അല്ലു അർജുൻ 
ENTERTAINMENT

'സാറിന്റെ കണ്ണിലേക്ക് നോക്കരുത്, പോക്കറ്റിൽ കയ്യിടരുത്'; അല്ലു അർജുന്റെ '42 നിബന്ധനകൾ'

അല്ലു അർജുന്റെ '42 നിബന്ധനകളാണ്' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം

Author : ന്യൂസ് ഡെസ്ക്

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ '42 നിബന്ധനകളാണ്' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.'സ്വീകൃതി ടോക്സ്' എന്ന പോഡ്കാസ്റ്റിൽ ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് കാവേരി ബറുവ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് എല്ലാത്തിന്റെയും തുടക്കം. അല്ലു അർജുനുമായുള്ള പ്രൊഫഷണൽ ബന്ധത്തെപ്പറ്റി സംസാരിക്കുകയായിരുന്നു കാവേരി. അതിനിടെയാണ് താരവുമായി ഇടപെടുമ്പോൾ '42 നിബന്ധനകൾ' പാലിക്കണം എന്ന് അവർ വെളിപ്പെടുത്തിയത്.

‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങി 42 നിബന്ധനകളാണ് അല്ലു അർജുന്റെ ടീം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കാവേരി ബറുവ പറയുന്നു. ഈ ക്ലിപ്പ് വൈറലായതിനു പിന്നാലെ 'അല്ലു അർജുന്റെ നിബന്ധനകൾ' എന്ന പേരിൽ ഒരു പിആർ നോട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് ഔദ്യോഗികമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഈ പിആർ നോട്ട് പ്രകാരം, അല്ലു അർജുനുമായി ഇടപെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

1. കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്; 'സർ' ശ്രദ്ധിക്കുന്നത് വരെ കാത്തിരിക്കുക.

2. ഒരു സാഹചര്യത്തിലും ശാരീരിക സമ്പർക്കമോ ഹസ്തദാനമോ പാടില്ല.

3. എപ്പോഴും കുറഞ്ഞത് മൂന്നടി ശാരീരിക അകലം പാലിക്കുക.

4. 'സർ' അല്ലെങ്കിൽ 'ഐക്കൺ സ്റ്റാർ' എന്ന് മാത്രമേ അഭിസംബോധന ചെയ്യാവൂ.

5. നിശബ്ദത പാലിക്കണം; ചോദിക്കാതെ സംസാരിക്കരുത്.

6. എല്ലാ കാര്യങ്ങളും മൂന്ന് തലങ്ങളിലുള്ള മാനേജ്‌മെന്റ് (മാനേജർ > ലീഡ് മാനേജർ > ചീഫ് ഓഫ് സ്റ്റാഫ്) വഴി മാത്രം കൈകാര്യം ചെയ്യുക.

7. 'സാറി'ന്റെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള കടും നിറങ്ങൾ ഒഴിവാക്കുക; ന്യൂട്രൽ നിറങ്ങളിലുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കുക.

8. ഫോണുകൾ നിശബ്ദമാക്കി, 'സാർ' കാണാത്ത വിധം മാറ്റി വയ്ക്കണം.

9. കുടുംബത്തെക്കുറിച്ചോ വ്യക്തിപരമായ കാര്യങ്ങളോ ചോദിക്കരുത്.

10. 'സർ' മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ഉടൻ എഴുന്നേറ്റ് നിൽക്കുക.

11. 'സർ' ഇരിക്കുന്നത് വരെ ആരും ഇരിക്കാൻ പാടില്ല.

12. എല്ലാ വിവരങ്ങളും 30 സെക്കൻഡിനുള്ളിൽ അവതരിപ്പിക്കുക; സംസാരം ചുരുങ്ങിയതായിരിക്കണം.

13. അടക്കം പറച്ചിലുകൾ പാടില്ല; സ്വകാര്യ സംഭാഷണങ്ങൾ ഉണ്ടെങ്കിൽ മുറിക്ക് പുറത്ത് പോകുക.

14. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ മറുപടികൾ നയതന്ത്രപരമായിരിക്കണം.

15. സാധാരണ താപനിലയിലുള്ള വെള്ളമോ ഫ്രഷ് തണ്ണിമത്തൻ ജ്യൂസോ മാത്രമേ നൽകാവൂ.

16. സംസ്കരിച്ച ഭക്ഷണങ്ങളോ ജങ്ക് ഫുഡോ പരിസരത്ത് അനുവദിക്കില്ല.

17. ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങളോ ആക്സസറികളോ ഒഴിവാക്കുക.

18. മുറിയിൽ നിന്ന് പുറത്തുപോകുമ്പോൾ 'സാറിന്' നേരെ പുറം തിരിക്കരുത്.

19. ജോലി സമയത്ത് ഓട്ടോഗ്രാഫ്, സെൽഫി എന്നിവ ചോദിക്കുന്ന 'ആരാധകരെപ്പോലെ'യുള്ള പെരുമാറ്റം പാടില്ല.

20. ഷൂട്ടിങ് തുടങ്ങുന്നത് വരെ ക്യാമറ ലെൻസുകൾ മൂടിയിരിക്കണം.

