'ഹാപ്പി' ലൊക്കേഷൻ ചിത്രങ്ങൾ Source: X / Allu Arjun
ENTERTAINMENT

അല്ലു അർജുൻ പ്രേക്ഷകരെ 'ഹാപ്പി' ആക്കിയിട്ട് 20 വർഷങ്ങൾ! ലൊക്കേഷൻ ചിത്രങ്ങളുമായി താരം

2006ൽ പുറത്തിറങ്ങിയ 'ഹാപ്പി' സംവിധാനം ചെയ്തത് എ. കരുണാകർ ആയിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ടോളിവുഡിന്റെ ഐക്കൺ സ്റ്റാർ, ആരാധകരുടെ സ്വന്തം 'ബണ്ണി' അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'ഹാപ്പി' റിലീസായിട്ട് ഇന്നേക്ക് 20 വർഷങ്ങള്‍. തെലുങ്ക് നടനായ അല്ലുവിന് 'ആര്യ'യ്ക്ക് ശേഷം കേരളത്തിൽ നിരവധി ആരാധകരെ നേടിക്കൊടുത്തത് 'ഹാപ്പി' ആയിരുന്നു. തുടർന്നങ്ങോട്ട് മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളുമായാണ് അല്ലു അർജുൻ എത്തിയത്. അങ്ങനെയാണ് നടൻ മലയാളികളുടെ സ്വന്തം 'മല്ലു അർജുനാ'യി മാറിയത്.

"ഹാപ്പി എന്റെ യാത്രയിലെ ഏറ്റവും ആസ്വാദ്യകരമായ ചിത്രങ്ങളിൽ ഒന്നാണ്. ഈ യാത്ര മനോഹരമാക്കിയ എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി," 'ഹാപ്പി' ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് അല്ലു അ‍ർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും താരം നന്ദി രേഖപ്പെടുത്തി.

'ഹാപ്പി'യെ മനസിൽ കണ്ട സംവിധായകൻ എ. കരുണാകരനോടും സഹതാരം ജനീലിയ ഡിസൂസ, മികച്ച പ്രകടനം കാഴ്ചവെച്ച മനോജ് ബാജ്പേയ് എന്നിവരോടും ഹൃദയസ്പർശിയായ ഗാനങ്ങൾ ഒരുക്കിയ യുവൻ ശങ്കർ രാജയോടും നടൻ നന്ദി രേഖപ്പെടുത്തി. ചിത്രത്തിന് കരുത്തായി നിന്ന പിതാവ് അല്ലു അരവിന്ദിനും ഗീതാ ആർട്‌സിനും അല്ലു അർജുൻ നന്ദി അറിയിച്ചു.

2006ൽ പുറത്തിറങ്ങിയ 'ഹാപ്പി' സംവിധാനം ചെയ്തത് എ. കരുണാകരനായിരുന്നു. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു.

അല്ലു അർജുൻ തരംഗം ഏറ്റവും ഒടുവിൽ 'പുഷ്പ ' യിലും 'പുഷ്പ 2'വിലും വരെ എത്തിയിരിക്കുകയാണ്. സിനിമാ ലോകത്ത് 22 വർഷങ്ങൾ പിന്നിട്ടിരിക്കുന്ന അല്ലു അർജുൻ ലോകേഷിനൊപ്പം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'എഎ23'യ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകർ.

SCROLL FOR NEXT