതയെ അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവച്ചത്.