21. ആവശ്യപ്പെടാതെ ക്രിയേറ്റീവ് നിർദേശങ്ങളോ അഭിപ്രായങ്ങളോ നൽകരുത്.

22. സിനിമകളെക്കുറിച്ച് കൃത്യമായി സംസാരിക്കുക; കഥാപാത്രങ്ങളുടെ പേരുകൾ മാറിപ്പോകരുത്.

23. 'സർ' ഡാൻസ് ചെയ്യുമ്പോൾ കൂടെ കൂടരുത്; മിതമായ കൈയടി മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.

24. മറ്റ് ടോളിവുഡ്/ബോളിവുഡ് താരങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

25. സമയം കൃത്യമായി പാലിക്കണം; നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് എത്തണം.

26. 'സർ' സൺഗ്ലാസ് ധരിച്ചിട്ടുണ്ടെങ്കിൽ അതിലൂടെ നോക്കാൻ ശ്രമിക്കരുത്.

27. എല്ലാ രേഖകളും ഫിസിക്കൽ കോപ്പികളായി നൽകണം; ഡിജിറ്റൽ സ്ക്രീനുകൾ ഒഴിവാക്കുക.

28. ചുറ്റുപാടുകൾ തികച്ചും ക്രമീകരിച്ചതും അടുക്കും ചിട്ടയുമുള്ളതുമായിരിക്കണം.

29. 'സാറിന്റെ' മാനറിസങ്ങളോ ആംഗ്യങ്ങളോ അനുകരിക്കാൻ ശ്രമിക്കരുത്.

30. ആക്ഷൻ രംഗങ്ങൾക്ക് 15 മിനിറ്റ് മുമ്പ് 'സാറിനെ' ഏകാന്തതയിൽ വിടണം; ആരും സംസാരിക്കരുത്.

31. 'സാറിന്റെ' പുറകിലായി മാന്യമായ അകലത്തിൽ നടക്കുക; ഒരിക്കലും മുന്നിൽ നടക്കരുത്.

32. കടുപ്പമേറിയ പെർഫ്യൂമുകൾ ഉപയോഗിക്കരുത്; അന്തരീക്ഷത്തിൽ സാധാരണ ഗന്ധം നിലനിർത്തണം.

33. ഒരു പ്രശ്നം അവതരിപ്പിക്കുമ്പോൾ അതിന് സാധ്യമായ രണ്ട് പരിഹാരമാർഗങ്ങൾ കൂടി പറയണം.

34, 'സർ' സംസാരിക്കുമ്പോൾ തടസപ്പെടുത്തരുത്.

35. കൈകൾ എപ്പോഴും പുറത്ത് കാണണം; പോക്കറ്റിൽ ഇടരുത്.

36. ഹിന്ദി മാർക്കറ്റിനെക്കുറിച്ചും പാൻ-ഇന്ത്യൻ കണക്കുകളെക്കുറിച്ചും ശരിയായ ഡാറ്റയോടെ മാത്രം സംസാരിക്കുക.

37. 'സർ' തുടങ്ങിവയ്ക്കാതെ 'മെഗാ' എന്ന പദം ഉപയോഗിക്കരുത്.

38. പെട്ടെന്നുള്ള അനക്കങ്ങളോ ഉച്ചത്തിലുള്ള ശബ്ദങ്ങളോ പാടില്ല.

39. 'സാറിന്റെ' മുന്നിൽ വച്ച് വാച്ചിലോ ഫോണിലോ നോക്കരുത്.

40. ഇരിപ്പിടങ്ങൾ എപ്പോഴും കവാടത്തിന് അഭിമുഖമായി ക്രമീകരിക്കണം.

41. 'സാറുമായി' ബന്ധപ്പെട്ട എല്ലാത്തിലും 'AA സ്റ്റാമ്പ്' ഉണ്ടെന്ന് ഉറപ്പുവരുത്തുക.

42. സാങ്കേതിക തകരാറുകൾ ഉണ്ടെങ്കിൽ അല്ലാതെ 'ഒരു ടേക്ക് കൂടി' ചോദിക്കരുത്.

എന്നാൽ, അല്ലു അർജുന്റെ ടീം ഈ ആരോപണങ്ങൾ നിഷേധിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഇവർ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

അതേസമയം, വെളിപ്പെടുത്തലിന് പിന്നാലെ ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് കാവേരി ബറുവയെ അല്ലു അർജുന്റെ ടീം ഭീഷണിപ്പെടുത്തിയെന്നും ആസൂത്രിതമായി സൈബർ ആക്രമണം നടത്തിയെന്നുംപോഡ്കാസ്റ്റ് അവതാരക സ്വീകൃതി ആരോപിച്ചു. ഭീഷണിയെ തുടർന്നാണ് വിവാദ വീഡിയോ ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തതെന്നും സത്യം വിളിച്ചുപറയുന്നവരെ നിശബ്ദരാക്കാനാണ് ഈ സംഘം ശ്രമിക്കുന്നതെന്നും സ്വീകൃതി ആരോപിച്ചു.

SCROLL FOR NEXT